ഗുരുവായൂർ: ഗുരുവായൂരിൽ വീടിനകത്ത് കയറിയ മോഷ്ടാവ് വീട്ടമ്മയെ ആക്രമിച്ച് വള കവർന്നു. ചാമുണ്ഡേശ്വരി റോഡിൽ തെക്കേപുരയ്ക്കൽ ക്ഷേത്രത്തിന് സമീപം കൃഷ്ണപ്രിയയിൽ മാധവന്റെ ഭാര്യ പുഷ്പലതയുടെ ഒരു പവൻ വരുന്ന വളയാണ് കവർന്നത്. ഇന്നലെ പുലർച്ചെ മൂന്നോടെയാണ് സംഭവം. കിഴക്കേനടയിൽ ഹോട്ടൽ നടത്തുന്ന മാധവൻ കടയിൽ പോകുന്നതിനായി വാതിൽ തുറന്ന് പുറത്തിറങ്ങിയ സമയത്താകാം മോഷ്ടാവ് അകത്ത് കയറിയതെന്ന് സംശയിക്കുന്നത്. പുഷ്പലതയുടെ വള മോഷ്ടാവ് ബലമായി ഊരിയെടുക്കുകയായിരുന്നു. ഇവർ ബഹളംവച്ചതോടെ ശബ്ദം കേട്ട് വീട്ടിൽ നിന്ന് ചായക്കടയിലേക്ക് ഇറങ്ങിയ ഭർത്താവ് മാധവൻ തിരിച്ചുവന്നു. വീട്ടിലെ മറ്റ് മുറികളിൽ ഉറങ്ങിയിരുന്നവർ ഉണരുകയും ചെയ്തു. ഇതോടെ മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. ടെമ്പിൾ പൊലീസ് അന്വേഷണം തുടങ്ങി. മുഖം മൂടി ധരിക്കാത്ത ഒരാളാണ് മോഷ്ടാവെന്ന് പുഷ്പലത പറഞ്ഞു. മോഷ്ടാവ് എന്ന് സംശയിക്കുന്നയാളുടെ സി.സി ടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |