
നെയ്യാറ്റിൻകര: ക്രൈം കേസുകളിൽ പിടികൂടിയ വാഹനങ്ങളുടെ ശവപ്പറമ്പായി മാറിയിരിക്കുകയാണ് നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷൻ പരിസരം. ആറു വർഷം മുമ്പ് പഴയ പൊലീസ് സ്റ്റേഷൻ കെട്ടിടത്തിൽ നിന്ന് ജനറൽ ആശുപത്രിക്ക് പിറകുവശത്തുള്ളകെട്ടിടത്തിലേക്ക് പൊലീസ് സ്റ്റേഷൻ മാറിയപ്പോൾ പഴയ വാഹനങ്ങളും ഇങ്ങോട്ടേക്ക് മാറ്റിയിരുന്നു. കാറും ബൈക്കുകളുമായി ഏതാണ്ട് അറുന്നൂറിലെറെ വാഹനങ്ങളാണ് ഇവിടെയുള്ളത്. പല വാഹനങ്ങളുടെയും ടയറും എഞ്ചിനും ദ്രവിച്ച അവസ്ഥയാണ്. വാഹനങ്ങൾ ലേലം ചെയ്തു കൊടുക്കാൻ മുമ്പ് പൊലീസ് പദ്ധതിയിട്ടെങ്കിലും ഫലപ്രദമായിരുന്നില്ല. ഇപ്പോൾ പ്രദേശത്തെ തെരുവ് നായ്ക്കളുടെ പ്രധാന വിശ്രമ കേന്ദ്രങ്ങളിൽ ഒന്നാണിവിടം.
മോഷണം പതിവ്
ഈ വാഹനങ്ങളിൽ നിന്ന് ബാറ്ററിയും മറ്റ് വിലപിടിപ്പുള്ള സാധനങ്ങളും അടിച്ചു മാറ്റുന്ന ഒരു ടീം തന്നെ ഇവിടെയുണ്ട്. പൊലീസ് പാറാവുകാരുടെ കണ്ണ് തെറ്റിയാൽ ബൈക്ക് കാലിയാകും. വാഹനങ്ങളിൽ നിന്ന് എന്തെല്ലാമാണ് മോഷണം പോയിട്ടുള്ളതെന്ന കൃത്യമായ വിവരവും അധികൃതർക്കില്ല.
'സ്പേസ്' പദ്ധതിയിൽ പ്രതീക്ഷ
വാഹനങ്ങളെ പൊളിച്ചടുക്കാനായി ആഭ്യന്തര വകുപ്പ് ആരംഭിക്കുന്ന പുതിയ “സ്പേസ്” (സ്ക്രാപ്പ് പ്രോസസിംഗ് ഫോർ ഏരിയാ ക്ളീനപ്പ് ആൻഡ് എൻഹാൻസ്മെന്റ്) പദ്ധതിയിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനും. കേരള പൊലീസ് ഹൗസിംഗ് ആൻഡ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ ലിമിറ്റഡിന്റെ നേതൃത്വത്തിൽ, കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ‘സീറോ’ യുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ‘റീക്ലെയിം, റിന്യൂ, റിവൈവ്’ എന്ന ടാഗ്‌ലൈനിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |