
പാറശാല: ചെങ്കൽ പഞ്ചായത്തിലെ ഗ്രാമീണ റോഡുകളുടെ പുനഃരുദ്ധാരണ പ്രവർത്തനങ്ങൾ അവതാളത്തിലെന്ന് നാട്ടുകാർ. മര്യാപുരം മേലമ്മാകം വാർഡിലെ ചെമ്മാംവിള റോഡിന്റെ പുനഃരുദ്ധാരണ പ്രവർത്തനങ്ങൾക്കായി പദ്ധതികൾ തയ്യാറാക്കിയിരുന്നെങ്കിലും പണി പൂർത്തിയാക്കിയപ്പോൾ പകുതിയായി വെട്ടിച്ചുരുക്കി. ജലജീവൻ പദ്ധതിപ്രകാരം റോഡിൽ പൈപ്പുകൾ സ്ഥാപിക്കുന്നതിനായി കുഴിച്ച കുഴികൾ നികത്തിയശേഷം തകർന്ന ഭാഗം ടാർചെയ്ത് സഞ്ചാരയോഗ്യമാക്കുക എന്ന ലക്ഷ്യത്തോടെ 400 മീറ്റർ റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി എസ്റ്റിമേറ്റ് എടുത്ത് കരാർ ഉറപ്പിച്ചെങ്കിലും 200 മീറ്ററിൽ പണി നിറുത്തിവച്ചു. നിർമ്മാണം നടത്തിയ 200 മീറ്റർ ഭാഗം സ്ഥലത്തെ രണ്ട് ഭൂമാഫിയാസംഘങ്ങൾ വാങ്ങിക്കൂട്ടിയ സ്ഥലങ്ങൾക്ക് മുന്നിലായാണെന്നും അവ വിറ്റുപോകുക എന്ന ലക്ഷ്യത്തോടെയുമാണെന്നാണ് നാട്ടുകാർ പറയുന്നത്.
കുണ്ടുംകുഴികളും നിറഞ്ഞ്
മര്യാപുരം സെന്റ് മേരീസ് സ്‌കൂളിലെ നഴ്‌സറി, എൽ.പി, യു.പി, എച്ച്.എസ് വിഭാഗങ്ങളിലെ 1000ഓളം വിദ്യാർത്ഥികൾക്ക് പുറമെ മര്യാപുരം ഐ.ടി.ഐയിലെ നൂറോളം വിദ്യാർത്ഥികൾക്കും ദിവസേന വന്നുപോകുന്നതിനും 880 കുടുംബങ്ങൾ ഉൾപ്പെടുന്ന മര്യാപുരം എൽ.സി ചർച്ചിൽ എത്തുന്ന വിശ്വാസികൾക്കും യാത്രചെയ്യുന്നതിനുള്ള റോഡാണ് ഇത്തരത്തിൽ അധികാരികളുടെ തിരിമറി നടപടികൾ കാരണം പുനഃരുദ്ധാരണം പാതിവഴിയിൽ നിറുത്തിവച്ച നിലയിലും കുണ്ടുംകുഴികളും നിറഞ്ഞതിനെ തുടർന്ന് സഞ്ചാരയോഗ്യമല്ലാത്ത നിലയിലും അവശേഷിക്കുന്നത്.
പരാതിപ്പെട്ടിട്ടും നടപടിയില്ലാതെ
പഞ്ചായത്തിൽ നടപ്പാക്കിയ ഗ്രാമീണ കുടിവെള്ള പദ്ധതികളുമായി ബന്ധപ്പെട്ട് പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്നതിനായി വെട്ടിപ്പൊളിച്ച റോഡുകൾ കോൺക്രീറ്റ് ചെയ്തോ ടാർ ചെയ്തോ സഞ്ചാരയോഗ്യമാക്കുക,ഇലക്ട്രിക്ക് പോസ്റ്റുകളിൽ സ്ഥാപിച്ചിട്ടുള്ള കേടായ തെരുവ് വിളക്കുകൾ മാറ്റി സ്ഥാപിക്കുക,പുനഃരുദ്ധാരണ പ്രവർത്തനങ്ങൾ നാട്ടുകാർക്ക് പ്രയോജനകരമാകത്തക്കവണ്ണം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് നാട്ടുകാർ നിരാഹാരസമരം ഉൾപ്പെടെ നടത്തിയെങ്കിലും അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |