
കാട്ടാക്കട: കാട്ടാക്കടയിൽ വാഹന പാർക്കിംഗിന് പൊലീസിന്റെ പെറ്റിയടി. എന്നാൽ ടൗണിലെ പാർക്കിംഗ് നിയന്ത്രണത്തിന്റെ ഭാഗമായി നിശ്ചയിച്ച വാഹന പാർക്കിംഗ് സ്ഥലം പൊലീസ് കൈയേറി.
കാട്ടാക്കട ജംഗ്ഷനിലെ റോഡുകളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പഞ്ചായത്ത് നടപ്പിലാക്കിയ പൊലീസ് സ്റ്റേഷന് മുന്നിലെ പാർക്കിംഗ് സ്ഥലത്ത് പൊലീസിന്റെ ബാരിക്കേഡ്, പൊലീസ് പിടികൂടിയ ജെ.സി.ബി മറ്റ് വാഹനങ്ങളുൾപ്പെടെ പാർക്കിംഗ് സ്ഥലം കൈയേറിയതോടെ ബാങ്കുകളിലും വൈദ്യുതി ഭവനിലും, ഡി,വൈ.എസ്.പിയുടെ ഓഫീസിലും പൊലീസ്സ്റ്റേഷനിലും ഇവിടുത്തെ വ്യാപാര സ്ഥപനങ്ങളിലെത്തുന്നവരും വലയുകയാണ്.
ഗാതാഗത പരിഷ്കാരത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണം കാട്ടാക്കടയിലെ രൂക്ഷമായ ഗതാഗത കുരുക്കിന് ശമനമുണ്ടാക്കിയിട്ടുണ്ട്. എന്നാൽ കാറുകളും, ഇരുചക്രവാഹനങ്ങളും പാർക്ക് ചെയ്യാൻ പട്ടണത്തിൽ സൗകര്യം ഒരുക്കണമെന്നും തിരക്കൊഴിയുന്ന രാത്രി 9 മുതൽ രാവിലെ 8വരെയുള്ള സമയങ്ങളിൽ നിയന്ത്രണം ഒഴിവാക്കുകയും പിഴചുമത്തുന്നത് ഒഴിവാക്കുകയും ചെയ്യണമെന്ന ആവശ്യത്തിന് ഇതേവരെ പരിഹാരമായിട്ടില്ല.
നിയമം ലംഘിച്ചവർക്ക് പിഴ ചുമത്തി
ഈമാസം ഒന്നു മുതലാണ് പാർക്കിംഗ് നിയന്ത്രണം നടപ്പാക്കിയത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം റോഡരികിൽ നിയമം ലംഘിച്ച് വാഹനം പാർക്ക് ചെയ്ത നിരവധി പേർക്ക് മോട്ടോർ വാഹന വകുപ്പും പൊലീസും പിഴ ചുമത്തി. കെ.എസ്.ആർ.ടി.സി ഡിപ്പോയോട് ചേർന്ന് രണ്ടേക്കറോളം ഭൂമിയും കാട്ടാക്കട പട്ടണത്തിലെ കാട് കയറികിടക്കുന്ന പഞ്ചായത്ത് വക മൊളിയൂർ സ്റ്റേഡിയവും വാഹനങ്ങളുടെ പാർക്കിംഗിനും റോഡരുകുകളിലെ ചരക്ക് വാഹനങ്ങളുടെയും മറ്റ് വാഹനങ്ങങ്ങളുടെയും സ്റ്റാൻഡ് ഇവിടങ്ങളിലേക്ക് മാറ്റണമെന്ന ആവശ്യവും ഉയർന്നിരിക്കുകയാണ്.
വാഹന പാർക്കിംഗ് ബുദ്ധിമുട്ടാകുന്നു
കാട്ടാക്കടയെ ഉത്സവ ലഹരിയിലാക്കുന്ന കാട്ടാൽ മേള ദിവസങ്ങളും കാട്ടാൽ മുടിപ്പുരയിലെ കാട്ടാൽ പൊങ്കാല ദിവസങ്ങളിലും പൊലീസ് സ്റ്റേഷന് മുന്നിലെ വാഹന പാർക്കിംഗ് ജനങ്ങൾക്ക് ബുദ്ധിമുട്ടാകും. എല്ലാ വർഷവും കാട്ടാൽ പൊങ്കാല ദിവസം ജംഗ്ഷൻ മുതൽ ക്രിസ്ത്യൻ കോളേജ് റോഡ് വരെ പൊങ്കാല നീളും. അനധികൃത പാർക്കിംഗ് പൊങ്കാലയിടാനെത്തുന്ന ഭക്തജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് പ്രദേശവാസികളും പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |