SignIn
Kerala Kaumudi Online
Thursday, 22 October 2026 11.44 PM IST

കുടിനീര് തേടി വന്യമൃഗങ്ങൾ കാടിറങ്ങുന്നു

വിതുര: കടുത്ത വേനലിൽ കാട്ടിലെ നീരുറവകളെല്ലാം വറ്റിവരണ്ടതോടെ വന്യമൃഗങ്ങൾ നാട്ടിലിറങ്ങുന്നത് ഭീതി പരത്തുന്നു. വിതുര, തൊളിക്കോട്, പെരിങ്ങമ്മല നിവാസികൾ രണ്ടാഴ്ചയായി ആനപ്പേടിയിലാണ് കഴിയുന്നത്. വേനൽ കടുത്തതോടെ ഈറ്റയും മറ്റും ഉണങ്ങിനശിച്ചു. പ്രദേശത്തെ ടാപ്പിംഗ് തൊഴിലാളികളും ആശങ്കയിലാണ്. പെരിങ്ങമ്മല, വിതുര അതിർത്തികളിൽ കാട്ടാനകൾ സ്ഥിരമെത്താറുള്ളതായി നാട്ടുകാർ പറഞ്ഞു. അടുത്തിടെ മീൻപിടിക്കുന്നതിനിടെ ആദിവാസിക്ക് കാട്ടാനയാക്രമണത്തിൽ ഗുരുതര പരിക്കേറ്റിരുന്നു. കരടിയും കാട്ടുപോത്തും പന്നിയും വിലസുകയാണിവിടങ്ങളിൽ. പേപ്പാറ ഡാമും വൃഷ്ടിപ്രദേശങ്ങളും വാമനപുരം നദിയും കാട്ടാനകളുടെ കേന്ദ്രമായിട്ടുണ്ട്. മാത്രമല്ല വ്യാപകമായി കൃഷിനാശവുമുണ്ട്. പൊൻമുടി,ബോണക്കാട്, പേപ്പാറ റൂട്ടിൽ സർവീസ് നടത്തുന്ന ബസുകൾ ആനകൾക്ക് മുന്നിൽപ്പെടുന്നതോടെ പല ദിവസങ്ങളിലും മണിക്കൂറുകളോളം വെെകാറുണ്ട്. കാട്ടുമൃഗശല്യത്തിന് തടയിടണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ നടത്തിയ സമരങ്ങൾക്ക് കണക്കില്ല.

കൃഷി നശിപ്പിക്കുന്നു

തെങ്ങ്,വാഴ,മരച്ചീനി,റബർ, പച്ചക്കറി കൃഷികൾ വ്യാപകമായി നശിപ്പിച്ചു. കർഷകർക്ക് ആനയും കാട്ടുപോത്തും പന്നികളും കനത്ത നാശനഷ്ടമാണ് വരുത്തുന്നത്. ജനവാസമേഖലകളിലെ അവസ്ഥയും വിഭിന്നമല്ല. കാട്ടുമൃഗശല്യം തടയാൻ വനംവകുപ്പ് അടിയന്തര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കും.

ആനശല്യമുള്ള മേഖലകൾ

പൊൻമുടി,കല്ലാർ,മൊട്ടമൂട്,മംഗലകരിക്കകം,ചെമ്പിക്കുന്ന്,ആറാനക്കുഴി,തച്ചരുകാല,ചണ്ണനിരവട്ടം,മണലി,ചാമക്കാല മുളമൂട്,അടിപറമ്പ്, ഈട്ടിമൂട്,ചാത്തൻകോട്,പള്ളിപ്പുരക്കരിക്കകം,ചെമ്മാംകാല,മൊട്ടമൂട്,പൊടിയക്കാല,മുല്ലമൂട്,തച്ചരുകാല,ഒരുപറ,മണിതൂക്കി, പേപ്പാറ,പട്ടൻകുളിച്ചപാറ,മീനാങ്കൽ,പെണ്ണങ്കപ്പാറ,അല്ലത്താര,തലത്തൂതക്കാവ്.

വൈദ്യുതിവേലി പ്രവർത്തനരഹിതം

കാട്ടാനശല്യം തടയാൻ വിതുര പഞ്ചായത്തിലെ ആദിവാസിമേഖലകളിൽ വൈദ്യുതിവേലിയും ആനക്കിടങ്ങും സ്ഥാപിക്കുമെന്ന വനംവകുപ്പിന്റെ പ്രഖ്യാപനം കടലാസിലൊതുങ്ങി. പേരിനുമാത്രം സ്ഥാപിച്ച വേലികൾ പ്രവർത്തനരഹിതമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL