വിതുര: പൊൻമുടി-തിരുവനന്തപുരം സംസ്ഥാനപാതയിൽ തൊളിക്കോട് പഞ്ചായത്തിലെ തോട്ടുമുക്ക് വാർഡിലെ പേരയത്തുപാറ ജംഗ്ഷനിൽ പുതിയ വെയിറ്റിംഗ് ഷെഡ് നിർമ്മിക്കുന്നു. നിലവിലുള്ള വെയിറ്റിംഗ് ഷെഡ് നിലം പൊത്താറായതായി ചൂണ്ടിക്കാട്ടി കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തൊളിക്കോട് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റിചെയർമാനും തോട്ടുമുക്ക് വാർഡ് മെമ്പറുമായ തോട്ടുമുക്ക് അൻസറും എം.പിക്ക് നിവേദനം നൽകി. ഇതിനെ തുടർന്ന് അടൂർപ്രകാശ് എം.പി പ്രാദേശിക വികസനഫണ്ടിൽ നിന്നും പുതിയ കാത്തിരിപ്പ് കേന്ദ്രം സ്ഥാപിക്കുവാൻ തുക അനുവദിക്കുകയായിരുന്നു.
പേരയത്തുപാറ പ്രദേശം രാത്രിയിൽ കൂരിരുട്ടിൽ മുങ്ങുന്നതായി ചൂണ്ടിക്കാട്ടി കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെ തുടർന്ന് ഇവിടെ എം.പി ഫണ്ടിൽനിന്നും ഹൈമാസ്റ്റ് ലൈറ്റും സ്ഥാപിച്ചു. ആറ് വർഷം മുൻപ് ഇവിടെ പുതിയ വെയിറ്റിംഗ് ഷെഡ് നിർമ്മിക്കുവാനായി ജില്ലാപഞ്ചായത്ത് ഫണ്ട് അനുവദിച്ചിരുന്നു. പേരയത്തുപാറയിലുള്ള വെയിറ്റിംഗ് ഷെഡ് നിർമ്മാണത്തിന് നാലരലക്ഷം രൂപയും, തൊട്ടടുത്തുള്ള പടിപ്പോട്ടുപാറയിൽ വെയിറ്റിംഗ്ഷെഡിനായി മൂന്നര ലക്ഷം രൂപയുമാണ് അനുവദിച്ചത്. എന്നാൽ രണ്ട് വെയിറ്റിംഗ് ഷെഡ്നിർമ്മാണവും കടലാസിലൊതുങ്ങുകയായിരുന്നു.
17 വർഷം മുൻപത്തെ വെയിറ്റിംഗ് ഷെഡ്
പേരയത്തുപാറയിൽ 17 വർഷം മുൻപ് തൊളിക്കോട് പഞ്ചായത്ത് നിർമ്മിച്ച നിലവിലെ വെയിറ്റിംഗ് ഷെഡ് ഏതുസമയത്തും നിലം പൊത്താവുന്ന അവസ്ഥയിലാണ്. അനവധി തവണ കോൺഗ്രീറ്റ് പാളികൾ ഇളകി വീണിട്ടുണ്ട്. മഴയത്ത് കുട പിടിച്ച് ബസ് കാത്തിരിക്കേണ്ട അവസ്ഥയാണ് നിലവിൽ. നെടുമങ്ങാട്, ആര്യനാട്, തിരുവനന്തപുരം ഭാഗങ്ങളിലേക്ക് പോകുവാനായി വിദ്യാർത്ഥികളുൾപ്പെടെ അനവധി യാത്രക്കാർ ഈ വെയിറ്റിംഗ് ഷെഡിലാണ് ബസ് കാത്തിരിക്കുന്നത്. പുതിയ വെയിറ്റിംഗ് ഷെഡിന്റെ നിർമ്മാണപ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് അടൂർപ്രകാശ് എം.പി അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |