SignIn
Kerala Kaumudi Online
Thursday, 22 October 2026 6.49 PM IST

യാത്രാ ദുരിതത്തിൽ നട്ടംതിരിഞ്ഞ് ജനം

മുടപുരം: ചിറയിൻകീഴ് നിന്ന് അഴൂർ, മുട്ടപ്പലം എം.എഫ്.എ.സി ജംഗ്‌ഷൻ വഴി സർവീസ് നടത്തിയിരുന്ന കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസ് സർവീസുകൾ പൂർണമായി നിറുത്തിയത് നാട്ടുകാരെ ദുരിതത്തിലാക്കി. കൊവിഡ് കാലത്താണ് കെ.എസ്.ആർ.ടി.സി ബസുകൾ നിറുത്തിയത്.

ചിറയിൻകീഴിൽ നിന്നും അഴൂർ, എം.എഫ്.എ.സി ജംഗ്‌ഷൻ,മുട്ടപ്പലം മാർക്കറ്റ് ജംഗ്ഷൻ,ശാസ്തവട്ടം വഴി നാഷണൽ ഹൈവേയിൽ പ്രവേശിച്ച് തിരുവനന്തപുരത്ത് പോകുന്നതാണ് ഈ റൂട്ട്. പി.ഡബ്ല്യു.ഡിയുടെ നല്ല റോഡായിരുന്നിട്ടും ഇതുവഴി ബസ് സർവീസ് ഇല്ല.

നിറുത്തലാക്കലുകൾ

മുൻപ് ഈ റൂട്ടിലൂടെ നെടുമങ്ങാട്ടേക്ക് സ്വകാര്യ ബസ് സർവീസ് ആരംഭിച്ചിരുന്നു. ശേഷം ജില്ലയിൽ പല റൂട്ടുകളിലും കെ.എസ്.ആർ.ടി.സി സർവീസ് ആരംഭിച്ചപ്പോൾ ഇതുവഴിയും കെ.എസ്.ആർ.ടി.സി സർവീസ് തുടങ്ങി. ചെമ്പഴന്തി എസ്.എൻ കോളേജിലേക്കും ബസ് സർവീസ് ആരംഭിച്ചിരുന്നു.അന്ന് ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നാണ് സർവീസ് നടത്തിയിരുന്നതെങ്കിലും കണിയാപുരം ഡിപ്പോ ആരംഭിച്ചതോടെ ഇതുവഴിയുള്ള സർവീസുകൾ ആ ഡിപ്പോയുടെ കീഴിലായി. ഇതോടെ സർവീസുകൾ മുടങ്ങി. പിന്നീട് പഴയ റൂട്ടുകൾ നിറുത്തലാക്കി.

പുനരാംഭിച്ചെങ്കിലും വീണ്ടും നിറുത്തി
വക്കം-പണയിൽക്കടവ് നിന്നും ഇതുവഴി സർവീസ് ആരംഭിച്ചെങ്കിലും കൃത്യമായിരുന്നില്ല. ചിറയിൻകീഴ് നിന്നും ശാർക്കര, മഞ്ചാടിമൂട് റെയിൽവേ ഗേറ്റുകൾ കടന്നാണ് ബസുകൾ ഓടിയിരുന്നത്. ട്രെയിൻ കടന്നുപോകുന്ന സമയത്ത് റെയിൽവേ ഗേറ്റുകൾ അടച്ചിടുമ്പോൾ ഉണ്ടാകുന്ന സമയനഷ്ടമാണ് കെ.എസ്.ആർ.ടി.സി,സ്വകാര്യ ബസുകൾ നിറുത്തലാക്കുന്നതിന് കാരണം.

എന്നാൽ രണ്ടു റെയിൽവേ ഗേറ്റുകൾ ഒഴിവാക്കി ചിറയിൻകീഴ്,ശാർക്കര മഞ്ചാടിമൂട് ബൈപാസ് റോഡ് പുതുതായി പണിത് ഗതാഗതത്തിനു തുറന്നു കൊടുത്തതോടെ സമയനഷ്ടത്തിന് പരിഹാരമായി.

അഴൂർ മുട്ടപ്പലം ശാസ്തവട്ടം റോഡ് കോടികൾ ചെലവഴിച്ച് റീടാർ ചെയ്തു പുതുക്കിയതോടെ റോഡ് അന്തരാഷ്ട്ര നിലവാരത്തിലുമായി. നാട്ടുകാരുടെ ആവശ്യപ്രകാരം നിറുത്തലാക്കിയ ബസ് സർവീസ് കെ.എസ്.ആർ.ടി.സി പുനരാംഭിച്ചെങ്കിലും കൊവിഡു കാലത്ത് വീണ്ടും നിറുത്തി.

ആവശ്യം ശക്തം

നാട്ടുകാരുടെ യാത്രാദുരിതം അവസാനിപ്പിക്കാൻ ഈ റൂട്ടിലൂടെ ബസ് സർവീസുകൾ ആരംഭിക്കാനുള്ള അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. തിരുവനന്തപുരത്തേക്കും കിഴക്കേകോട്ടയിലേക്കും സർവീസ് ആവശ്യമാണ്. വിദ്യാർത്ഥികൾക്കും മറ്റു യാത്രക്കാ‌ർക്കും ബസ് അത്യാവശ്യമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL