ഗ്യാസ് സിലിണ്ടർ തുറന്നു വിട്ട് വീടിന് തീയിട്ടു
കൊല്ലം: ഭാര്യാ മാതാവിനെ ചുറ്റികയ്ക്ക് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം പാചകവാതകം തുറന്നുവിട്ട് വീടിന് തീയിട്ടയാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു. പാരിപ്പള്ളി പാമ്പുറം ഗ്രീഷ്മ ഭവനിൽ മണിയപ്പനാണ് (60) കഴുത്തും കൈ ഞരമ്പും മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ ഭാര്യാ മാതാവ് രത്നമ്മ (80) തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്നലെ രാവിലെ 6.30 ഓടെയായിരുന്നു സംഭവം. രത്നമ്മയും മണിയപ്പനും മാത്രമാണ് വീട്ടിൽ താമസം. മണിയപ്പന്റെ ഭാര്യ സുനിജകുമാരി തിരുവനന്തപുരത്ത് ഹോം നഴ്സാണ്. വാഹനങ്ങളുടെ ബോഡി ബിൽഡിംഗ് വർക്ക് ഷോപ്പിലെ തൊഴിലാളിയായ മണിയപ്പൻ ശനിയാഴ്ച രാത്രി വൈകിയാണ് വീട്ടിലെത്തിയത്. ഈ സമയം ഉറങ്ങിപ്പോയതിനാൽ മണിയപ്പൻ വിളിച്ചിട്ടും രത്നമ്മ വാതിൽ തുറന്നില്ല. വീടിന് പുറത്ത് കിടന്നുറങ്ങിയ മണിയപ്പൻ ഇന്നലെ രാവിലെ രത്നമ്മ ഉണർന്ന് വിളക്ക് കത്തിച്ചു കൊണ്ടിരിക്കുമ്പോൾ ചുറ്റിക കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു.രത്നമ്മ നിലിവിളിച്ചു കൊണ്ട് പുറത്തേക്ക് ഓടിയതോടെ മണിയപ്പൻ വീട്ടിനുള്ളിൽ കയറി അടുക്കളയിൽ നിന്ന് പാചക വാതക സിലിണ്ടർ മുറിയിലേക്ക് കൊണ്ടുവന്ന് തുറന്നു വിട്ട ശേഷം തീയിട്ടു. നാട്ടുകാർ കൂടിയതോടെ വീട്ടിലെ ടോയ്‌ലെറ്റിനുള്ളിൽ കയറി പിച്ചാത്തി ഉപയോഗിച്ച് കഴുത്തും കൈ ഞരമ്പും മുറിക്കുകയായിരുന്നു. പിന്നീട് ഫയർഫോഴ്സെത്തി തീകെടുത്തിയ ശേഷം, ടോയ്‌ലെറ്റിൽ അവശനിലയിൽ കിടന്ന മണിയപ്പനെ പാരിപ്പള്ളി ആശുപത്രിയിൽ എത്തിച്ചു. പൊലീസ് മണിയപ്പനെതിരെ കൊലപാതക ശ്രമത്തിനും വീട് തീയിട്ടതിനും കേസെടുത്തു.. സർക്കാർ ധനസഹായത്തോടെ നിർമ്മിച്ച് രണ്ടു മാസം മുമ്പ് പാലു കാച്ചിയ വീട്ടിലെ ഉപകരണങ്ങളിൽ ഭൂരിഭാഗവും കത്തി നശിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |