വെള്ളറട: വേനൽ കടുത്തു, മലയോരത്തെ ചെറുനീരുറവകളും അരുവികളും വറ്റിവരണ്ടു, കുടിവെള്ളക്ഷാമത്തിന്റെ പിടിയിലായി ജനം. സ്വന്തമായി കുടിവെള്ള പദ്ധതികളൊന്നുമില്ലാത്ത മലയോര പഞ്ചായത്തായ വെള്ളറടയിൽ മലയടിവാരങ്ങളിലും കുന്നുകൾക്കുമുകളിലും താമസിക്കുന്നവരാണ് കൂടുതലായി കുടിവെള്ളത്തിന് ബുദ്ധിമുട്ടുന്നത്.
മഴയത്ത് നീരുറവകളിൽ കെട്ടിക്കിടന്ന വെള്ളമെല്ലാം വേനൽ ശക്തമായതോടെ വറ്റിവരണ്ടു. കുടിവെള്ളത്തിനായി ജനം കിലോമീറ്ററുകൾ കാൽനടയായി സഞ്ചരിക്കേണ്ട അവസ്ഥയാണ്.
വേനൽ ശക്തമാകുന്നതോടെ കടുത്ത കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന അവസ്ഥയാണിപ്പോൾ. ചെറുകിട ജലപദ്ധതികൾ ഉണ്ടെങ്കിലും മിക്കവയും പ്രവർത്തന രഹിതമാണ്. യഥാസമയം അറ്റകുറ്റപ്പണികൾ ചെയ്യാതെയും വൈദ്യുതബില്ലുകൾ കെട്ടാതെയും ചെറുകിട ജലവിതരണ പദ്ധതികളുടെ പ്രവർത്തനം നിലച്ചിരിക്കുകയാണ്.
പദ്ധതികളെല്ലാം അവതാളത്തിൽ
വെള്ളറടയിൽ വർഷങ്ങൾക്കു മുമ്പ് ആരംഭിച്ച കുടിവെള്ള വിതരണ പദ്ധതി ഏതാനും വർഷങ്ങൾക്കു മുമ്പാണ് ഉപേക്ഷിച്ചത്.
ലോകബാങ്കിന്റെ സഹായത്തോടെ കാളിപ്പാറയിൽ ആരംഭിച്ച വൻകിട പദ്ധതിയിൽ നിന്നും വെള്ളറട, അമ്പൂരി, ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തുകളിൽ മുഴുവൻ ശുദ്ധജലവിതരണം നടത്താമെന്ന പ്രതീക്ഷയാണ് ഉണ്ടായിരുന്നത്. ഇതുകാരണം പഞ്ചായത്തുകളിൽ സ്വന്തമായി ഉണ്ടായിരുന്ന കുടിവെള്ള പദ്ധതികൾ പാടേ ഉപേക്ഷിച്ചു. എന്നാൽ കാളിപ്പാറയിൽ നിന്നുള്ള ജലവിതരണം തുടങ്ങിയെങ്കിലും വെള്ളറട പഞ്ചായത്തിലെ വെള്ളറട ടൗണിലും ആനപ്പാറയിലും ശുദ്ധജലം ഇതുവരെയും എത്തിയിട്ടില്ല.
ശുദ്ധജലമെത്തിക്കണം
കാളിപ്പാറയിൽ നിന്നും പമ്പ് ചെയ്യുന്ന ജലം അമ്പൂരിയിലെ സംഭരണിയിൽ ശേഖരിച്ചാണ് വിതരണം ചെയ്യുന്നത്. എന്നാൽ പദ്ധതിയുടെ പ്രയോജനം പഞ്ചായത്തുകൾക്കു മുഴുവൻ ലഭ്യമാക്കാൻ കഴിയാത്ത സാഹചര്യത്തിൽ പഞ്ചായത്തുകളിൽ സ്വന്തമായി കുടിവെള്ള പദ്ധതികൾ തുടങ്ങണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. താൽക്കാലികമായെങ്കിലും കടുത്ത വേനലിൽ ടാങ്കർ ലോറികളിൽ ശുദ്ധജല വിതരണത്തിനുള്ള നടപടികൾ അടിയന്തരമായി ഉണ്ടായില്ലെങ്കിൽ ജനം ശുദ്ധജലമില്ലാതെ വലയും.
പന്നിമല,വെള്ളറട ടൗണിലെ ചില ഭാഗങ്ങൾ, കത്തിപ്പാറ, ശങ്കിലി, മുള്ളലുവിള എന്നിവിടങ്ങളിലാണ്
ജലക്ഷാമം രൂക്ഷമായിരിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |