
വിഴിഞ്ഞം: തമിഴ്നാട്ടിലെ പിടികിട്ടാപ്പുള്ളിയെ മോഷണക്കേസിൽ വിഴിഞ്ഞം പൊലീസ് അറസ്റ്റുചെയ്തു. പരശുവയ്ക്കൽ ഇടിച്ചക്കപ്ലാമൂട് സ്വദേശി അഞ്ചുരൂപ പിള്ളയെന്ന മുഹമ്മദ് ഷാഫിയാണ് (38) പിടിയിലായത്. തിങ്കളാഴ്ച മെത്ത വിൽക്കാനെന്ന വ്യാജേന കടയ്ക്കുളം നെല്ലിവില തങ്കത്തിന്റെ (68) വീട്ടിലെത്തി രണ്ട് പവന്റെ മാല ഊരിക്കൊണ്ടുപോയ കേസിലാണ് അറസ്റ്റ്.
മോഷ്ടിച്ച സ്വർണം വിൽക്കാൻ സഹായിച്ച കേസിൽ ഇടിച്ചക്കപ്ലാമൂട് സ്വദേശി ഇർഷാദിനെയും (40) അറസ്റ്റു ചെയ്തു.
മെത്ത വിൽക്കാനായി നിരവധി വീടുകളിൽ കയറിയ ശേഷമാണ് വൃദ്ധയുടെ വീട്ടിലുമെത്തുന്നത്. വയ്യാതെ കിടക്കുകയായിരുന്ന ഇവരുടെ മാല ഊരിയെടുക്കുകയായിരുന്നു. സി.സി ടിവി ദൃശ്യം കാണിച്ചുള്ള പൊലീസ് അന്വേഷണത്തിൽ മറ്റൊരു മെത്തക്കച്ചവട സംഘമാണ് പ്രതിയെക്കുറിച്ചുള്ള ചില സൂചനകൾ നൽകിയത്.
തുടർന്ന് ഇടിച്ചക്കപ്ലാമൂട് - നാഗർകോവിൽ പ്രദേശങ്ങളിലെ മെത്തക്കടകളിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചത്. ഒടുവിൽ ഇയാളുടെ സുഹൃത്തായ ഓട്ടോഡ്രൈവറെ ചോദ്യം ചെയ്താണ് പ്രതിയിലേക്ക് എത്തിയത്. തമിഴ്നാട്ടിൽ 30ഓളം കേസുകളിൽ പ്രതിയായ ഇയാൾ പിടികിട്ടാപ്പുള്ളിയായിരുന്നു. വിഴിഞ്ഞം എസ്.എച്ച്.ഒ ആർ.പ്രകാശിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ പ്രശാന്ത്,ദിനേശ്,എസ്.സി.പി.ഒമാരായ അലക്സ് ബെൻ,സതീഷ്,അജേഷ്,അരുൺ.പി.മണി,ഹോം ഗാർഡ് സുനിൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |