വിതുര: ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ അനുവദിച്ച ഡയാലിസിസ് യൂണിറ്റിന് ശാപമോക്ഷം. ഒരു വർഷം മുൻപ് നിർമ്മാണപ്രവർത്തനങ്ങൾ ഏറക്കുറെ പൂർത്തിയായെങ്കിലും ഉദ്ഘാടനം അനന്തമായി നീളുകയായിരുന്നു. ജില്ലാപഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള ആശുപത്രിയിൽ ആറ് വർഷം മുൻപാണ് ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന വി.കെ.മധു ഡയാലിസിസ് സെന്റർ അനുവദിച്ചത്. ആദിവാസി,പിന്നാക്ക വിഭാഗങ്ങൾ ധാരാളമുള്ള പഞ്ചായത്തുകളാണ് വിതുരയും തൊളിക്കോടും. കിഡ്നി സംബന്ധമായ അസുഖമുള്ള രോഗികളും പ്രമേഹരോഗികളും ധാരാളമുണ്ട്. ഇവർ നിലവിൽ മെഡിക്കൽകോളേജ് ആശുപത്രിയിലോ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലോ പേരൂർക്കട ആശുപത്രിയിലോ എത്തിയാണ് ഡയാലിസിസ് നടത്തുന്നത്. ഇതുമൂലം ചികിത്സയ്ക്കുപോലും പണമില്ലാത്ത രോഗികൾ നട്ടംതിരിയേണ്ട അവസ്ഥയായിരുന്നു. ഡയാലിസിസ് യൂണിറ്റിന്റെ നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയായെങ്കിലും നിശ്ചിതസമയത്ത് ഉദ്ഘാടനം നടത്തിയില്ല. ഇതുസംബന്ധിച്ച് ആരോഗ്യവകുപ്പ് മന്ത്രിക്കും എം.പിക്കും, എം.എൽ.എയ്ക്കും അനവധി തവണ പരാതികൾ നൽകിയെങ്കിലും നടപടികൾ സ്വീകരിച്ചില്ല. രോഗികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടും ഡയാലിസിസ് യൂണിറ്റ് തുറക്കേണ്ട ആവശ്യകതയും ചൂണ്ടിക്കാട്ടി കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആശുപത്രിയുടെ പ്രവർത്തനത്തിൽ അപാകതയുള്ളതായി ആക്ഷേപം ഉയർന്നതിനെ തുടർന്ന് ആരോഗ്യമന്ത്രി വീണാജോർജ് ആശുപത്രിയിൽ രണ്ട് വർഷം മുൻപ് മിന്നൽ സന്ദർശനവും നടത്തി. എന്നാൽ നടപടികളൊന്നുമുണ്ടായില്ല.
പരാതികളേറെ
കമ്മ്യൂണിറ്റിഹെൽത്ത് സെന്ററായിരുന്ന വിതുര ആശുപത്രിയെ ഒമ്പത് വർഷം മുൻപ് യു.ഡി.എഫ് സർക്കാരിന്റെ കാലത്താണ് താലൂക്ക് ആശുപത്രിയായി ഉയർത്തിയത്. നിലവിൽ താലൂക്ക് ആശുപത്രിയാണെങ്കിലും പ്രവർത്തനങ്ങൾ പഴയ പടിയിലാണെന്നാണ് നാട്ടുകാരുടെ പരാതി. താലൂക്ക് ആശുപത്രിക്ക് ആവശ്യമായ ഡോക്ടർമാരെയും സ്റ്റാഫ് നഴ്സുമാരെയും മറ്റ് ജീവനക്കാരെയും ഇതുവരെ നിയമിച്ചിട്ടില്ല. വിതുര,തൊളിക്കോട്,നന്ദിയോട്,പെരിങ്ങമ്മല,ആര്യനാട് പഞ്ചായത്തുകളിൽനിന്നുള്ള നൂറുകണക്കിന് പേർ ഈ ആതുരാലയത്തിൽ നിത്യവും ചികിത്സ തേടിയെത്താറുണ്ട്. എന്നാൽ രോഗികൾക്ക് മതിയായ ചികിത്സ ലഭ്യമാക്കുന്നില്ലെന്ന പരാതിയുമുണ്ട്.
ഉദ്ഘാടനം തിങ്കളാഴ്ച
വിതുര ഗവൺമെന്റ് താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിന്റെയും ജില്ലാപഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് നിർമ്മിച്ച പുതിയമന്ദിരത്തിന്റെയും ഉദ്ഘാടനം 24ന് രാവിലെ 11ന് ആരോഗ്യവകുപ്പ് മന്ത്രി വീണാജോർജ് നിർവഹിക്കും. ജി.സ്റ്റീഫൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ്‌കുമാർ സ്വാഗതം പറയും. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ഷൈലജാബീഗം,വിതുര പഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷാആനന്ദ്, ജില്ലാപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ വി.ആർ.സലൂജ,എസ്.സുനിത,എം.ജലീൽ,വിളപ്പിൽരാധാകൃഷ്ണൻ, സോഫിതോമസ്, എ.മിനി, ആർ.സുഭാഷ്, അൻസജിതറസൽ,മുൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു,വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.എൽ.കൃഷ്ണകുമാരി,കൊപ്പം വാർഡ്മെമ്പർ നീതുരാജീവ്,ഡി.എം.ഒ ഡോ.ബിന്ദുമോഹൻ, ഡോ.എസ്.അനോജ്,ഡോ.ടി.കണ്ണൻ തുടങ്ങിയവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |