
വിതുര: തൊളിക്കോട് പഞ്ചായത്തിലെ മലയടി പുളിമൂട് വാർഡുകളെ ബന്ധിപ്പിക്കുന്ന അഞ്ച് കിലോമീറ്ററോളം ദൈർഘ്യമുള്ള പൊൻപാറ ചെരുപ്പാണി റോഡ് ശോച്യാവസ്ഥയിൽ. പൊൻമുടി തിരുവനന്തപുരം സംസ്ഥാനപാതയിൽ തോട്ടുമുക്ക് വളവിൽ നിന്നും പൊൻപാറ വഴി ചെരുപ്പാണിയിലേക്ക് പോകുന്ന പ്രധാന റോഡാണ് വർഷങ്ങളായി തകർന്ന് കിടക്കുന്നത്.
നേരത്തേ റോഡിലൂടെ കെ.എസ്.ആർ.ടി.സി ബസ് സർവീസ് നടത്തിയിരുന്നു. സ്കൂൾ വാഹനങ്ങളടക്കം നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. റോഡിന്റെ മിക്ക ഭാഗത്തും ഓടകൾ നിർമ്മിച്ചിട്ടില്ല. റോഡിന് വേണ്ടത്ര വീതിയുമില്ല. മഴയായാൽ റോഡിലൂടെയുള്ള യാത്ര ഏറെ അപകടം നിറഞ്ഞതാണ്.
അപകടങ്ങൾ പതിവ്
റോഡിന്റെ ശോച്യാവസ്ഥ നിമിത്തം അനവധി അപകടങ്ങളാണ് അരങ്ങേറിയത്. ഇരുചക്രവാഹനങ്ങളാണ് കൂടുതലും അപകടത്തിൽപ്പെടുന്നത്. നേരത്തേ റോഡിൽ നടന്ന ബൈക്കപകടത്തിൽ മലയടി സ്വദേശിയായ യുവാവ് മരണപ്പെട്ടിരുന്നു. റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ മന്ത്രിക്കും എം.പിക്കും എം.എൽ.എക്കും ത്രിതല പഞ്ചായത്തിലും അനവധി തവണ നിവേദനം നൽകിയിരുന്നു. സമരപരമ്പരകളും അരങ്ങേറി.
നടപടി വൈകുന്നു
മുൻപ് റോഡ് ഗതാഗതയോഗ്യമാക്കുവാൻ ഫണ്ട് അനുവദിച്ചെങ്കിലും നടന്നില്ല. റോഡിന്റെ ശോച്യാവസ്ഥയും അപകടങ്ങളും ചൂണ്ടിക്കാട്ടി കേരളകൗമുദി അനവധി തവണ വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആദിവാസികാണിക്കാർ സംയുക്തസംഘം സംസ്ഥാനകമ്മിറ്റിയും നിവേദനം നൽകിയിരുന്നു. നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ പ്രഖ്യാപനം നടത്തിയെങ്കിലും വാഗ്ദാനം പാലിച്ചില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |