തിരുവനന്തപുരം: പോസ്റ്റ് ഓഫീസ് വഴി പാഴ്സലായെത്തിയ 920 ഗ്രാം കഞ്ചാവ് എക്സൈസ് സംഘം പിടികൂടി.ഇന്നലെ രാവിലെ 8ഓടെ കിഴക്കേക്കോട്ട പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ തെക്കേ നടയിലുള്ള പോസ്റ്റ് ഓഫീസിലാണ് പാഴ്സൽ എത്തിയത്. മേഘാലയയിലെ മാവിലായ് പോസ്റ്ര് ഓഫീസിൽ നിന്നാണ് പാഴ്സൽ അയച്ചിരിക്കുന്നത്.വലിയ പാഴ്സൽ ബോക്സിനുള്ളിൽ കുട്ടികളുടെ സ്നഗ്ഗി ബാഗുകൾക്കുള്ളിൽ 200 ഗ്രാമുകളുടെ 5 ചെറുപായ്ക്കറ്രുകളാക്കിയാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്.നാലു ദിവസം മുൻപ് എറണാകുളത്ത് പാഴ്സലായെത്തിയ 10 ഗ്രാം എം.ഡി.എം.എ അവിടുത്തെ റേഞ്ച് എക്സൈസ് സംഘം പിടികൂടിയിരുന്നു.ഈ കേസിൽപ്പെട്ട് എറണാകുളത്ത് റിമാൻഡിൽ കഴിയുന്ന പ്രതിയെ ചോദ്യം ചെയ്തപ്പോഴാണ് തിരുവനന്തപുരത്തും പാഴ്സൽ എത്താൻ സാദ്ധ്യതയുള്ള വിവരം ലഭിച്ചത്.തുടർന്ന് ഈ വിവരം എക്സൈസ് സംഘം തിരുവനന്തപുരത്തെ പാഴ്സൽ ഓഫീസുകളെ അറിയിച്ചിരുന്നു. ഇതേതുടർന്ന് കിഴക്കേക്കോട്ടയിലെത്തിയ പാഴ്സലിൽ സംശയം തോന്നിയ പോസ്റ്റൽ വകുപ്പ് അധികൃതർ തിരുവനന്തപുരം എക്സൈസിനെ വിവരമറിയിക്കുകയായിരുന്നു. ഇവരെത്തി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.പാഴ്സലിൽ അതുൽ കൃഷ്ണ,പേരൂർക്കട ലോ കോളേജിനടുത്ത് വിജയ് നിവാസ് എന്ന അഡ്രസാണ് നൽകിയിരുന്നത്. മൊബൈൽ നമ്പരും നൽകിയിരുന്നു.അന്വേഷണത്തിൽ എറണാകുളത്ത് അറസ്റ്റിലായ തിരുവനന്തപുരം സ്വദേശിയായ അതുൽകൃഷ്ണയുടെ പേരൂർക്കടയിലുള്ള അഡ്രസാണിതെന്ന് കണ്ടെത്തി. ഇതിന് മുൻപും ഇതേ അഡ്രസിലേക്ക് വ്യത്യസ്തമായ ഫോൺ നമ്പരുകൾ കൊടുത്ത് പാഴ്സൽ ഡെലിവറിയായി വാങ്ങിയിരുന്നതായും തെളിഞ്ഞു.
തിരുവനന്തപുരം എക്സൈസ് സംഘം എറണാകുളത്ത് നിന്ന് പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും.തിരുവനന്തപുരം സ്പെഷ്യൽ എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ഷാജഹാൻ,അസി.എക്സൈസ് ഇൻസ്പെക്ടർ രാജേഷ് കുമാർ,സിവിൽ എക്സൈസ് ഓഫീസർമാരായ ആരോമൽ രാജൻ,നന്ദകുമാർ,ശരത്,വനിത എക്സൈസ് ഓഫീസർ ഷൈനി,ഡ്രൈവർ ആന്റോ എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |