ജില്ലാസഹകരണ ബാങ്കിനു പുറത്ത് ചട്ടവിരുദ്ധ നിക്ഷേപങ്ങൾ
നിക്ഷേപ പദ്ധതികൾ നടത്തിയും നിയമവിരുദ്ധം
തിരുവനന്തപുരം: സർക്കാരിനെ കബളിപ്പിച്ചും വ്യാജരേഖകൾ സമർപ്പിച്ചുമാണ് ബി.എസ്.എൻ.എൽ എൻജിനിയേഴ്സ് സഹകരണ സംഘം പ്രവർത്തിച്ചതെന്ന് കണ്ടെത്തി.സഹകരണ നിയമപ്രകാരം രജിസ്ട്രേഷൻ നടത്തിയെങ്കിലും, തുടർന്നുള്ള ഘട്ടങ്ങളിലെല്ലാം സർക്കാരിനെ കമ്പളിപ്പിക്കുകയായിരുന്നുവെന്നാണ് സഹകരണ സംഘം രജിസ്ട്രാറുടെ അന്വേഷണത്തിൽ കണ്ടെത്തിയത്.
സംഘത്തിന്റെ ക്ലാസിഫിക്കേഷൻ നടത്തുകയോ,സ്റ്റാഫ് പാറ്റേൺ ഉൾപ്പെടെയുള്ളവയ്ക്ക് അംഗീകാരം വാങ്ങുകയോ ചെയ്യാതെയായിരുന്നു കോടികളുടെ ക്രയവിക്രയം. ധനസ്ഥിതിയുടെ അടിസ്ഥാനത്തിലാണ് സംഘങ്ങളെ ക്ലാസിഫൈ ചെയ്യുന്നത്. എന്നാൽ മാത്രമേ ഉയർന്ന വായ്പങ്ങൾ നൽകാനും നിക്ഷേപങ്ങൾ സ്വീകരിക്കാനും കഴിയൂ. എന്നാൽ ഇത്തരത്തിലുള്ള യാതൊരു അനുമതിയും സർക്കാരിൽ നിന്ന് വാങ്ങാതെയായിരുന്നു സംഘത്തിന്റെ പ്രവർത്തനം. ഇത്തരത്തിൽ നഗ്നമായ നിയമലംഘനത്തിൽ പ്രവർത്തിച്ച സംഘത്തെ കണ്ടെത്താൻ സഹകരണ വകുപ്പ് ഓഡിറ്റ് വിഭാഗത്തിനും കഴിയാത്തത് ദുരൂഹമാണെന്നും ആക്ഷേപമുണ്ട്. സഹകരണവകുപ്പിൽ നിന്ന് സബ്റൂൾസ് അംഗീകരിച്ചാൽ മാത്രമേ നിക്ഷേപ പദ്ധതികൾ ആരംഭിക്കാനാകൂ. എന്നാൽ ഇതിന് വിരുദ്ധമായി സ്ഥിരനിക്ഷേപവും സേവിംഗ്സ് നിക്ഷേപവും സംഘത്തിൽ സ്വീകരിച്ചതായും കണ്ടെത്തി. സഹകരണ നിയമത്തിന് വിരുദ്ധമായി ഈടിന്മേൽ 90ശതമാനം വായ്പ നൽകുന്ന രീതിയാണ് സംഘം സ്വീകരിച്ചിരുന്നതെന്നും കണ്ടെത്തി. ചട്ടവിരുദ്ധമായി ജില്ലാ സഹകരണ ബാങ്കിന് പുറത്ത് നിക്ഷേപം നടത്തിയും തട്ടിപ്പ് നടത്തി.നെയ്യാറ്റിൻകര അർബൺ സഹകരണബാങ്ക്,പഞ്ചാബ് നാഷണൽ ബാങ്ക്,ഭാരത് ലജ്ജ്നാ ഹൗസിംഗ് മൾട്ടി സ്റ്റേറ്റ് സഹകരണ സംഘം,ഉമയനല്ലൂർ സർവീസ് സഹകരണ ബാങ്ക് കൊല്ലം,വെളിനല്ലൂർ സർവീസ് സഹകരണ ബാങ്ക് കൊല്ലം എന്നിവിടങ്ങളിലായിരുന്നു ചട്ടവിരുദ്ധമായ നിക്ഷേപങ്ങൾ. ഇതിൽ നെയ്യാറ്റിൻകര അർബൺ സഹകരണ സംഘത്തിൽ നിന്ന് മാത്രം 2.49കോടി തട്ടിയെടുത്തു.
ആവശ്യക്കാരെത്തിയത് 76ലക്ഷത്തിന്
സഹകരണ നിയമം വകുപ്പ് 65പ്രകാരമുള്ള അന്വേഷണം നടത്തിയ ഉദ്യോഗസ്ഥന് മുമ്പാകെ നേരിട്ട് ഹാജരായവരിൽ നിന്ന് 76,00,517 രൂപയുടെ നിക്ഷേപം തിരികെ നൽകാനുണ്ടെന്ന് വ്യക്തമായി. എന്നാൽ അതും തിരികെ നൽകാനുള്ള പണം സംഘത്തിലില്ല.ഇത് ഭരണസമിതിയും ജീവനക്കാരൻ രാജീവും ചേർന്ന് തട്ടിയെന്നാണ് കണ്ടെത്തൽ.
10 വർഷത്തെ വളർച്ച !
നീക്കിയിരിപ്പില്ലാത്തവിധം പ്രവർത്തിച്ചിരുന്ന സംഘം 10വർഷത്തിനിടെയാണ് അത്ഭുതകരമായ രീതിയിൽ വളർന്നത്. തട്ടിപ്പുകൾ ഏറെയും 2017 മുതൽ 2022 വരെയുള്ള അഞ്ചുവർഷത്തിനിടയിലാണ് നടന്നതെന്നും അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നു. സംഘത്തിന്റെ തുടക്കം മുതൽ സെക്രട്ടറിയായിരുന്ന ഗോപിനാഥന്റെ സാന്നിദ്ധ്യവുമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |