പാറശാല: നെയ്യാറ്റിൻകര താലൂക്കിലെ ധനുവച്ചപുരം മേഖല ലഹരി മാഫിയാസംഘങ്ങളുടെ പിടിയിലായിട്ട് പതിറ്റാണ്ടുകളായി.
ധനുവച്ചപുരം എൻ.എസ്.എസ് കോളേജ്, ഗവ.ഐ.ടി.ഐ, ഐ.എച്ച്.ആർ.ഡി കോളേജ് എന്നിവ ഉൾപ്പെടുന്ന ഉന്നതതല, ശാസ്ത്രീയ, സാങ്കേതിക വിദ്യാഭ്യാസ സ്ഥപനങ്ങളും മൂന്ന് ഹയർ സെക്കൻഡറി, ഹൈസ്‌കൂളുകൾക്കും പുറമെ എൽ.പി, യു.പി സ്‌കൂളുകൾ, അൺഎയ്ഡഡ് സ്‌കൂളുകളും ഉൾപ്പെടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിച്ചുവരുന്ന 'വിദ്യാഭ്യാസ മേഖലയിലാണ് കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കളുടെ വിപണനം നിർബാധം തുടരുന്നത്.
ധനുവച്ചപുരം മേഖലയിലെ നിരപ്പിൽ, വൈദ്യൻവിളാകം, പരുത്തിവിള, ബോയ്സ്, ഗേൾസ് ഹൈസ്‌കൂളുകൾ എന്നിവ പ്രവർത്തിക്കുന്ന സ്‌കൂൾ ജംഗ്‌ഷൻ, പാർക്ക് ജംഗ്‌ഷൻ, ഐ.ടി.ഐ ജംഗ്‌ഷൻ, പാറശാലയിലെ പോസ്റ്റ് ഓഫീസ് ജംഗ്‌ഷൻ, ചെറുവാരക്കോണം ജംഗ്‌ഷൻ, അയിര, വിരാലി, ആറയൂർ, പൊഴിയൂർ, അതിർത്തി മേഖലയായ പി.പി.എം ജംഗ്‌ഷൻ എന്നിവിടങ്ങളിൽ വ്യാപകമായി ലഹരി വിപണനം തുടരുന്നതായാണ് ദൃക്‌സാക്ഷികളായ നാട്ടുകാർ പറയുന്നത്.
പൊലീസ് ഔട്ട് പോസ്റ്റ് സ്ഥാപിക്കണം
ഒരു വിദ്യാർത്ഥിയുടെ മരണത്തിന് കാരണമായതുൾപ്പെടെ നിരവധി വിദ്യാർത്ഥി സംഘർഷങ്ങൾക്ക് കരണമായിട്ടുള്ളത് പ്രദേശത്തെ ലഹരി വിപണനവും മാഫിയാസംഘങ്ങളുടെ പ്രവർത്തനങ്ങളുമാണെന്നാണ് പിന്നീട് കണ്ടെത്തിയിട്ടുള്ളത്. സമൂഹത്തിൽ നടന്നുവന്നതായ ഗുണ്ടാ ആക്രമണങ്ങൾക്ക് പിന്നിലും ലഹരി മാഫിയാ സംഘങ്ങളുടെ പ്രവർത്തനങ്ങളാണ്. പ്രദേശത്തെ സംഘർഷങ്ങൾ നിയന്ത്രിക്കുന്നതിനായി സ്ഥിരമായി പൊലീസ് ഔട്ട് പോസ്റ്റ് സ്ഥാപിക്കണമെന്ന് പഞ്ചായത്ത് അധികൃതരും ആവശ്യപ്പെട്ടതിനെ തുടർന്നാണ് താത്കാലികമായെങ്കിലും പൊലീസിനെ നിയോഗിച്ചത്.
ഗുണ്ടാ ആക്രമണങ്ങളും പതിവാകുന്നു
ഗുണ്ടാമാഫിയാ സംഘങ്ങളുടെ പ്രവർത്തനം ഇവിടങ്ങളിൽ കൂടുതലുള്ളതിനാൽ കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ വിപണനവും ഗുണ്ടാ ആക്രമണങ്ങളും പതിവാണ്. ലഹരി മാഫിയാ സംഘങ്ങളുടെ വിപണകേന്ദ്രങ്ങൾ നാട്ടുകാരായ പ്രദേശവാസികൾക്കെല്ലാം അറിയുന്നതാണെങ്കിലും മാഫിയാസംഘങ്ങളുടെ ഭീഷണി കാരണം പരാതിപ്പെടാൻ ആരും തയാറാകുന്നില്ലെന്നതാണ് വസ്തുത. എന്നാൽ ലഹരിക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കേണ്ട എക്‌സൈസ് അധികൃതർ ഈ മേഖലയിൽ എത്താറില്ലെന്നത് പരക്കെ ചർച്ചയായിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |