SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.48 AM IST

നെടുമങ്ങാട് മേഖലയിലെ ഓടകളിൽ മാലിന്യവും വെള്ളക്കെട്ടും

photo

നെടുമങ്ങാട്: വേനൽമഴയിൽ ഓടകളിലും പൊതുസ്ഥലങ്ങളിലും മാലിന്യമടിയുന്നു. മഴക്കാലപൂർവ ശുചീകരണം കാര്യക്ഷമമായി നടപ്പാക്കാത്തതാണ് ദുരവസ്ഥയ്ക്ക് വഴിയൊരുക്കിയതെന്ന് പരാതിയുണ്ട്.

നെടുമങ്ങാട് നഗരസഭയിലും കരകുളം,അരുവിക്കര,ആനാട്,പനവൂർ പഞ്ചായത്തുകളിലും മിക്ക റോഡുകളിലും വെള്ളക്കെട്ടും മാലിന്യവും പതിവ് കാഴ്ചയായി മാറുകയാണ്.

നടപടി വേണം

പൊതുമരാമത്ത് വക റോഡുകളുടെ ഓരത്തെ ഓടകൾ ശുചീകരിക്കേണ്ടത് തദ്ദേശ സ്ഥാപനങ്ങളല്ലെന്ന വാദമാണ് തദ്ദേശ ജനപ്രതിനിധികളിൽ ചിലർ ഉയർത്തുന്നത്. മരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരാകട്ടെ,റോഡുകളിലെ വെള്ളക്കെട്ടും മാലിന്യവും കണ്ടില്ലെന്ന മട്ടിലുമാണ്. അധികൃതരുടെ അനാസ്ഥയും പഴിചാരലും ഉപേക്ഷിച്ച് ഓടകളിലെ മണ്ണും മാലിന്യങ്ങളും നീക്കം ചെയ്യുന്നതിന് അടിയന്തര നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഓട പൂർണമായും അടഞ്ഞു

പഴകുറ്റി-സത്രം ജംഗ്‌ഷൻ-കച്ചേരിനട റോഡിൽ പഴകുറ്റി പെട്രോൾ പമ്പിന് സമീപത്തെ ഓട പൂർണമായും അടഞ്ഞു. വെള്ളം റോഡിലൂടെ ഒഴുകി കാൽനട യാത്രക്കാരും ഇരുചക്രവാഹന യാത്രക്കാരും ദുരിതത്തിലായ അവസ്ഥയിലാണ്. ഓടയ്ക്കു മുകളിലൂടെയും റോഡിലൂടെയും വെള്ളം ഒഴുകുന്നത് കാൽനട യാത്രക്കാരെ വട്ടം ചുറ്റിക്കുന്നുണ്ട്. റോഡരികിലെ ഓടയിലൂടെ ഒഴുകുന്ന വെള്ളം പഴകുറ്റി പെട്രോൾ പമ്പിന് സമീപത്താണ് എത്തുന്നത്. സമീപത്തെ കലുങ്കിലൂടെ ഒഴുകി കിള്ളിയാറിന്റെ കൈവഴിയായ കാക്കത്തോട്ടിൽ പതിക്കേണ്ട വെള്ളമാണ് ഓടയ്ക്ക് മുകളിലും റോഡിലുമായി ഒഴുകുന്നത്. റോഡിന് കുറുകെ ഒഴുകി എതിർവശത്തെ വെയർ ഹൗസിനു മുന്നിലാണ് വെള്ളം കെട്ടിനിൽക്കുന്നത്. ഈ ഭാഗത്തെ ടാറിംഗ് തകരുന്നതിന് ഇടയാക്കുമെന്ന ആശങ്കയുമുണ്ട്. അടുത്തിടെ നവീകരിച്ച് ഗതാഗതയോഗ്യമാക്കിയ റോഡിലാണ് ഓട പൂർണമായി അടഞ്ഞത്.

മഴക്കാലപൂർവ ശുചീകരണം കാര്യക്ഷമമല്ലെന്ന് പരാതി

തെങ്കാശി അന്തർസംസ്ഥാന പാതയിൽ അഴിക്കോട്, പതിനൊന്നാംകല്ല്,കല്ലമ്പാറ,കൊല്ലങ്കാവ്,ആനാട് ഭാഗങ്ങളിലും ഓടകളടഞ്ഞ് മഴവെള്ളം നിരത്തിലൂടെ ഒഴുകുകയാണ്.വേനൽമഴയ്ക്ക് മുമ്പ് ഓടകൾ മാലിന്യമുക്തമാക്കി നീരൊഴുക്ക് തടസപ്പെടാതിരിക്കാൻ ആവശ്യമായ ഫണ്ട് തദ്ദേശ സ്ഥാപനങ്ങൾ മുഴുവൻ വാർഡുകൾക്കും കൈമാറിയതാണ്. എന്നാൽ,പല വാർഡുകളിലും ശുചീകരണം ഫലപ്രദമായി നടന്നില്ലെന്നാണ് ആക്ഷേപം ഉയരുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL