തിരുവനന്തപുരം: കൊടുംവെയിലിനെ പോലും തോൽപ്പിച്ച് ആശാവർക്കർമാരുടെ സെക്രട്ടേറിയറ്റ് ഉപരോധം. രാവിലെ 10ന് ആരംഭിച്ച ഉപരോധം വൈകിട്ട് അഞ്ചേകാലോടെയാണ് അവസാനിച്ചത്. ഇത്രയും സമയം എം.ജി റോഡിൽ പൂർണമായും ഗതാഗതം തടസപ്പെട്ടു. പാളയം ഭാഗത്തുനിന്ന് വന്ന വാഹനങ്ങൾ ഏജീസ് ഓഫീസിന് മുന്നിൽനിന്ന് പൊലീസ് വഴിതിരിച്ചുവിട്ടു. പൊലീസിന്റെ ആവശ്യപ്രകാരം ഉച്ചയോടെ ഒരു വരിയിലൂടെ വാഹനങ്ങൾ കടത്തിവിടാൻ നേതാക്കൾ സമ്മതിച്ചെങ്കിലും ആശാവർക്കർമാർ വഴങ്ങിയില്ല. തുടർന്ന് ഇവർ പാത്രം കൊട്ടിയും ഉച്ചത്തിൽ മുദ്രാവാക്യം മുഴക്കിയും പ്രതിഷേധം കടുപ്പിച്ചു. റോഡിലിരുന്നും കിടന്നുമായിരുന്നു പ്രതിഷേധം. നോർത്ത്,സൗത്ത്,കന്റോൺമെന്റ് ഗേറ്റുകൾ പൊലീസ് അടച്ചിരുന്നു.കനത്തവെയിലിൽ സഹപ്രവർത്തകർ കുഴഞ്ഞുവീണിട്ടും ആശമാർ പിൻമാറാതെ മുദ്രാവാക്യംവിളിച്ചു. കുഴഞ്ഞുവീണവരെ പൊലീസിന്റെ സഹായത്തോടെ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. സമരത്തിനെത്തിയവർക്ക് സംഘാടകർ വെള്ളവും ലഘുഭക്ഷണവും നൽകി. പതിവുപോലെ ആശമാർ തെരുവിൽ സമരക്കഞ്ഞിയും കുടിച്ചു. വൈകിട്ടോടെ മഴ തുടങ്ങിയെങ്കിലും കുടചൂടി നിന്ന് ആശമാർ മുദ്രാവാക്യം മുഴക്കി. ഉപരോധത്തിനൊടുവിൽ വെള്ളം വിതരണം ചെയ്ത കുപ്പികളും തെരുവിലെ മാലിന്യങ്ങളും ആശമാർ തന്നെ നീക്കം ചെയ്തു.ഉപരോധസമരത്തിന് മുന്നോടിയായി നടന്ന പ്രതിഷേധ പ്രകടനത്തിന് സംസ്ഥാന നേതാക്കളായ കെ.പി റോസമ്മ,റോസി.എം,ഗിരിജ.ആർ,ജി.രേണുക,ഷൈനി കോട്ടയം,ടെസ്സി തൃശ്ശൂർ,വിജി എറണാകുളം,ചെമ്പകം പാലക്കാട്,റോസിലിൻ കണ്ണൂർ,ബിന്ദു.എ,ലളിതമ്മ ജോയ്,ബിനി സുദർശൻ,സതിശ്യാം,ബിനിഷ ഏറാമല തുടങ്ങിയവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |