
കായംകുളം: കായംകുളത്ത് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ വീട്ടമ്മയെ കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായതോടെ ഭർത്താവിനെ പൊലീസ് അറസ്റ്റുചെയ്‌തു.
കൃഷ്‌ണപുരം കാപ്പിൽ മേക്ക് മുറിയിൽ ശ്രീനിലയം വീട്ടിൽ രാജേശ്വരിഅമ്മ (48) തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവ് ശ്രീവത്സൻപിള്ളയെയാണ് (58) കായംകുളം പൊലീസ് പിടികൂടിയത്. 20ന് വെളുപ്പിന് 4ന് വാടകവീടായ പുള്ളിക്കണക്ക് പത്മവിലാസം വീടിന്റെ അടുക്കളയിലായിരുന്നു സംഭവം. അസ്വാഭാവിക മരണത്തിന് രജിസ്റ്റർ ചെയ്‌ത കേസിൽ വിശദ അന്വേഷണം നടത്തിയപ്പോഴാണ് കൊലപാതകമായിരുന്നെന്ന് വ്യക്തമായത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: സാമ്പത്തിക ബാദ്ധ്യതയെ തുടർന്ന് ഇരുവരും ജീവനൊടുക്കുന്നതിനെപ്പറ്റി സംസാരിച്ചിരുന്നു. രാജേശ്വരിഅമ്മ തൂങ്ങിമരിച്ചശേഷം താനും തൂങ്ങുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ശ്രീവത്സൻപിള്ള സാരിയുടെ ഒരറ്റം മേൽക്കൂരയിലെ ഇരുമ്പു കമ്പിയിൽ കെട്ടിയശേഷം മറ്റേ അറ്റം ഭാര്യയുടെ കഴുത്തിലിട്ടത്. കുരുക്ക് മുറുകി ഇവർ മരിച്ചതോടെ സ്‌കൂട്ടറിൽ രക്ഷപ്പെട്ട ശ്രീവത്സൻപിള്ളയെ വെട്ടിക്കോട് ഷാപ്പിൽ നിന്നുമാണ് പൊലീസ് പിടികൂടിയത്.
കായംകുളം ഡിവൈ.എസ്.പി ബാബുക്കുട്ടന്റെ മേൽനോട്ടത്തിൽ സി.ഐ അരുൺ ഷായുടെ നേതൃത്വത്തിൽ എസ്.ഐമാരായ സുരേഷ്,വിനോദ്,എ.എസ്.ഐ ജയലക്ഷ്‌മി,സി.പി.ഒമാരായ രെജി,സജീവ് കുമാർ,ലിമു മാത്യു,റെജിൻ,അരുൺ,ദിവ്യ,അതുല്യ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്‌തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |