SignIn
Kerala Kaumudi Online
Thursday, 22 October 2026 5.07 PM IST

കാട്ടുപന്നികൾ റോഡുകളിൽ അപകടങ്ങൾ പതിവ്

കല്ലറ: കാട്ടുപന്നികൾ റോഡിന് കുറുകെചാടി അപകടങ്ങൾ വർദ്ധിക്കുന്നത് പതിവാകുന്നു. വനമേഖലയിലൂടെ കടന്നു പോകുന്ന കല്ലറ-പാലോട് റോഡിലാണ് കാട്ടുപന്നിയിടിച്ചുള്ള അപകടങ്ങൾ വർദ്ധിക്കുന്നത്. മുൻപ് രാത്രി മാത്രമായിരുന്നു ശല്യമെങ്കിൽ ഒരുമാസമായി പകലും വ്യപകമായി കാട്ടുപന്നികൾ റോഡിലേക്ക് ഇറങ്ങുകയാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ 15 അപകടങ്ങൾ നടന്നു. ഒട്ടുമിക്ക അപകടങ്ങവും നടന്നത് ഭരതന്നൂർ-പാലോട് റോഡിലാണ്. ഇതിൽ പകുതിയും പകൽസമയത്തായിരുന്നു. 3 അപകടങ്ങളിലായി 3 കാട്ടുപന്നികൾ ചത്തു. അപകടത്തിൽപ്പെട്ടവരെല്ലാം ബൈക്ക് യാത്രികരാണ്. കല്ലറ–പാലോട് റോഡിൽ വനമേഖല ആരംഭിക്കുന്നത് ഭരതന്നൂർ ഗാർഡ് സ്റ്റേഷൻ മുതലാണ്. തുടർന്ന് 7 കിലോമീറ്റർ വനമേഖലയിലൂടെ സഞ്ചരിച്ചാണ് പാലോടെത്തുന്നത്. ഇതിൽ ഗാർഡ് സ്റ്റേഷൻ മുതൽ മൈലമൂട് വരെ റോഡിന്റെ ഒരുവശം സ്വകാര്യ ഭൂമിയും ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലവുമാണ്. വിവിധ വികസന പദ്ധതികൾക്ക് പ്രത്യേക ഫണ്ട് അനുവദിക്കുന്ന അധികൃതർ കാട്ടുപന്നികളുടെ ആക്രമണത്തിൽ ജനങ്ങളുടെ ജീവന് ഭീഷണിയായ സ്ഥലങ്ങളിൽ റോഡിന്റെ വശങ്ങളിൽ സുരക്ഷാവേലി നിർമ്മിക്കാൻ തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

മാലിന്യം തള്ളുന്നു

മൈലമൂട് മുതൽ പാലോട് വരെ റോഡിന്റെ ഇരുവശവും വനമാണ്.കാട്ടുപന്നിയെക്കൂടാതെ കാട്ടുപോത്ത്, മ്ലാവ് എന്നിവയുടെ ശല്യവും ഈ ഭാഗങ്ങളിൽ രൂക്ഷമാണ്.വനമേഖലയിലെ റോഡുവക്കിൽ വൻതോതിൽ ആഹാരാവശിഷ്ടം അടക്കമുള്ള മാലിന്യം തള്ളുന്നത് പതിവാണ്.മൈലമൂട് ഫോറസ്റ്റ് ബീറ്റ് ഓഫീസിന്റെ 20 മീറ്റർ അകലെ മുതൽ പാണ്ഡ്യൻപാറ വരെ ഹോട്ടലിൽ നിന്നും മറ്റ് സ്ഥാപനങ്ങളിൽ നിന്നുമുള്ള വിവിധതരം മാലിന്യങ്ങൾ വൻതോതിൽ നിക്ഷേപിക്കുന്നു. ഈ മാലിന്യം ഭക്ഷിക്കാൻ വ്യാപകമായാണ് കാട്ടുപന്നികളെത്തുന്നത്.

നിയമങ്ങളുണ്ടെങ്കിലും നടപടിയില്ല

മാലിന്യം വനത്തിൽ ഉപേക്ഷിക്കുന്നതിനെതിരെ സർക്കാർ നിയമങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ബന്ധപ്പെട്ടവർ മാലിന്യം കൊണ്ടുവരുന്ന വാഹനങ്ങളെ കണ്ടെത്താനോ നിയമനടപടി സ്വീകരിക്കാനോ തയാറാകുന്നില്ല.റോഡിന്റെ വശത്ത് മാലിന്യം തള്ളുന്നത് നിയന്ത്രിച്ചാൽ ഒരു പരിധിവരെ കാട്ടുപന്നികളുടെയും തെരുവുനായ്ക്കളുടെയും ശല്യം ഒഴിവാക്കാൻ കഴിയും. കല്ലറ–പാലോട് റോഡിൽ ഗാർഡ് സ്റ്റേഷൻ മുതൽ പാലോട് വരെ സുരക്ഷാവേലി നിർമ്മിച്ചാൽ റോഡിലേക്ക് കാട്ടുപന്നികൾ ചാടുന്നത് ഒഴിവാക്കാൻ കഴിയുമെന്നും യാത്രക്കാർ അപകടത്തിൽപ്പെടുന്നത് നിയന്ത്രിക്കാൻ കഴിയുമെന്നും നാട്ടുകാർ പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL