SignIn
Kerala Kaumudi Online
Monday, 21 September 2026 11.38 PM IST

അടയമണിൽ കൃഷിയോട് ബൈ പറഞ്ഞ് കർഷകർ

കിളിമാനൂർ: അടയമണിൽ നെൽക്കൃഷി ഓർമ്മയാകുന്നു. കർഷകർ പരമ്പരാഗത നെൽക്കൃഷിയിൽ നിന്ന് പിന്മാറിയതോടെ വയലുകൾ തരിശിട്ട് തുടങ്ങി. കാട്ടുപന്നി ശല്യം, കാലാവസ്ഥാ വ്യതിയാനം, തൊഴിലാളികളുടെ ലഭ്യതക്കുറവ്, വർദ്ധിച്ച ചെലവ്, യഥാസമയം നെല്ലിന് വില നൽകാതിരിക്കൽ തുടങ്ങി നിരവധി കാരണങ്ങളാലാണ് കർഷകർ നെൽക്കൃഷി ഉപേക്ഷിക്കുന്നത്. പഴയകുന്നുമ്മൽ പഞ്ചായത്തിൽ വലിയ പാടശേഖരങ്ങളിൽ ഒന്നാണ് അടയമണിലേത്. മുപ്പത്തിയാറ് ഏക്കറോളം വയൽക്കൃഷി ചെയ്തിരുന്നിടത്ത് ഇപ്പോൾ കൃഷി നാമാവശേഷമായി. ഒന്നും രണ്ടും വിളകളൊന്നും തന്നെ ആരും ചെയ്തതുമില്ല.

വരമ്പൊരുക്കൽ, കന്ന്പൂട്ട്, നടവ് തുടങ്ങി എല്ലാംകൂടി അൻപതിനായിരം രൂപയോളം കൃഷിക്ക് ചെലവ് വരും. എന്നാൽ തിരികെ കിട്ടുന്നത് പകുതിയിൽ താഴെ മാത്രം. ആയിരം കിലോയോളം നെല്ല് സപ്ലെെക്കോയിൽ നൽകിയിരുന്ന പാടശേഖരമാണ് അടയമണിലേത്. പ്രതികൂല കാലാവസ്ഥ, സാമ്പത്തിക പ്രതിസന്ധി, താങ്ങാനാവാത്ത ജോലിക്കൂലി തുടങ്ങിയ പ്രതിസന്ധികൾ മറികടന്നാണ് കർഷകർ കൃഷിയിറക്കുന്നത്. നെൽവയലുകളിൽ മറ്റ് കൃഷി ചെയ്യുന്നതിനെതിരെ പരാതിയുമായി അധികൃതരെ സമീപിച്ചാൽ നിർമ്മാണമൊഴികെ മറ്റൊന്നും തടയാൻ തങ്ങൾക്കധികാരമില്ലെന്ന് പറഞ്ഞൊഴിയും. ഇത്തരം പ്രതിസന്ധികളെ തരണം ചെയ്ത് മുന്നോട്ടു പോകാൻ കഴിയാത്തതിനാൽ നെൽക്കൃഷി ഉപേക്ഷിക്കുകയെന്ന പോംവഴി മാത്രമേ കർഷകർക്ക് മുന്നിലുള്ളു.

പിന്മാറാനുള്ള കാരണങ്ങൾ

കാട്ടുപന്നി ശല്യം

കാലാവസ്ഥാ വ്യതിയാനം

തൊഴിലാളികളുടെ ലഭ്യതക്കുറവ്

വർദ്ധിച്ച ചെലവ്

തൊഴിലാളികളുടെ അഭാവം

പരമ്പരാഗത കർഷക തൊഴിലാളികളുടെ അഭാവം നെൽക്കൃഷിയെ പിറകോട്ടാക്കുന്നു. വയൽ വരമ്പ് ഒരുക്കൽ, കള പറിക്കൽ, നടീൽ തുടങ്ങിയവയ്ക്ക് ആളെ കിട്ടാനില്ല. നെൽവയലുകളുടെ ഉടമസ്ഥരും കൃഷി ചെയ്തിരുന്നവരും പ്രായമായതോടെ കൃഷിയിറക്കാതെയായി വയലുകൾ തരിശിടാൻ തുടങ്ങി. പുതിയ തലമുറ ഈ രംഗത്തേക്ക് വരുന്നതേ ഇല്ല. പാടശേഖര സമിതി, കർഷകക്കൂട്ടായ്മ എന്നിവരുടെ പരിശ്രമമാണ് അവശേഷിക്കുന്ന കൃഷി.

കാട്ടുപന്നി ശല്യവും രൂക്ഷം

കൊയ്യാൻ പാകമാകുമ്പോഴേക്കും കാട്ടുപന്നികൾ കൂട്ടത്തോടെയെത്തി ചേറിൽ ചവിട്ടിമെതിച്ച് നശിപ്പിക്കുന്നത് പതിവാണ്. കാട്ടുപന്നി ശല്യം നിയന്ത്രിക്കാൻ ആവശ്യപ്പെട്ടാൽ പോംവഴികൾ കാണാതെ അധികൃതരും കൈയൊഴിയും. പാടശേഖരങ്ങളോട് ചേർന്നുള്ള ചില വയലുടമകൾ നെൽക്കൃഷി നിറുത്തി വയൽ പണയാക്കി വാഴയും ചീരയുമൊക്കെ നടാൻ തുടങ്ങിയതോടെ പന്നിശല്യം സമീപത്തെ നെൽവയലുകളിലേക്കും വ്യാപിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL