SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.51 AM IST

'നെയ്യാർ' വെള്ളം നഗരത്തിലേക്ക്; ബദൽ ക്രമീകരണത്തിന് 73 ലക്ഷം

തിരുവനന്തപുരം: പേപ്പാറ ഡാമിലെ ജലനിരപ്പ് താഴുന്നതിനെ തുടർന്നുള്ള നഗരത്തിലുണ്ടാകുന്ന കുടിവെള്ള ക്ഷാമം ഒഴിവാക്കാനുള്ള ബദൽ പദ്ധതിക്ക് ജലസേചന വകുപ്പിന്റെ പച്ചക്കൊടി. ജലക്ഷാമം രൂക്ഷമായ 2017ലേത് സമാനമായി നെയ്യാറിൽ നിന്ന് അരുവിക്കരയിലേക്ക് വെള്ളമെത്തിക്കാനുള്ള പദ്ധതി നടപ്പാക്കും.

ഇതുമായി ബന്ധപ്പെട്ട ചെലവിന് 73 ലക്ഷം രൂപ അനുവദിച്ചു. 2017ൽ നെയ്യാറിലെ കാപ്പുകാട് നിന്ന് ഒന്നരക്കിലോമീറ്റർ പൈപ്പ് സ്ഥാപിച്ചും ശേഷിക്കുന്ന 9 കിലോമീറ്ററിൽ തോട് സജ്ജമാക്കിയുമാണ് അരുവിക്കരയിലേക്ക് വെള്ളമെത്തിച്ചത്. തുടർന്നുള്ള വർഷങ്ങളിൽ വേനലിൽ ആവശ്യത്തിന് മഴ ലഭിച്ചതിനാൽ ബദൽ ക്രമീകരണം വേണ്ടിവന്നിരുന്നില്ല. നിലവിൽ നെയ്യാറിൽ നിന്ന് വെള്ളമെത്തിക്കാൻ തോടിനെ ആശ്രയിക്കണമെങ്കിലും പലഭാഗങ്ങളും കാടുമൂടിയ നിലയിലായതിനാൽ ശുചീകരണം ആവശ്യമാണ്.

20 ദിവസത്തിനകം പണി പൂർത്തിയായി വെള്ളം നഗരത്തിലേക്കെത്തിക്കാനാകുമെന്നാണ് കരുതുന്നത്. വെള്ളം പമ്പ് ചെയ്യുന്നതിന് പ്ലാറ്റ്‌ഫോമടക്കം താത്കാലിക ക്രമീകരണങ്ങൾ കാപ്പുകാട് സജ്ജമാക്കിയിട്ടുണ്ട്. തോടുകളിലെ തടസം നീക്കി വെള്ളമെത്തിക്കാൻ യോഗ്യമാക്കേണ്ടത് ഇറിഗേഷൻ വകുപ്പും പമ്പിംഗിനുള്ള സൗകര്യങ്ങളൊരുക്കേണ്ടത് ജല അതോറിട്ടിയുമാണ്. തോട് ഉപയോഗ യോഗ്യമാക്കൽ നടപടികൾ പുരോഗമിക്കുന്ന ഘട്ടത്തിൽ സമാന്തരമായി ജല അതോറിട്ടി പമ്പിംഗിനുള്ള ക്രമീകരണങ്ങളും ആരംഭിക്കും. 29 ദിവസം പമ്പിംഗിനുള്ള വെള്ളമാണ് പേപ്പാറ ഡാമിലുള്ളത്. ഇന്നലെ വൈകിട്ട് 5 വരെ ജലനിരപ്പ് 96.55 മീറ്ററാണ്.

2017ൽ പമ്പ്

ചെയ്‌തത് 9 ദിവസം


2017 ഏപ്രിലിലാണ് നെയ്യാറിൽ നിന്ന് നഗരത്തിലേക്ക് വെള്ളമെത്തിച്ചത്. അന്ന് 74 മീറ്റർ വെള്ളമായിരുന്നു നെയ്യാറിലുണ്ടായിരുന്നത്. ഇപ്പോഴത്തെ ജലനിരപ്പ് 78.47 മീറ്ററാണ്. തോട് വഴിയുള്ള ജലനഷ്ടമുണ്ടാകാതിരിക്കാൻ ടാർപോളിൻ ഷീറ്റ് വിരിച്ചും മണ്ണിടിച്ചിലുണ്ടാകാൻ സാദ്ധ്യതയുള്ള ഭാഗങ്ങളിൽ സ്റ്റീൽ ഷീറ്റ് ക്രമീകരിച്ചുമായിരുന്നു അന്ന് ക്രമീകരണം. ദിവസവും 117 എം.എൽ.ഡി വെള്ളമാണ് നെയ്യാറിൽ നിന്നും കരമനയാറിലെത്തിച്ചത്. 9 ദിവസമാണ് ഇത്തരത്തിൽ പമ്പിംഗ് നടത്തിയത്. പിന്നീട് മഴ കിട്ടിയതോടെ ബദൽ ക്രമീകരണം അവസാനിപ്പിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL