
വിതുര: പൊൻമുടി - തിരുവനന്തപുരം സംസ്ഥാനപാതയിൽ വിതുര വേളാങ്കണ്ണിപള്ളിക്ക് സമീപം റോഡരികിൽ ഉണങ്ങി നിൽക്കുന്ന ഈട്ടിമരം അപകടഭീഷണി ഉയർത്തുന്നു. കാറ്റിലും മഴയത്തും നിരവധി തവണ മരത്തിന്റെ ശിഖരങ്ങൾ ഒടിഞ്ഞുവീഴുകയുണ്ടായി. സമീപത്താണ് അങ്കണവാടി പ്രവർത്തിക്കുന്നത്. മാത്രമല്ല അനവധി വീടുകളും വ്യാപാരസ്ഥാപനങ്ങളുമുണ്ട്. വിദ്യാർത്ഥികളും ടൂറിസ്റ്റുകളുമടക്കം നിത്യേന ആയിരങ്ങൾ കടന്നുപോകുന്ന പ്രധാന റോഡിനരികിലാണ് മരം നിൽക്കുന്നത്. തഴച്ചുവളർന്നുനിന്ന മരം അടുത്തിടെയാണ് ഉണങ്ങിയത്. മരം കടപുഴകിയാൽ വലിയ അപകടം ഉറപ്പാണ്. വിതുര സ്കൂളിലെ എസ്.പി.സി നിർമ്മിച്ച മരത്തിന് സമീപത്തെ സ്നേഹാരാമത്തിൽ ധാരാളം ടൂറിസ്റ്റുകളുമെത്താറുണ്ട്. വിതുര നെടുമങ്ങാട് റോഡ് നവീകരണത്തിന്റെ ഭാഗമായി അനവധി മരങ്ങൾ മുറിച്ചുമാറ്റിയെങ്കിലും ഈട്ടിമരം മാത്രം മുറിച്ചില്ല. മരത്തിന്റെ അപകടാവസ്ഥ ചൂണ്ടിക്കാട്ടി നാട്ടുകാരും റസിഡന്റ്സ് അസോസിയേഷനും നിരവധി തവണ പരാതികൾ നൽകിയെങ്കിലും നടപടികൾ സ്വീകരിച്ചില്ല. ഇതുസംബന്ധിച്ച് കേരളകൗമുദിയും വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. മരം മുറിക്കുമെന്ന് അധികൃതർ പ്രഖ്യാപനം നടത്തിയെങ്കിലും നടന്നില്ല.
പൊൻമുടി കല്ലാർ റോഡരികിലും
വിതുരയ്ക്ക് പുറമേ പൊൻമുടി കല്ലാർ റോഡരികിലും ഉണങ്ങി, വേരുകൾ പുറന്തള്ളി അനവധി മരങ്ങൾ അപകടാവസ്ഥയിൽ നിൽക്കുന്നുണ്ട്. കാറ്റത്തും, മഴയത്തും അനവധി തവണ മരശിഖരങ്ങൾ ഒടിഞ്ഞും കടപുഴകിയും വീണ് പൊൻമുടി വിതുര റൂട്ടിൽ ഗതാഗതതടസം ഉണ്ടായിട്ടുണ്ട്. മാത്രമല്ല വൈദ്യുതി ലൈൻപൊട്ടി വീഴുകയും ചെയ്തു. അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റണമെന്നാവശ്യപ്പെട്ട് കല്ലാർ റസിഡന്റ്സ് അസോസിയേഷൻ പരാതികൾ നൽകിയെങ്കിലും നടപടികൾ സ്വീകരിച്ചില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |