പാലോട്: ആദിവാസി ഗ്രാമീണ മേഖലയുടെ വികസനത്തിനും പുതുതലമുറയുടെ വിദ്യാഭ്യാസത്തിനുമായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ക്ഷേമപദ്ധതികൾ നടപ്പിലാക്കുമ്പോഴും ലഹരി സംഘങ്ങളുടെ ചൂഷണത്തിനിരയായി ജീവിതം അവസാനിപ്പിക്കുന്ന യുവതീയുവാക്കളുടെ എണ്ണം പെരുകുന്നു. നന്ദിയോട് പെരിങ്ങമ്മല പഞ്ചായത്തുകളിലെ ആദിവാസി ഊരുകളിലും കോളനികളിലും യുവതീയുവാക്കളുടെ ആത്മഹത്യാനിരക്ക് കൂടുതലാണ്. ബോധവത്കരണത്തിനോ ആത്മഹത്യയെക്കുറിച്ചുള്ള പഠനത്തിനോ കൗൺസലിംഗിനോ അധികാരികൾ തയ്യാറാകാത്തതാണ് നിലവിലെ പ്രതിസന്ധി.
പാലോട് സർക്കാർ ആശുപത്രിയിൽ ജില്ലാ പഞ്ചായത്ത് 38 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച ഡി-അഡിക്ഷൻ യൂണിറ്റ് നാളിതുവരെയായിട്ടും പ്രവർത്തിപ്പിച്ചിട്ടില്ല.
ലഹരി പ്രധാന വില്ലൻ
ഗ്രാമീണ മേഖലയിലെ ചില പ്രദേശങ്ങളിലും നന്ദിയോട്, പെരിങ്ങമ്മല,പഞ്ചായത്തുകളിലെ മിക്ക പ്രദേശങ്ങളിലും ഇപ്പോഴും ലഹരി സംഘങ്ങൾ വിഹരിക്കുകയാണ്. അന്യസംസ്ഥാനങ്ങളിൽ നിന്നുമെത്തിക്കുന്ന ലഹരി ഉത്പന്നങ്ങൾക്ക് വിപണി ഒരുക്കുന്നത് വനമേഖലയോടു ചേർന്ന പ്രദേശങ്ങളിലാണ്.
ആത്മഹത്യകളേറെ
പലതരം ചൂഷണങ്ങൾക്കിരകളായി ആത്മഹത്യ ചെയ്യുകയോ കൊല്ലപ്പെടുകയോ ചെയ്ത പെൺകുട്ടികളുടെ എണ്ണം ഇനിയും തിട്ടപ്പെടുത്താനായിട്ടില്ല. ഒരു വർഷത്തിനിടെ പതിനഞ്ചോളം പെൺകുട്ടികൾ മരണപ്പെട്ടതായാണ് വിവരം. മാനസിക സംഘർഷത്തിൽ മരിച്ച യുവാക്കളുടെ എണ്ണവും കുറവല്ല. സ്‌കൂൾ,കോളേജ് വിദ്യാർത്ഥികളാണ് ഇവരിലധികവും.
എക്സൈസ് ഓഫീസ് എവിടെ?
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മന്ത്രിയായിരുന്ന എ.കെ.ബാലൻ പ്രഖ്യാപിച്ച പാലോട് എക്സൈസ് റേഞ്ച് ഓഫീസും ലഹരി വിമുക്തകേന്ദ്രവും ഇപ്പോഴും ജലരേഖയാണ്. ലഹരി ഉപയോഗത്തെ തുടർന്ന് ആദിവാസി മേഖലകളിൽ ആത്മഹത്യകൾ പെരുകിയതിനെ തുടർന്ന് മന്ത്രി ആദിവാസി ഊരുകൾ സന്ദർശിച്ചപ്പോഴായിരുന്നു പ്രഖ്യാപനം. വർഷങ്ങൾ കഴിഞ്ഞിട്ടും ഒന്നും നടന്നില്ല. അടുത്തടുത്ത സമയത്ത് നാല് പെൺകുട്ടികൾ ആത്മഹത്യ ചെയ്തപ്പോൾ വീണ്ടും പ്രഖ്യാപനമെത്തിയിരുന്നു. അഡ്വ.ഡി.കെ.മുരളി എം.എൽ.എ എക്സൈസ് ഓഫീസ് ആവശ്യം നിയമസഭയിൽ ഉന്നയിച്ചെങ്കിലും നടപടിയുണ്ടായില്ല.
നടപടി ശക്തമാക്കി പാലോട് പൊലീസ്
ആദിവാസി മേഖലകളിലുൾപ്പെടെ ലഹരിക്കെതിരെയുള്ള പരിശോധന ശക്തമാക്കി പൊലീസ്. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ 14ൽ താഴെ കേസുകളാണ് രജിസ്റ്റർ ചെയ്തത്. പൊലീസ് പരിശോധന ശക്തമാകുമ്പോൾ പിന്തിരിയുന്ന ലഹരി മാഫിയ പരിശോധനകൾ കുറയുന്നതോടെ വീണ്ടും രംഗത്തെത്തും. വനമേഖലയോടടുത്ത പ്രദേശങ്ങളാണ് ഇവരുടെ താവളം. പരിശോധനകൾ ശക്തമാക്കിയതായും റസിഡന്റ്സ് അസോസിയേഷൻ, സ്കൂൾ, കോളേജുകൾ കേന്ദ്രീകരിച്ച് ബോധവത്കര ക്ലാസുകൾ സജീവമാക്കിയതായും പാലോട് ഇൻസ്പെക്ടർ ഒഫ് പൊലീസ് എസ്.അനീഷ് കുമാർ അറിയിച്ചു.
വനം,പൊലീസ്, എക്സൈസ്, ട്രൈബൽ എന്നീ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരുടെ ഏകോപനമില്ലാതെ ആദിവാസി, ഗ്രാമീണ മേഖലകളിലെ ലഹരി മാഫിയകളെ ഇല്ലാതാക്കാനാവില്ല. റസിഡന്റ്സ് അസോസിയേഷനുകളുടെകൂടി സഹകരണത്തോടെ നടപടിയെടുക്കണം.
ശൈലജാ രാജീവൻ, പഞ്ചായത്ത് പ്രസിഡന്റ്,
നന്ദിയോട്.
ലഹരി സംബന്ധമായി പൊതുജനങ്ങൾക്ക് വിവരങ്ങളറിയിക്കാം
ഫോൺ...പാലോട് പൊലീസ്:0472 2840260, സി.ഐ: 9497987023, എസ്.ഐ:9497980127
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |