
നെയ്യാറ്റിൻകര: കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത പ്രതി ജയിലിന് മുന്നിൽ വിലങ്ങൂരി രക്ഷപ്പെട്ടു. പൊലീസിനെ വെട്ടിച്ച് മുങ്ങിയ പ്രതിയെ മണിക്കൂറുകൾക്ക് ശേഷം സമീപത്തെ ക്ഷേത്രവളപ്പിൽ നിന്ന് പിടികൂടി. വിഴിഞ്ഞം ടൗൺഷിപ്പിലെ ആളില്ലാത്ത വീട്ടിൽ നിന്ന് മോഷണം നടത്തിയ കേസിൽ അറസ്റ്റ് ചെയ്ത വിഴിഞ്ഞം ഹാർബർ റോഡ് വെട്ടുവിളകം വീട്ടിൽ താജുദ്ദീൻ (24) ആണ് ജയിലിന് മുന്നിൽ നിന്ന് ശനിയാഴ്ച രാത്രി 8.15ഓടെ രക്ഷപ്പെട്ടത്. താജുദ്ദീനൊപ്പം മോഷണം നടത്തിയ അനുജൻ നജുമുദ്ദീൻ,സുഹൃത്ത് ഹാഷിം എന്നിവർ മൂന്ന് ദിവസം മുമ്പ് റിമാൻഡ് ചെയ്ത് നെയ്യാറ്റിൻകര സബ് ജയിലിലാണ്. കേസിലെ മൂന്നാം പ്രതിയായ താജുദ്ദീനെ കഴിഞ്ഞ ദിവസം രാത്രിയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്.പോക്സോ കേസിൽ പ്രതിയായ വെെശാഖിനെയും മോഷണക്കേസിൽ പ്രതിയായ താജുദ്ദീനെയും ഒരുമിച്ചായിരുന്നു വിലങ്ങിട്ടിരുന്നത്.ഇവരെ പൊലീസ് ജീപ്പിലാണ് മജിസ്ട്രേറ്റിന്റെ വസതിയിലെത്തിച്ച് റിമാൻഡ് നടപടികൾ പൂർത്തിയാക്കിയത്. ശേഷം സബ് ജയിലിന് മുന്നിലെത്തിച്ച പ്രതികളെ ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ,വൈശാഖിന്റെ കൈയിൽ നിന്നും വിലങ്ങൂരിയെടുത്ത് താജുദ്ദീൻ ഓടി രക്ഷപ്പെട്ടു.പൊലീസ് സംഘം പുറകെ ഓടിയെങ്കിലും ആളെ കണ്ടെത്താനായില്ല. തുടർന്ന് നെയ്യാറ്റിൻകര പൊലീസിനെയും വിഴിഞ്ഞം എസ്.എച്ച്.ഒയെയും വിവരമറിയിച്ചു.വിഴിഞ്ഞം സ്റ്റേഷനിലെ പൊലീസുകാരെത്തി ജയിലിന്റെ സമീപപ്രദേശങ്ങളിൽ തെരച്ചിൽ നടത്തി.പുലർച്ചെ ഒന്നരയോടെ ജയിലിന് സമീപത്തെ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള വീരചക്രം മഹാവിഷ്ണു ക്ഷേത്രവളപ്പിൽ നിന്ന് പ്രതിയെ പിടികൂടുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |