ഉള്ളൂർ: മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ കഴിയുന്ന രോഗികൾക്ക് പോലും സി.ടി സ്കാനിംഗിന് ഡേറ്റ് കിട്ടാതായതോടെ ദുരിതത്തിൽ. എമർജൻസിയെന്ന് രേഖപ്പെടുത്തിയ ചീട്ടുമായി എത്തുന്നവർക്ക് പോലും അടുത്ത മാസത്തെ ഡേറ്റാണ് നൽകുന്നതെന്നും ഗുരുതരാവസ്ഥയിലുള്ളവരെ പോലും പറഞ്ഞുവിടുകയാണെന്നും രോഗികൾ പരാതിപ്പെടുന്നു. സ്കാനിംഗ് റിപ്പോർട്ട് കിട്ടിയെങ്കിൽ മാത്രമേ ചികിത്സ നിർദ്ദേശിക്കാനാകൂയെന്ന് ഡോക്ടർമാർ നിർദ്ദേശിക്കുന്നിടത്താണ് ഈ ദുരവസ്ഥ.
അടുത്തിടെ ശ്വാസതടസത്തെ തുടർന്ന് ഇ.എൻ.ടി വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ട 60കാരനാണ് ഏറെ ദുരിതത്തിലായത്. മൂന്ന് ദിവസം മുമ്പാണ് ഇദ്ദേഹത്തെ ഏഴാം വാർഡിൽ അഡ്മിറ്റ് ചെയ്തത്. ശ്വാസതടസം അതീവ ഗുരുതരാവസ്ഥയിലായതിനാൽ കഴുത്തിൽ ദ്വാരമിട്ട് ശ്വസന സൗകര്യം ഏർപ്പെടുത്തി. രോഗത്തിന്റെ യഥാർത്ഥ അവസ്ഥ കണ്ടെത്താൻ തലച്ചോറിലെ മിഡ് തൊറാസിക് സി.ടി സ്കാനിംഗിന് ഡോക്ടർമാർ കുറിച്ച്. രോഗിയുടെ അപകടനില കണക്കിലെടുത്ത് എമർജൻസിയെന്ന് രേഖപ്പെടുത്തിയാണ് കുറിപ്പടി നൽകിയത്. എന്നാൽ അടുത്ത മാസം 5ന് സി.ടി സ്കാനിംഗിന് കൊണ്ടുവരാനാണ് അധികൃതർ ഡേറ്റ് നൽകിയിരിക്കുന്നത്. ഇതോടെ രോഗിക്ക് തുടർചികിത്സ എങ്ങനെ ഒരുക്കുമെന്നറിയാതെ വലഞ്ഞിരിക്കുകയാണ് ബന്ധുക്കൾ. സ്കാനിംഗിനുള്ള ഡേറ്റ് വേഗത്തിൽ ലഭ്യമാക്കുന്നതിനായി ബന്ധുക്കൾ പലയിടത്തും കയറിയിറങ്ങിയെങ്കിലും ഫലമുണ്ടായില്ല. ഇതോടെ സ്വകാര്യ ലാബിൽ വലിയ തുക മുടക്കി സ്കാനിംഗ് നടത്തുന്നതിന് പണം സ്വരൂപിക്കാനുള്ള തത്രപ്പാടിലാണ് അവർ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ 3450 രൂപ ചെലവ് വരുന്ന സ്കാനിംഗിന് പുറത്തെ സ്വകാര്യ ലാബുകളിൽ ഇരട്ടിയിലധികം നൽകണം. ഇതിനുപുറമെ രോഗിയെ ആംബുലൻസിലും മറ്റും കയറ്റി കൊണ്ടുപോവണം. തുടർ പരിശോധനകളാണെങ്കിലും ഇതേ അവസ്ഥയാണ്. ഇത്തരത്തിൽ നിരവധി ആളുകളാണ് അതീവ ഗുരുതരാവസ്ഥയിലായിട്ടും തുടർചികിത്സയ്ക്കുള്ള സ്കാനിംഗ് ഡേറ്റിനായി കാത്തിരിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |