വെള്ളറട: മലയോരത്ത് മഴക്കാല ശുചീകരണം തുടങ്ങിയില്ല. പകർച്ച പനിയും മഞ്ഞപിത്തവും വ്യാപകമാകുന്നു. പനി ബാധിച്ച് നിരവധിപേരാണ് ആശുപത്രികളിൽ ചികിത്സതേടിയെത്തുന്നത്. ഇതിൽ പകർച്ചപനികളും എലിപനിയും ഡെങ്കിപ്പനിയും പിടികൂടുന്നുണ്ട്. ഇതിനു പുറമെയാണ് മഞ്ഞപ്പിത്തവും വ്യാപകമാകുന്നത്.
മുൻ വർഷങ്ങളിൽ മഴ തുടങ്ങുന്നതിനു മുമ്പുതന്നെ മുൻകരുതലെന്ന നിലയിൽ മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾ പഞ്ചായത്തുകളുടെ വാർഡ് തലങ്ങളിൽ നടക്കുകയാണ് പതിവ്. എന്നാൽ ഇത്തവണ ഇതുവരെയും ഒരിടത്തും ശുചീകരണം തുടങ്ങിയില്ല. ചില പഞ്ചായത്തുകളിൽ വാർഡ് തല കമ്മറ്റികൾ കൂടിയിട്ടെയുള്ളു. വെള്ളറട ഗ്രാമപഞ്ചായത്തിലെ വെള്ളറട വാർഡിൽ ഉൾപ്പെട്ട മുട്ടയ്ക്കോട് കോളനിയിൽ രണ്ടുപേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് വാർഡ് മെമ്പർ മുൻകൈയെടുത്ത് കഴിഞ്ഞദിവസം ശുചീകരണ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. പല സ്ഥലങ്ങളിലും മാലിന്യങ്ങൾ നീക്കം ചെയ്യാതെയും ഓടകളിലെ ചെളികൾ കോരാതെയും കിടക്കുകയാണ്.
സർക്കാർ മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾ നടത്താൻ ഗ്രാമപഞ്ചായത്തുകൾക്ക് നിർദ്ദേശം നൽകിയിട്ട് നാളുകൾ ഏറെയായി. പഞ്ചായത്തിന്റെ തനത് ഫണ്ട് ഉപയോഗിക്കാനും അനുമതി നൽകിയിട്ടുണ്ട്. ശുചീകരണ പ്രവർത്തനങ്ങൾ യഥാസമയം ആരംഭിച്ചില്ലെങ്കിൽ മലയോരത്ത് വ്യാപകമായി പകർച്ചവ്യാധികൾ പടർന്നു പിടിക്കും. കൊതുക് നശീകരണ പരിപാടികൾ ഒന്നും തന്നെ തുടങ്ങിയിട്ടില്ല. ഇടയ്ക്ക് പെയ്യുന്ന മഴ രോഗികളുടെ എണ്ണം കൂട്ടുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |