SignIn
Kerala Kaumudi Online
Thursday, 22 October 2026 7.59 PM IST

വെട്ടൂരിൽ ജലസംഭരണി പൊട്ടിയൊലിക്കുന്നു, വാട്ടർ അതോറിറ്റിയുടെ അനാസ്ഥയെന്ന് ആരോപണം

water-tank

വർക്കല: വെട്ടൂരിൽ വാട്ടർ അതോറിറ്റിയുടെ കൂറ്റൻ ജലസംഭരണി അപകടാവസ്ഥയിലായിട്ടും നടപടി സ്വീകരിക്കാത്തത് അധികൃതരുടെ അനാസ്ഥയെന്ന് പരാതി. വെട്ടൂർപഞ്ചായത്തിലെ ആറാംവാർഡിൽ അയന്തിവളവിൽ കൊച്ചുവിള അർദ്ധനാരീശ്വര ക്ഷേത്രത്തിനു സമീപമാണ് ജലസംഭരണി സ്ഥിതിചെയ്യുന്നത്. ജലസംഭരണിക്ക് വിള്ളൽ വീഴുകയും പലഭാഗങ്ങളിൽ നിന്നു വെള്ളം ശക്തമായി പുറത്തേക്കൊഴുകാനും തുടങ്ങിയിട്ട് മാസങ്ങളായി. കാട്ടുവിള ശുദ്ധജല വിതരണ പദ്ധതിയുമായി ബന്ധപ്പെട്ട് 2001ലാണ് 58,000 ലിറ്റർ സംഭരണശേഷിയുള്ള ഉപരിതല ടാങ്ക് നിർമ്മിച്ചത്. അന്നത്തെ മന്ത്രിയായിരുന്ന ടി.എം.ജേക്കബാണ് ഉദ്ഘാടനം ചെയ്തത്. കാട്ടുവിള പദ്ധതിയിൽ നിന്നും വെള്ളം പമ്പ് ചെയ്ത് ഈ ടാങ്കിലെത്തിച്ചാണ് വെട്ടൂർ,ചെറുന്നിയൂർ പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്തുവരുന്നത്. റോഡുവിള,കല്ലുമലക്കുന്ന്,വെട്ടൂർ എസ്.എൻ ലക്ഷംവീട് നഗർ,മേൽവെട്ടൂർ,കയറ്റാഫീസ് എന്നിവിടങ്ങളിലേക്കും ഇവിടെ നിന്നാണ് വെള്ളം ലഭിക്കുന്നത്. റോഡരികിൽ സ്ഥിതിചെയ്യുന്ന ജലസംഭരണി അപകടാവസ്ഥയിലായത് കാൽനടയാത്രക്കാർക്കും ഭീഷണിയാണ്.

കുടിവെള്ളം മുട്ടും

നൂറുകണക്കിന് കുടുംബങ്ങൾക്ക് പൈപ്പിലൂടെ കുടിവെള്ളമെത്തുന്ന ഈ സംഭരണിക്ക് രണ്ട് വർഷത്തിലേറെയായി ചോർച്ചയുണ്ട്. അപകടകരമായ രീതിയിലാണ് സംഭരണിയുടെ വശങ്ങൾ പൊട്ടി വെള്ളം പുറത്തേക്കൊഴുകുന്നത്. ആദ്യമുണ്ടായ ചെറിയ ചോർച്ചയ്ക്ക് അറ്റകുറ്റപ്പണികൾ നടത്തി യഥാസമയം പരിഹാരം കാണാത്തതാണ് പൊട്ടിയൊലിക്കുന്ന സ്ഥിതിയുണ്ടാക്കിയത്. വേനൽക്കാലത്ത് വെള്ളം വെറുതെ പാഴാകുന്നു. സ്ഥിരമായി വെള്ളമൊഴുകുന്നത് സംഭരണിയുടെ ബലക്ഷയത്തിനും ഒപ്പം പ്രദേശത്തെ കുടിവെള്ളം മുട്ടുന്ന അവസ്ഥയ്ക്കും കാരണമാകും. ജലസംഭരണി സ്ഥിതിചെയ്യുന്നത് വെട്ടൂർ പഞ്ചായത്ത് അതിർത്തിയിലാണെങ്കിലും കുടിവെള്ള ഉപഭോക്താക്കൾ കൂടുതലും ചെറുന്നിയൂർ പഞ്ചായത്തിലെ ജനങ്ങളാണ്.


പഞ്ചായത്ത് അടിയന്തരമായി ഇടപെടണം


അറ്റകുറ്റപ്പണികൾ നടത്തണമെന്ന് വർഷങ്ങളായി ആവശ്യപ്പെട്ടിട്ടും വാട്ടർ അതോറിട്ടി വിഷയം ഗൗരവമായി എടുക്കുന്നില്ലെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. പരാതി അറിയിക്കുമ്പോൾ നോക്കാമെന്നുള്ള മറുപടി മാത്രമാണ് അധികൃതർ നൽകുന്നതെന്നും, ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മൊബൈലിൽ ഫോട്ടോ എടുത്തു മടങ്ങുക മാത്രമാണ് ചെയ്യുന്നതെന്നും നാട്ടുകാർ പറയുന്നു. ചോർച്ച പരിഹരിക്കാൻ ജലസംഭരണിയുടെ ഉൾഭാഗം കോൺക്രീറ്റ് ചെയ്യേണ്ടതുണ്ട്. പഞ്ചായത്ത് അടിയന്തരമായി ഇടപെട്ട് ഉടൻ പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL