SignIn
Kerala Kaumudi Online
Thursday, 22 October 2026 6.48 PM IST

ശ്രീപദ്മനാഭസ്വാമി ക്ഷേത്ര പൈങ്കുനി ഉത്സവം പള്ളിവേട്ട നാളെ; ആറാട്ട് 11ന്

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തോടനുബന്ധിച്ചുള്ള പള്ളിവേട്ട നാളെ നടക്കും. ഉത്സവത്തോടനുബന്ധിച്ചുള്ള വലിയ കാണിക്ക ചടങ്ങ് ഇന്ന് നടത്തും.രാത്രി 8.30ന് നടക്കുന്ന ചടങ്ങിൽ ക്ഷേത്രസ്ഥാനി ഉൾപ്പെടെയുള്ളവർ പങ്കെടുക്കും.

നാളെ സുന്ദരവിലാസം കൊട്ടാരത്തിനു മുന്നിൽ തയ്യാറാക്കുന്ന വേട്ടക്കളത്തിലാണ് പള്ളിവേട്ട. രാത്രി ഉത്സവശ്രീബലിക്കു ശേഷം വേട്ടയ്ക്ക് എഴുന്നള്ളിക്കും. ശ്രീപദ്മനാഭസ്വാമിയുടെ വില്ലേന്തിയ വിഗ്രഹം സ്വർണഗരുഡ വാഹനത്തിലും തിരുവമ്പാടി ശ്രീകൃഷ്ണസ്വാമിയെയും നരസിംഹമൂർത്തിയെയും വെള്ളിവാഹനത്തിലും എഴുന്നള്ളിക്കും.
വാദ്യമേളങ്ങളൊന്നും ഉപയോഗിക്കാതെയുള്ള നിശബ്ദഘോഷയാത്ര വേട്ടക്കളത്തിലെത്തുമ്പോൾ തന്ത്രി അമ്പും വില്ലും ആവാഹനം നടത്തി ക്ഷേത്ര സ്ഥാനിക്കു കൈമാറും. തുടർന്ന് ക്ഷേത്രസ്ഥാനി കരിക്കിൽ പ്രതീകാത്മകമായി അമ്പെയ്ത് വേട്ട നടത്തുന്നതോടെ ചടങ്ങുകൾ പൂർത്തിയാകും.11ന് വൈകിട്ട് അഞ്ച് മണിയോടെ ആറാട്ട് ചടങ്ങുകൾ ആരംഭിക്കും. ശ്രീകോവിലിലെ ദീപാരാധനയ്ക്കു ശേഷം ഗരുഡവാഹനത്തിൽ ശ്രീപദ്മനാഭസ്വാമിയെയും നരസിംഹമൂർത്തിയെയും ശ്രീകൃഷ്ണസ്വാമിയെയും പുറത്തേക്ക് എഴുന്നള്ളിക്കും. ഘോഷയാത്ര പടിഞ്ഞാറേകോട്ടയിലെത്തുമ്പോൾ തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രം, വടുവൊത്ത് മഹാവിഷ്ണു ക്ഷേത്രം, അരകത്ത് ദേവി ക്ഷേത്രം,പാൽക്കുളങ്ങര ചെറിയ ഉദേശ്വരം മഹാവിഷ്ണു ക്ഷേത്രം എന്നിവിടങ്ങളിലെ വിഗ്രഹങ്ങളെയും പടിഞ്ഞാറേകോട്ടയിലെത്തിക്കും. തുടർന്ന് ഘോഷയാത്ര ശംഖുംമുഖത്തേക്ക് പുറപ്പെടും. അവിടെ കൽമണ്ഡപത്തിലിറക്കിവച്ച വാഹനങ്ങളിൽ നിന്ന് വിഗ്രഹങ്ങൾ പൂജകൾക്കു ശേഷം സമുദ്രത്തിലാറാടിക്കും. രാത്രി 10 മണിയോടെ വിഗ്രഹങ്ങളെ ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളിച്ച് തന്ത്രിയുടെ നേതൃത്വത്തിൽ ശ്രീബലിയും കൊടിയിറക്കും നടക്കും.

വിമാനത്താവളം 11 ന് അടച്ചിടും
പൈങ്കുനി ആറാട്ട് ഘോഷയാത്രയുടെ ഭാഗമായി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ റൺവേ 11ന് വൈകിട്ട് 4.45 മുതൽ രാത്രി ഒൻപത് വരെ അടച്ചിടും.ഈ സമയത്തുള്ള ആഭ്യന്തര,രാജ്യാന്തര വിമാന സർവീസുകൾ പുനഃക്രമീകരിച്ചിട്ടുണ്ട്. പുതുക്കിയ സമയക്രമം അതത് എയർലൈനുകളിൽ നിന്നു ലഭ്യമാണെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL