
ചാത്തന്നൂർ: ഉറങ്ങിക്കിടക്കുകയായിരുന്ന മകനെ മദ്യലഹരിയിൽ അച്ഛൻ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചു. ഇന്നലെ പുലർച്ചെ രണ്ടോടെ പരവൂരിലാണ് സംഭവം. പരവൂർ കുറുമണ്ഡൽ പടിഞ്ഞാറ്റെ കര വീട്ടിൽ രാജേഷിനെ (49, സുനി) ചാത്തന്നൂർ പൊലീസ് അറസ്റ്റ് ചെയ്തു. പതിനെട്ടുകാരനായ മകൻ അഭിലാഷിനെ കത്താളുപയോഗിച്ച് മുഖത്തും കഴുത്തിനും കൈയ്ക്കുമാണ് വെട്ടിയത്.
ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് പരിക്കേറ്റ അഭിലാഷിനെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. പരിക്ക് ഗുരുതരമായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവ സമയത്ത് രാജേഷും ഭാര്യയും മകനും മകളുമാണ് വീട്ടിലുണ്ടായിരുന്നത്.
കഴിഞ്ഞ ദിവസം പരവൂർ മുനിസിപ്പാലിറ്റിയിൽ നിന്ന് വീടുപണിക്ക് അനുവദിച്ച തുകയിൽ നിന്ന് 35000 രൂപ ലഭിച്ചിരുന്നു. അമ്മയും മകനും ചേർന്നാണ് തുക കൈപ്പറ്റിയത്. പണം അഭിലാഷാണ് സൂക്ഷിച്ചിരുന്നത്. വൈകിട്ട് വീട്ടിലെത്തിയ രാജേഷ് പണം ആവശ്യപ്പെട്ടു. മകൻ കൊടുക്കാൻ തയ്യാറായില്ല. ഇതോച്ചൊല്ലി വഴക്ക് നടന്നതായി നാട്ടുകാർ പറഞ്ഞു. പുറത്തുപോയ രാജേഷ് മദ്യപിച്ച ശേഷം രാത്രി 2 ഓടെ വീട്ടിലെത്തി ഹാളിൽ ഉറങ്ങിക്കിടക്കുകയായിരുന്ന മകനെ വെട്ടുകയായിരുന്നു.
സംഭവശേഷം ഇരുട്ടിൽ ഓടിമറഞ്ഞ രാജേഷിനെ പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിൽ ആറ്റിന്റെ കരയിൽ നിന്നാണ് പിടികൂടിയത്. ഇയാൾ മദ്യപിച്ച് സ്ഥിരം ശല്യക്കാരനാണെന്ന് നാട്ടുകാർ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |