SignIn
Kerala Kaumudi Online
Thursday, 22 October 2026 5.54 PM IST

ദേശീയപാത നിർമ്മാണം പതിയെ പതിയെ അപകടക്കെണിയായി തട്ടുപാലം

kuzhi

കല്ലമ്പലം: ദേശീയപാത നിർമ്മാണത്തിന് വേഗം കുറഞ്ഞതോടെ അപകടക്കെണിയായി നാവായിക്കുളം തട്ടുപാലം. തട്ടുപാലം ജംഗ്ഷനിൽ റോഡിന് കുറുകെ വലിയ കുഴി തോണ്ടിയിട്ട് രണ്ടുവർഷം കഴിഞ്ഞു. ഇതുവരെയും ഈ ഭാഗത്തെ നിർമ്മാണം പൂർത്തിയാക്കിയിട്ടില്ല. ഓടനിർമ്മാണം പൂർത്തിയായാൽ ഈ കുഴി പൂർണമായും മൂടാം. എന്നാൽ ഓട നിർമ്മാണം അനന്തമായി നീളുകയാണ്. കൊല്ലം ഭാഗത്തേക്ക് യാത്രക്കാർ വാഹനം കാത്തു നിൽക്കുന്നതിന് സമീപത്തായാണ് കുഴി. നിരവധി സർക്കാർ സ്ഥാപനങ്ങൾ സ്ഥിതിചെയ്യുന്ന ജംഗ്ഷനാണിത്. പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, ഹെൽത്ത് സെന്റർ, പോസ്റ്റ് ഓഫീസ്, എക്സൈസ് ഓഫീസ് തുടങ്ങിയ സ്ഥാപനങ്ങൾ കൂടാതെ ത്രീസ്റ്റാർ ബാർഹോട്ടൽ, നിരവധി കച്ചവട സ്ഥാപനങ്ങൾ എന്നിവയും ഇവിടെ പ്രവൃത്തിക്കുന്നു. ജീവനക്കാർ റോഡ് മുറിച്ചു കടക്കേണ്ടത് പതിനഞ്ചടി താഴ്ച വരുന്ന കുഴിക്ക് സമീപത്ത് കൂടിയാണ്. ഇത്രയും വലിയൊരു കുഴി ഇവിടെയുണ്ടെന്ന് നാട്ടുകാർക്കോ യാത്രക്കാർക്കോ അറിയില്ല.

ഓട നിർമ്മിക്കണം

റോഡ് നിർമ്മാണം ആരംഭിച്ചപ്പോൾ പാവൂർക്കോണം ഏലായിൽ നിന്ന് കുന്നത്തുപണ ഏലാ തോട്ടിലേക്ക് വെള്ളം പോകുന്നതിന് തടസം നേരിട്ടിരുന്നു. ഇതിന് പരിഹാരമായാണ് വെള്ളപ്പൊക്കമുണ്ടായപ്പോൾ കുഴിയെടുത്ത് വെള്ളം ഒഴുക്കിവിട്ടത്. ഇവിടെ ഓട നിർമ്മിച്ചാൽ മാത്രമെ റോഡ് പണിയാൻ സാധിക്കുകയുള്ളു. രാത്രിയായാൽ വാഹനങ്ങൾ നിയന്ത്രണം തെറ്റി കുഴിയിലേക്ക് വീഴാൻ സാദ്ധ്യതയുണ്ട്. അടുത്തിടെയാണ് കാണാതായ വൃദ്ധനെ അവശനിലയിൽ ഈ കുഴിയിൽ കണ്ടെത്തിയത്.

തെരുവ് വിളക്കുകളുമില്ല

തെരുവ് വിളക്കുകൾ ഇല്ലാത്തതിനാൽ രാത്രിയിൽ വെളിച്ചം കുറവായ ഇവിടെ അപകടങ്ങൾ നിത്യസംഭവമാണ്. കുഴിക്ക് സമീപം ബാർ ഹോട്ടൽ പ്രവർത്തിക്കുന്നതിനാൽ അപകട സാദ്ധ്യതയും ഏറെയാണ്‌ ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരാണ് പലരെയും കുഴിയിൽ അകപ്പെടാതെ റോഡ്‌ കടത്തി വിടുന്നത്.അടിയന്തരമായി ഓടയുടെയും ദേശീയ പാതയുമായി ബന്ധപ്പെട്ടുള്ള സർവീസ് റോഡിന്റെയും പണി പൂർത്തിയാക്കി കുഴി മൂടണമെന്ന ആവശ്യം ശക്തമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL