SignIn
Kerala Kaumudi Online
Tuesday, 19 May 2026 10.29 AM IST

വാമനപുരത്തിനായി വീറോടെ

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണം അതിന്റെ പാരമ്യത്തിലേക്ക് കടന്നിരിക്കെ കഴിയുന്നത്ര വോട്ടർമാരെ നേരിട്ട് കാണാനുള്ള തിരക്കിലാണ് സ്ഥാനാർത്ഥികൾ.

വാമനപുരം മണ്ഡലം നിലനിറുത്താമെന്ന ആത്മവിശ്വാസത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡി.കെ.മുരളിയും, ഇക്കുറി വിജയം യു.ഡി.എഫിനൊപ്പമാകുമെന്ന പ്രതീക്ഷയോടെ സുധീർഷാ പാലോട്ടും, ഇരുമുന്നണികൾക്കുമൊപ്പം പ്രചാരണരംഗത്ത് സജീവമായി എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ. വേണു കാരണവരും ആവേശത്തിലാണ്.

വികസനം പറഞ്ഞ് ഡി.കെ.മുരളി


എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡി.കെ മുരളി രാവിലെ എട്ടിന് നെല്ലിക്കുന്ന് കരിക്കുഴി ഭാഗത്തുനിന്നാണ് പ്രചാരണം തുടങ്ങിയത്. കരിക്കുഴി,മുളമൂട്,മിന്നിലം, മൊട്ടക്കാവ് തുടങ്ങിയ കേന്ദ്രങ്ങളിൽ ആവേശകരമായ സ്വീകരണം.

വെയിൽ കനക്കുംമുമ്പ് മുൻ നിശ്ചയിച്ചപ്രകാരം എല്ലായിടത്തും എത്തണമെന്ന ഉദ്ദേശ്യത്തിലായിരുന്നു പ്രവർത്തകർ. കവലകളിലെ ചെറുപ്രസംഗങ്ങളിൽ ഇടതു സർക്കാരിന്റെ നേട്ടങ്ങളാണ് മുഖ്യമായും ചൂണ്ടിക്കാട്ടിയത്. അടിസ്ഥാന ജനവിഭാഗങ്ങളുടെ പ്രശ്നങ്ങളിൽ സർക്കാർ നടത്തിയ ഇടപെടലുകളും നാടിന്റെ മുഖച്ഛായ മാറ്റിയ വികസന പദ്ധതികളും ശ്രദ്ധയിൽപ്പെടുത്തി.

തെറ്റിമൂടിലെ സ്വീകരണം 11നാണ് നിശ്ചയിച്ചിരുന്നതെങ്കിലും എത്തുമ്പോൾ സമയം 12 കഴിഞ്ഞു. പൊള്ളുന്ന വെയിലിലും സ്ത്രീകളടക്കമുള്ളവർ കാത്തുനിൽപ്പുണ്ടായിരുന്നു. മണ്ണയത്തായിരുന്നു ബുധനാഴ്ചത്തെ സ്വീകരണ പരിപാടികളുടെ സമാപനം.

ജനകീയ വിഷയങ്ങൾ ചർച്ചയാക്കി സുധീർഷാ


യു.ഡി.എഫ് സ്ഥാനാർത്ഥി സുധീർഷാ പാലോടിന്റെ ആനാട് പഞ്ചായത്തിലെ പര്യടന പരിപാടികൾ രാവിലെ 8.30ന് ആർച്ച് ജംഗ്ഷനിൽ നിന്നും ആരംഭിച്ചു. മുള്ളുവേങ്ങാമൂട്,തേക്കുംമൂട്,കൂപ്പ്,വഞ്ചുവം തുടങ്ങിയ കേന്ദ്രങ്ങളിലെല്ലാം ആവേശംനിറഞ്ഞ സ്വീകരണം. വടക്കേല ഭാഗത്തെത്തുമ്പോൾ സമയം 1.40 പിന്നിട്ടു. ചൂടേറിയ കാലാവസ്ഥയിലും തൊഴിലാളികളടക്കം ഇവിടെ സ്ഥാനാർത്ഥിയുടെ വരവും കാത്ത് ഉണ്ടായിരുന്നു. പ്രചാരണ വാഹനത്തിൽ നിന്നിറങ്ങി വൃദ്ധരടക്കമുള്ളവർക്കരിലെത്തി വോട്ട് തേടി. തൊട്ടടുത്തുള്ള സൗത്ത് കേരള കാഷ്യൂ ഫാക്ടറിയായിരുന്നു അടുത്ത ലക്ഷ്യം. ഫാക്ടറിക്കുള്ളിലേക്ക് പ്രവർത്തകർക്കൊപ്പം സ്ഥാനാർത്ഥിയെത്തുമ്പോൾ തൊഴിലാളികൾ ഉച്ചഭക്ഷണം കഴിഞ്ഞ് വിശ്രമത്തിലാണ്. നിങ്ങളുടെ പ്രശ്‌നങ്ങളിൽ 'കൂടെപ്പിറപ്പായി കൂടെയുണ്ടാകുമെന്ന് ' ഉറപ്പുനൽകി തൊഴിലാളി സ്ത്രീകളോട് വോട്ടഭ്യർത്ഥിച്ചു.

മാറ്റത്തിനായി വോട്ടുതേടി വേണു കാരണവർ


എൻ.ഡി.എ സ്ഥാർത്ഥി അഡ്വ.വേണു കാരണവർ രാവിലെ ശിവഗിരി മഠത്തിൽ സന്ദർശനം നടത്തിയ ശേഷമാണ് മണ്ഡലത്തിലെത്തി പ്രചാരണ പരിപാടികളിൽ സജീവമായത്. എൻ.എസ്.എസ് ഭാരവാഹികളെയും ഇതിനിടെ സന്ദർശിച്ചു. കല്ലറ ജംഗ്ഷനിൽ വ്യാപാരസ്ഥാപനങ്ങളിലടക്കം വോട്ടഭ്യർത്ഥന നടത്തി. കേന്ദ്ര സർക്കാർ പാവപ്പെട്ടവർക്കായി നടത്തുന്ന വിവിധ പദ്ധതികൾ ചൂണ്ടിക്കാട്ടി. കേന്ദ്രപദ്ധതികളുടെ കാര്യക്ഷമമായ നടത്തിപ്പിനോട് മുഖംതിരിക്കുന്ന കേരള സർക്കാരിന്റെ നിലപാട് ജനവിരുദ്ധമാണെന്നും ബോദ്ധ്യപ്പെടുത്തി. ' സ്‌നേഹതീരം' കെയർഹോമിലായിരുന്നു തുടർന്നുള്ള സന്ദർശനം. മദർ സുപ്പീരിയർ ലിസി സ്ഥാനാർത്ഥിയെ സ്വീകരിച്ചു. ദുരിതമനുഭവിക്കുന്നവർക്കായി കേന്ദ്രസർക്കാർ നടപ്പാക്കുന്ന ക്ഷേമ പദ്ധതികളെക്കുറിച്ച് അന്തേവാസികളടക്കമുള്ളവർക്ക് മുന്നിൽ വേണു കാരണവർ വിശദീകരിച്ചു. ഉച്ചകഴിഞ്ഞ് കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ് സംബന്ധിച്ച പരിപാടിയിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL