SignIn
Kerala Kaumudi Online
Thursday, 22 October 2026 8.41 PM IST

ജില്ലാ ജയിലിൽ സഹോദരങ്ങളുടെ അക്രമം: ഉദ്യോഗസ്ഥന് പരിക്ക്

കൊച്ചി: കാക്കനാട് ജില്ലാ ജയിലിൽ റിമാൻഡ് പ്രതികളായ സഹോദരൻമാരുടെ ആക്രമണത്തിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസ‌‌ർക്ക് പരിക്കേറ്റു. സഹതടവുകാരെ മർദ്ദിച്ചെന്ന പരാതിയെ തുടർന്ന് ഇരുവരെയും സെല്ലിൽനിന്ന് പുറത്തിറക്കി ഗാർഡ് ഓഫീസിൽ കൊണ്ടുവന്നപ്പോൾ ഉച്ചയ്ക്ക് 3.30നായിരുന്നു സംഭവം. വലത് കൈയുടെ അസ്ഥി പൊട്ടിയ അസിസ്റ്റന്റ് പ്രിസൺ ഓഫിസർ അഖിൽ മോഹനൻ (30) എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി.

പൊലീസ് സ്റ്റേഷൻ അടിച്ച് തകർക്കുകയും പൊലീസ് ഡ്രൈവറെ ആക്രമിക്കുകയും ചെയ്തതുൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ അമ്പലമേട് കരിമുകൾ സ്വദേശികളായ അജിത്ത് ഗണേശനും (28), സഹോദരൻ അഖിൽ ഗണേശനുമാണ് (26) ജയിൽ ഉദ്യോഗസ്ഥനെ ആക്രമിച്ചത്. കഴിഞ്ഞ ഫെബ്രുവരി മുതൽ ജില്ലാ ജയിലിൽ റിമാൻഡിൽ കഴിയുന്ന ഇരുവരെയും എ ബ്ലോക്കിലെ സെല്ലിലാണ് പാർപ്പിച്ചിരിക്കുന്നത്. ഈ ബ്ലോക്കിലെ സഹതടവുകാരനായ ഷംനാദിനെ മർദ്ദിച്ചതിന് ജയിൽ അധികൃതർ ഇന്നലെ രാവിലെ ഇൻഫോപാർക്ക് പൊലീസ് സ്റ്റേഷനിൽ സഹോദരൻമാർക്ക് എതിരെ പരാതി നൽകിയിരുന്നു. ഇതിനിടെ മറ്റൊരു റിമാൻഡ് പ്രതിയായ മുഹമ്മദ് ഷായെ പ്രതികൾ മൂക്കിലിടിച്ച് പരിക്കേൽപ്പിച്ച വിവരം ഇന്നലെ ഉച്ചയ്‌ണ് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. ഇക്കാര്യം ചോദിക്കാൻ ഡെപ്യൂട്ടി പ്രിസൺ ഓഫീസർ വിനോദ്കുമാർ ഗാർഡ് ഓഫീസിലേക്ക് വിളിപ്പിച്ചപ്പോൾ അജിത്ത് ഗണേശൻ അക്രമാസക്തനാവുകയും കൈവശമുണ്ടായിരുന്ന ബ്ലേഡ് കൊണ്ട് ദേഹമാസകലം മുറിവേൽപ്പിച്ച് ബഹളമുണ്ടാക്കുകയും ചെയ്തു. ഈ സമയം സെല്ലിലെ ഗ്രില്ലിൽ തലയടിച്ച് ബഹളമുണ്ടാക്കിയ അഖിൽ ഗണേശനെയും വാ‌ർഡൻമാർ ഇങ്ങോട്ടെത്തിച്ചു. ഇരുവരും അക്രമാസക്തരായി ഡെപ്യൂട്ടി പ്രിസൺ ഓഫീസറെ കൈയ്യേറ്റം ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് ഗാർഡ് ഡ്യൂട്ടിയിലായിരുന്ന അസിസ്റ്റന്റ് പ്രിസൺ ഓഫീസർ അഖിൽ മോഹൻ ഓടിയെത്തിയത്. പ്രതികളെ കീഴടക്കാനുള്ള ശ്രമത്തിനിടെ നിലത്ത് തെറിച്ച് വീണതിനെ തു‌ടർന്നാണ് അഖിൽ മോഹന്റെ കൈക്ക് പൊട്ടലേറ്റത്.

പ്രതികളെ ജയിൽ ഉദ്യോഗസ്ഥർ കീഴടക്കി സി ബ്ലോക്കിലേക്ക് മാറ്റി. രാത്രി ഇൻഫോപാർക്ക് പൊലീസ് ജയിലിലെത്തി ജീവനക്കാരു‌ടെ മൊഴിയെടുത്തു. പരിക്കേറ്റ ജയിൽ ഉദ്യോഗസ്ഥന് രണ്ട് മാസത്തെ വിശ്രമമാണ് ഡോക്ടർ നിർദ്ദേശിച്ചിരിക്കുന്നത്.

14 ക്രിമിനൽ കേസുകളിലെ പ്രതിയാണ് അജിത്ത്. കാപ്പ കേസിൽ കരുതൽ തടങ്കലിലായിരുന്ന അഖിൽ 18 കേസുകളിൽ പ്രതിയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL