
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം കമ്മിഷൻ ചെയ്യും മുൻപേ നാലുലക്ഷം കണ്ടെയ്നർ നീക്കം നടത്തി കരുത്ത് തെളിയിച്ചു. 202കപ്പലുകൾ ഇതുവരെയെത്തി. ട്രയൽറൺ സമയത്ത് ഒന്നരലക്ഷം കണ്ടെയ്നറുകളും ഡിസംബർ മൂന്നിനുശേഷമുള്ള വാണിജ്യ ഓപ്പറേഷൻ കാലത്ത് രണ്ടരലക്ഷം കണ്ടെയ്നറുകളുമാണ് തുറമുഖം കൈകാര്യം ചെയ്തത്. ആദ്യഘട്ടം കമ്മിഷൻ ചെയ്യുമ്പോൾ 10ലക്ഷം കണ്ടെയ്നറുകൾ കൈകാര്യം ചെയ്യാനുള്ള ശേഷിയുണ്ടാവും. തുറമുഖത്തിന്റെ രണ്ടും മൂന്നും നാലും ഘട്ടങ്ങൾ 2028 ഡിസംബറിൽ പൂർത്തിയാകുന്നതോടെ തുറമുഖശേഷി പ്രതിവർഷം 45 ലക്ഷം കണ്ടെയ്നറുകളായി ഉയരും.
കണ്ടെയ്നർ ബിസിനസിലൂടെ ഇതുവരെ സംസ്ഥാന സർക്കാരിന് 40കോടി ജി.എസ്.ടിയായി ലഭിച്ചിട്ടുണ്ട്. ഇത്രയും തുക കേന്ദ്രത്തിനും ലഭിച്ചു.വിഴിഞ്ഞം തുറമുഖ കമ്പനിക്ക് 202കോടി രൂപയാണ് വരുമാനം. ഒരു കപ്പൽ വന്നുപോവുമ്പോൾ ശരാശരി ഒരുകോടി രൂപ തുറമുഖ കമ്പനിക്ക് ലഭിക്കും. ചരക്കിറക്കുമ്പോൾ അതിന്റെ മൂല്യത്തിന്മേലുള്ള ഐ.ജി.എസ്.ടിയുടെ പകുതി സംസ്ഥാനത്തിനാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |