
ഇലക്ട്രിക് വാഹനങ്ങൾക്ക് സബ്സിഡി
തിരുവനന്തപുരം: ആരോഗ്യ,പരിസ്ഥിതി സംരക്ഷണത്തിന് തുല്യപ്രധാന്യം നൽകി നഗരസഭയുടെ ബഡ്‌ജറ്റ്.ക്യാൻസർ മഹാമാരിയായി പടരുമ്പോൾ, വേഗത്തിൽ കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ നഗരത്തിൽ സൗജന്യ ക്യാൻസർ രോഗനിർണയ കേന്ദ്രങ്ങൾ ആരംഭിക്കുമെന്നതാണ് മുഖ്യപ്രഖ്യാപനം. ഇതോടൊപ്പം നഗരത്തെ കാർബൺ ന്യൂട്രലാക്കുന്നതിന്റെ ഭാഗമായി ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കാൻ,സബ്സിഡി അനുവദിക്കുമെന്നതും ഡെപ്യൂട്ടി മേയർ കെ.രാജു അവതരിപ്പിച്ച 2025-26ലെ ബഡ്ജറ്റിലെ പ്രധാന പ്രഖ്യാപനത്തിലുണ്ട്.
മേയർ ആര്യാ രാജേന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കൗൺസിൽ യോഗത്തിൽ 2185.99 കോടി രൂപയുടെ വരവും 1928.34 കോടി രൂപയുടെ ചെലവും 257.64 കോടി രൂപയുടെ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബഡ്‌ജറ്റാണ് അവതരിപ്പിച്ചത്.ആരോഗ്യമേഖലയുടെ സമഗ്ര വികസനത്തിനായി 77 കോടിയും സീറോ കാർബൺ ട്രിവാൻഡ്രം പദ്ധതിക്കായി 100കോടിയും നീക്കിവച്ചിട്ടുണ്ട്.കിടപ്പുരോഗികളായ വൃദ്ധർക്ക് ചികിത്സ,മരുന്ന്,പോഷകാഹാര വിതരണം എന്നിവ നൽകുന്നതുൾപ്പെടുള്ള വയോജനക്ഷേമ പ്രവർത്തനങ്ങൾക്കായി 40കോടി രൂപയാണ് ബഡ്‌ജറ്റിൽ നീക്കിവച്ചിട്ടുള്ളത്.
മറ്റ് പ്രധാന പ്രഖ്യാപനങ്ങൾ
ശാന്തിയാത്ര എന്ന പേരിൽ പുതിയ ശ്‌മശാനം
200 കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കും
ചാണകാധിഷ്ഠിത ജൈവവളം നഗരസഭ ബ്രാൻഡ് ചെയ്ത് ലഭ്യമാക്കും
ഡ്രഗ് ഫ്രീ ട്രിവാൻഡ്രം പദ്ധതിക്കായി ഒന്നരക്കോടി
വൃദ്ധർക്കായി 3 പുതിയ പകൽ വീടുകൾ നിർമ്മിക്കും
മത്സ്യം കേടുകൂടാതെ സൂക്ഷിക്കാൻ മാർക്കറ്റുകളിൽ കോൾഡ് സ്റ്റോറേജുകൾ സ്ഥാപിക്കും
വിഴിഞ്ഞത്തും ശംഖുംമുഖത്തും മത്സ്യസംസ്‌കരണ,വിപണന കേന്ദ്രങ്ങൾ ആരംഭിക്കും
പുറംകടലിൽ ഉപയോഗിക്കാൻ മത്സ്യത്തൊഴിലാളികൾക്ക് സാറ്റലൈറ്റ് ഫോണുകൾ നൽകും
മത്സ്യത്തൊഴിലാളികളെ രക്ഷിക്കാൻ ഡോൾഫിൻ എന്ന പേരിൽ സുരക്ഷാ ബോട്ട്
വനിതകൾക്കായി ഷീ ലൈബ്രറികൾ സ്ഥാപിക്കും
പട്ടികജാതിക്കാർക്കായി ഭവന പദ്ധതിപ്രകാരം നിർമ്മിച്ച വീടുകളിൽ സോളർ യൂണിറ്റുകൾ സ്ഥാപിക്കും
കരിമഠം,മതിപ്പുറം,വള്ളക്കടവ് എന്നിവിടങ്ങളിൽ പുതിയ ഭവന സമുച്ചയങ്ങൾ
കാന്തള്ളൂർശാല പുനരുദ്ധരിച്ച് സാംസ്‌കാരിക കേന്ദ്രമായി വികസിപ്പിക്കും
ശംഖുംമുഖം,വേളി,കോവളം എന്നീ കേന്ദ്രങ്ങളിലേക്കുള്ള പാതകൾ ഗ്രീൻ കോറിഡോറാക്കും
പോങ്ങുംമൂട്ടിലും,കുറവൻകോണത്തും പുതിയ ഷോപ്പിംഗ് കോംപ്ലക്‌സുകൾ
ശംഖുംമുഖത്ത് വഴിയോര കച്ചവടക്കാർക്കായി 96 വെൻഡിംഗ് മാർക്കറ്റുകൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |