
തിരുവനന്തപുരം: കടുത്ത ചൂട് കാരണം പശുക്കളിൽ പാലുത്പാദനം കുറയാൻ സാദ്ധ്യത. സൂര്യാഘാതം കാരണം ആരോഗ്യപ്രശ്നങ്ങളുമുണ്ടായേക്കും. ആവശ്യത്തിന് പച്ചപ്പുല്ല് കിട്ടാത്തത് കാരണമുള്ള ഭക്ഷണക്കുറവും പ്രതികൂലമാകും.
ചൂട് കാരണം ശരീരസമ്മർദ്ദം കൂടുകയും പ്രതിരോധശേഷി കുറയ്ക്കുകയും ചെയ്യും. കിതപ്പ്, വായിൽ നിന്ന് പത വരിക, ഹൃദയമിടിപ്പ് ഉയരുക, തീറ്റയെടുക്കൽ കുറയുക, അമിത ദാഹം എന്നിവയ്ക്കും സാദ്ധ്യതയുണ്ട്. ശ്രദ്ധിച്ചില്ലെങ്കിൽ മരണം വരെയുണ്ടായേക്കാം. രാവിലെയും വൈകിട്ടുമായി ഖരാഹാരം / കാലിത്തീറ്റ എന്നിവയും രാത്രിയിൽ വൈക്കോലും മാത്രമായി പരിമിതപ്പെടുത്തണം. ധാതുലവണ മിശ്രിതം, അപ്പക്കാരം, വിറ്റാമിൻ എ, ഉപ്പ്, പ്രോബയോട്ടിക്‌സ് എന്നിവ ഡോക്ടറുടെ നിർദ്ദേശപ്രകാരം തീറ്റയിൽ ഉൾപ്പെടുത്തണം.
കാലികളുടെ വേനൽക്കാല തീറ്റ ക്രമീകരണത്തിലും പരിപാലനത്തിനുമായി ബോധവത്‌കരണ ക്ലാസിനും പഞ്ചായത്ത് തലത്തിൽ ആക്ഷൻ പ്ലാൻ തയ്യാറാക്കാനും മൃഗസംരക്ഷണവകുപ്പ് ആലോചിക്കുന്നുണ്ട്. നായ്‌ക്കൾ, പൂച്ച, കിളികൾ എന്നിവയെ കാറിൽ അടച്ചിട്ടു കൊണ്ടുപോകുന്നതും സൂര്യാഘാതത്തിനിടയാക്കും.വളർത്തു മൃഗങ്ങളുടെ യാത്ര രാവിലെയും വൈകിട്ടുമായി പരിമിതപ്പെടുത്തണം.
വായു സഞ്ചാരമുള്ള തൊഴുത്ത് വേണം
രാവിലെ 9മുതൽ വൈകിട്ട് 5വരെ തുറസായ സ്ഥലത്ത് കെട്ടരുത്
തണുത്ത കുടിവെള്ളം ലഭ്യമാക്കണം (കറവപ്പശുക്കൾക്ക് ദിവസം 80-100 ലിറ്റർ)
പച്ചപ്പുല്ല്, ഈർക്കിൽ മാറ്റിയ പച്ചഓല, പനയോല എന്നിവ നൽകണം
വായു സഞ്ചാരമുള്ള തൊഴുത്തും ഫാനും നിർബന്ധം
മേൽക്കൂരയ്ക്ക് മുകളിൽ പച്ചക്കറി പന്തലോ നനച്ച ചാക്കോ ഇടണം
സൂര്യാഘാതം ലക്ഷണങ്ങൾ
1. തളർച്ച, ഭക്ഷണം വേണ്ടായ്ക, പനി, നുരയുംപതയും വരൽ, വായതുറന്ന ശ്വസനം, പൊള്ളിയപാടുകൾ
2. വിദഗ്ദ്ധ ചികിത്സ നൽകണം. വെള്ളം നനച്ച് നന്നായി തുടയ്ക്കണം. ധാരാളം വെള്ളം നൽകണം.
'രോഗലക്ഷണം കണ്ടാൽ വെറ്ററിനറി ഡിസ്‌പെൻസറിയിൽ ചികിത്സ തേടണം''.
- ഡോ. ഡി. ഷൈൻ കുമാർ, അസി.ഡയറക്ടർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |