
തിരുവനന്തപുരം: 'ഗർഭിണി ആയിരുന്നപ്പോഴും പൊങ്കാലയ്ക്ക് കലങ്ങൾ വിൽക്കാനെത്തുമായിരുന്നു. അതിനെക്കാൾ വലുതല്ലല്ലോ ഒരു വേദനയും..."കിഴക്കേകോട്ടയിൽ പൊങ്കാലക്കലങ്ങൾ വിൽക്കുന്ന 62കാരി സുകുമാരി അമ്മയുടെ മുഖത്ത് ആറ്റുകാലമ്മയോടുള്ള അകളങ്കമായ ഭക്തി തുടിച്ചു. 38 വർഷങ്ങളായി സുകുമാരി പൊങ്കാലയ്ക്ക് കലങ്ങൾ വിൽക്കാനെത്തുന്നുണ്ട്. ശാരീരിക അവശതകളുണ്ടെങ്കിലും ഇക്കുറിയും പതിവ് തെറ്റിച്ചിട്ടില്ല. നെയ്യാറ്റിൻകര സ്വദേശിയായ സുകുമാരിയുടെ വീട്ടിലും പരിസരപ്രദേശങ്ങളിലും പണ്ട് കലങ്ങൾ നിർമ്മിക്കുമായിരുന്നു. ഇപ്പോൾ മണ്ണിന്റെ ഉൾപ്പെടെ ക്ഷാമം കാരണം കലങ്ങൾ നാട്ടിൽ നിർമ്മിക്കാറില്ല. അമ്മയുടെ കൈപിടിച്ച് കുട്ടിക്കാലത്ത് തന്നെ സുകുമാരി കലങ്ങൾ വിൽക്കാനെത്തിയിരുന്നു. വിവാഹശേഷവും അമ്മയുടെ മരണശേഷവും വില്പന തുടർന്നു. ആദ്യം ഗർഭിണിയായപ്പോൾ ആറുമാസം വരെ കച്ചവടത്തിനെത്തി. ക്ഷീണവും നോവുമൊന്നും അറിഞ്ഞില്ല. ആറ്റുകാലമ്മയെ വിളിച്ച് കിട്ടിയ ആ മകന് ഇന്ന് മുപ്പത് വയസായി. രണ്ടാമത് ഗർഭിണിയായപ്പോഴും ആദ്യ മകന്റെ കൈപിടിച്ച് കലങ്ങൾ വിൽക്കാനെത്തി. ഇപ്പോൾ നാഗർകോവിലിൽ നിന്നാണ് കലങ്ങൾ വിലയ്ക്കെടുക്കുന്നത്. 25 രൂപയുടെ കലം മുതൽ മുക്കാൽ കിലോ അരിയിടാൻ പറ്റുന്ന 250 രൂപയുടെ കലം വരെ വിൽക്കുന്നുണ്ട്. മറ്റ് ജില്ലകളിൽ നിന്ന് പൊങ്കാലയ്ക്ക് എത്തുന്നവർ പ്രസാദം കൊണ്ടുപോകാനുള്ള സൗകര്യത്തിന് ചെറിയ കലങ്ങളാണ് വാങ്ങുന്നത്.
ഇക്കുറി വീട്ടിൽ
ഒരു പൊങ്കാല പോലും സുകുമാരിഅമ്മ മുടക്കിയിട്ടില്ല. എന്തൊക്കെ തടസമുണ്ടായാലും പൊങ്കാലസമയത്ത് ദേവീകടാക്ഷം പോലെ എല്ലാം മാറും. ഉത്സവം തുടങ്ങുന്നതു മുതൽ പൊങ്കാലദിവസം വരെ കലങ്ങൾ വാങ്ങാൻ ആവശ്യക്കാരെത്തും. കച്ചവടം കഴിയുമ്പോൾ ആകെ വിയർക്കും. തിരിച്ച് വീട്ടിലെത്തി കുളിച്ച് പൊങ്കാലയ്ക്ക് മടങ്ങിയെത്താനുള്ള ബുദ്ധിമുട്ട് കാരണം ചിലവർഷങ്ങളിൽ പൊങ്കാല വീട്ടിലാക്കും. ഇക്കുറി നെയ്യാറ്റിൻകരയിലെ വീടിന് സമീപമുള്ള ക്ഷേത്രത്തിലും ഉത്സവം നടക്കുകയാണ്. അതിനാൽ വീട്ടിലാവും പൊങ്കാല നേർച്ച.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |