
ചിറയിൻകീഴ്: മുതലപ്പൊഴിയിലെ മത്സ്യത്തൊഴിലാളികളുടെ കണ്ണീരിനും പ്രതിഷേധങ്ങൾക്കും ആശ്വാസം. അഴിമുഖത്തെ മണൽത്തിട്ട നീക്കം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി ഡ്രഡ്ജറെത്തിച്ച് മണൽനീക്കം സുഗമമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്. വലിയ യന്ത്രഭാഗങ്ങൾ തൃശൂരിലെ ചേറ്റുവയിൽ നിന്നും ഇതിനെ യോജിപ്പിക്കുന്ന ക്രെയിനുകൾ കൊല്ലത്തുനിന്നും ഇതിനകം എത്തിച്ചു കഴിഞ്ഞു. ഡ്രഡ്ജ് ചെയ്യുന്ന മണൽ പമ്പ് ചെയ്ത് നീക്കുന്നതിനുള്ള പൈപ്പുകൾ കൂടി എത്തിയാൽ ഇവയെല്ലാം യോജിപ്പിച്ച് കൊണ്ടുള്ള ട്രയൽറൺ ഇന്നോ നാളെയോ തുടങ്ങാനാകുമെന്നും അതുകഴിഞ്ഞ് ഡ്രഡ്ജിംഗ് ആരംഭിക്കുമെന്നും അധികൃതർ പറയുന്നു. മേയ് മാസം വരെ ഡ്രഡ്ജിംഗ് നടത്താനാണ് പദ്ധതി. മുതലപ്പൊഴി അഴിമുഖത്ത് മണൽത്തിട്ട രൂപപ്പെട്ടത് ഇവിടുത്തെ മത്സ്യബന്ധനത്തിനെ സാരമായി ബാധിച്ചു. അഴിമുഖത്തിന്റെ മുക്കാൽ ഭാഗത്തോളം ഇതിനകം മണൽത്തിട്ട മൂടിക്കഴിഞ്ഞു.ശേഷിക്കുന്ന ഭാഗത്ത് കൂടിയാണ് അവശേഷിക്കുന്ന മത്സ്യബന്ധനം നടക്കുന്നത്. അഴിമുഖത്ത് ആഴം 5മീറ്ററെങ്കിലും വേണമെന്നിരിക്കെ ശേഷിക്കുന്ന ഭാഗത്ത് രണ്ടു മീറ്റർ പോലുമില്ല.മത്സ്യബന്ധന വള്ളങ്ങളുടെ അടിഭാഗം മണൽത്തിട്ടയിൽ തട്ടിയാണ് പലപ്പോഴും ഇവിടെ കടക്കുന്നതും.
മണൽനീക്കം നിലച്ചു
2021ലാണ് ഇവിടെ ആദ്യമായി ഡ്രഡ്ജറെത്തിച്ച് മണൽനീക്കം നടത്തിയത്. അതിനുശേഷമുള്ള കാലങ്ങളിൽ ജെ.സി.ബി ഉപയോഗിച്ചുള്ള മണൽനീക്കമാണ് അധികവും നടന്നത്. അത്തരത്തിലുള്ള മണൽനീക്കം സെപ്തംബർ വരെ നടന്നിരുന്നു.പിന്നീട് മണൽനീക്കം പൂർണമായും നിലച്ചതോടെ മണൽ മൂടാൻ തുടങ്ങി. തുടർന്നാണ് ഡ്രഡ്ജർ എത്തിച്ച് മണൽനീക്കം നടത്തണമെന്നാവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികൾ പ്രക്ഷോപങ്ങളും ഉപരോധസമരങ്ങളും സംഘടിപ്പിച്ചതും ഡ്രഡ്ജറെത്തിച്ച് മണൽനീക്കം നടത്തുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചതും.
150 അപകടങ്ങൾ
കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ മാത്രം 150തോളം അപകടങ്ങളും 9 മരണവുമാണ് ഇവിടെ നടന്നത്. ഇവയിലധികവും അഴിമുഖത്തെ ആഴക്കുറവ് കാരണം മണൽത്തിട്ടയിൽ ഇടിച്ച് ബോട്ടുകൾ നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടിട്ടുള്ളതാണ്.അദാനി തുറമുഖ കമ്പനിയുമായുള്ള കരാറിന്റെ അടിസ്ഥാനത്തിൽ അഴിമുഖത്തെ ആഴക്കുറവ് പരിഹരിക്കുന്നതിന് മണൽനീക്കം നടത്തുന്നതിനുള്ള തുക അദാനി ഗ്രൂപ്പ് ഹാർബർ എൻജിനിയറിംഗ് വകുപ്പിന് നൽകാൻ വൈകിയതാണ് ഡ്രഡ്ജിംഗ് നീളാൻ കാരണമെന്ന് ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർ തന്നെ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |