വിതുര: ലഹരിക്കെതിരെ പരിശോധനകളും ബോധവത്കരണ പ്രവർത്തനങ്ങളും പുരോഗമിക്കുമ്പോഴും വിതുര, തൊളിക്കോട് മേഖലയിൽ ലഹരി വില്പനയും ഉപഭോഗവും വർദ്ധിക്കുന്നതായി പരാതി. മലയോര മേഖലയിലെ മറ്റ് പഞ്ചായത്തുകളിലെ അവസ്ഥയും വിഭിന്നമല്ല.
വിതുര പഞ്ചായത്തിൽ എം.ഡി.എം.എയും കഞ്ചാവും സുലഭമായിട്ട് മാസങ്ങളേറെയായി. തൊളിക്കോട്, ആര്യനാട്,നന്ദിയോട്, പെരിങ്ങമ്മല പഞ്ചായത്തിലെ സ്ഥിതിവിശേഷവും മറിച്ചല്ല. സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കിടയിൽ വരെ വൻതോതിൽ ലഹരി ഉപയോഗിക്കുന്ന അവസ്ഥയാണ് നിലവിൽ. പൊൻമുടി, കല്ലാർ, ബോണക്കാട്, പേപ്പാറ എന്നീ ടൂറിസം മേഖലകളിലും ലഹരി നിറഞ്ഞിട്ടുണ്ട്. ടൂറിസം മേഖലകളിൽ ലഹരി വിൽക്കാൻ പ്രത്യേകസംഘങ്ങൾ കളത്തിൽ സജീവമാണ്. എക്സൈസും, പൊലീസും പരിശോധനകൾ മുറയ്ക്ക് നടത്തുന്നുമുണ്ട്.
ലഹരി കേസുകൾ ഏറെ
ലഹരി വില്പ്നക്കാരെ ചെറുക്കാൻ പ്രത്യേക സ്ക്വാഡ് സജീവമായി പ്രവർത്തിക്കുന്നുണ്ട്. വിതുര പൊലീസ് സ്റ്റേഷന്റെ പരിധിയിൽ മാത്രം ഈ മാസം പതിനഞ്ചോളം ലഹരി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സമീപത്തെ മറ്റ് പൊലീസ് സ്റ്റേഷനുകളിലെ അവസ്ഥയും വിഭിന്നമല്ല. ലഹരി ഉപയോഗത്തിൽ യുവാക്കൾ വീടുകളിൽ ആക്രമണം നടത്തിയ സംഭവവും ഉണ്ടായിട്ടുണ്ട്.
സ്ത്രീകളും രംഗത്ത്
വിതുര പഞ്ചായത്തിലെ ശിവൻകോവിൽജംഗ്ഷൻ, പറങ്കിമാംതോട്ടം, തള്ളച്ചിറ, കൊപ്പം, ചാരുപാറ, പേരയത്തുപാറ, ആനപ്പാറ, കല്ലാർ, ചെറ്റച്ചൽ, മരുതുംമൂട് മേഖലകളിൽ ലഹരി വില്പന ഉഷാറാണ്. ബൈക്കുകളിൽ കറങ്ങിയാണ് വിൽപ്പന. സ്ത്രീകളും രംഗത്തുണ്ട്. മദ്യത്തേക്കാൾ കഞ്ചാവിനും എം.ഡി.എം.എയ്ക്കുമാണ് നിലവിൽ ഡിമാൻഡ്.
വില്പനയ്ക്ക് അന്യസംസ്ഥാനക്കാരും
അന്യസംസ്ഥാന തൊഴിലാളികൾ അധിവസിക്കുന്ന മേഖലകളിലും ലഹരി വില്പനയുണ്ട്. ഇവർ നാട്ടിൽപോയി മടങ്ങുമ്പോൾ ലഹരിപദാർത്ഥങ്ങൾ കടത്തിക്കൊണ്ടുവരികയാണ് പതിവ്. ഇക്കൂട്ടരും ലഹരി വിൽക്കാൻ സജീവമാണ്. അതേസമയം ലഹരിസംഘങ്ങളെ അമർച്ചചെയ്യാൻ ശക്തമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് പൊലീസും എക്സൈസും പറയുന്നു.
വിതുര പഞ്ചായത്തിൽ വർദ്ധിച്ചുവരുന്ന ലഹരി വില്പനയ്ക്ക് തടയിടണം. പൊലീസും, എക്സൈസും ഉണർന്ന് പ്രവർത്തിക്കണം. അടിയന്തരനടപടികൾ സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കും.
ഇ.എം.നസീർ,
കോൺഗ്രസ് വിതുര മണ്ഡലം പ്രസിഡന്റ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |