SignIn
Kerala Kaumudi Online
Tuesday, 28 July 2026 4.26 PM IST

ദുരിതങ്ങളുടെ തീച്ചൂളയിൽ ഇവിടെ കുറെ പേർ...

അന്ന് പുലർച്ചെ 5.30 കഴിഞ്ഞിട്ടുണ്ടാകും... രാജാജി നഗറിലെ ജീർണാവസ്ഥയിലുള്ള ഇരുനില ഫ്ലാറ്റിലെ മുകളിലത്തെ നിലയിൽ വത്സല (63) നിലത്ത് കിടന്നുറങ്ങുമ്പോൾ 8 വയസുകാരൻ പേരക്കുട്ടിയും അരികിലായിരുന്നു. പെട്ടെന്നാണ് ഉഗ്ര ശബ്ദത്തോടെയാണ് മുകളിൽ നിന്ന് കോൺക്രീറ്റ് പാളികൾ അടർന്നുവീണത്.

നിലവിളിക്കുന്നതിനു മുമ്പേ വത്സലയുടെ ശരീരത്തേക്ക് കോൺക്രീറ്റ് പാളികൾ പൊടിഞ്ഞുവീണിരുന്നു. വേദനകൊണ്ട് പുളയുമ്പോഴും പേരക്കുട്ടി പരിക്കില്ലാതെ രക്ഷപ്പെട്ടത് അവർക്ക് ആശ്വാസമായി. ശബ്ദംകേട്ട് വീട്ടിലുണ്ടായിരുന്നവർ ഓടിയെത്തുമ്പോൾ സിമന്റ് പാളികൾക്കും പൊടിപടലങ്ങൾക്കുമിടയിൽ അവശനിലയിലായിരുന്നു വത്സല. തലയ്ക്ക് ഉൾപ്പെടെ പരിക്കേറ്റ് ജനറൽ ആശുപത്രിലും തുടർന്ന് മെഡിക്കൽ കോളേജിലും ചികിത്സയിലായിരുന്നു. ഒരു മാസത്തെ ചികിത്സയ്ക്കുശേഷം വീട്ടിലെത്തിയിട്ട് ദിവസങ്ങളേ ആകുന്നുള്ളു. '' തകർന്നുവീണ കോൺക്രീറ്റ് ഭാഗങ്ങളുടെ ശേഷിപ്പുകൾ തലയ്‌ക്ക് മുകളിൽ ഇപ്പോഴുമുണ്ട്,​ എപ്പോൾ വേണമെങ്കിലും അപകടമുണ്ടാകാം'' അന്നത്തെ സംഭവം ഓർത്തെടുക്കുമ്പോൾ വത്സലയുടെ ഉള്ള് നീറുകയാണ്...

രക്ഷപ്പെടുന്നത് 'ആയുസിന്റെ ബലംകൊണ്ടുമാത്രം"

രാജാജി നഗറിൽ ദുരിതജീവിതം അനുഭവിക്കുന്ന നൂറുകണക്കിന് കുടുംബങ്ങളിലെ ഒരാൾ മാത്രമാണ് വത്സല. സമാനമായ അപകടങ്ങൾ ഇവിടെ പതിവാണ്. 75കാരി ബെൽസമ്മയുടെ ശരീരത്തിലും ഒന്നിലധികം തവണ കോൺക്രീറ്റ് ഭാഗങ്ങൾ അടർന്നുവീണിരുന്നു. 'ആയുസിന്റെ ബലംകൊണ്ട് രക്ഷപ്പെടുന്നുവെന്നു മത്രം.എല്ലാം ഞങ്ങളുടെ വിധി എന്ന് മാത്രമേ ഇവർക്കൊക്കെ പറയാനുള്ളു. എ.കെ.ആന്റണി മുഖ്യമന്ത്രിയും ഉമ്മൻചാണ്ടി ഭവന നിർമ്മാണ മന്ത്രിയുമായിരുന്നപ്പോൾ ആവിഷ്കരിച്ചകരിച്ച ചേരീപരിഷ്‌കരണ പദ്ധതി 48 വർഷം കഴിയുമ്പോഴും ലക്ഷ്യം കണ്ടിട്ടില്ല. 2015ൽ ഇവിടെ 1000 വീടുകൾ നിർമ്മിക്കുന്ന പദ്ധതിക്ക് സർക്കാർ രൂപം നൽകിയെങ്കിലും വിവാദങ്ങളെത്തുടർന്ന് നടപ്പായില്ല. സ്മാർട്ട്സിറ്റി പദ്ധതിയുടെ ഭാഗമായി സമീപകാലത്ത് 32 ഫ്ളാറ്റുകളുടെ നിർമ്മാണം നടത്തിയെങ്കിലും ഗുണഭോക്താക്കളെ കണ്ടെത്തി കൈമാറാനായിട്ടില്ല. ഈ ഫ്ളാറ്റുകൾ ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്.

രാജാജി നഗറിന്റെ ചരിത്രവും വർത്തമാനവും
കോർപ്പറേഷനിലെ തമ്പാനൂർ വാർഡിൽ ഉൾപ്പെടുന്നതാണ് രാജാജി നഗർ. ഒരുകാലത്ത് വിശാലമായ പാടശേഖരമായിരുന്നു ഇവിടം. ഈ ഏലായിൽ നിന്നാണ് സെക്രട്ടേറിയറ്റിന്റെ നിർമ്മാണത്തിന് വേണ്ട ചുടുകല്ലുകൾ വാർത്തെടുത്തിരുന്നത്. അങ്ങനെയാണ് ചെങ്കൽച്ചൂള എന്ന പഴയ പേര് ലഭിച്ചതെന്ന് തിരുവിതാംകൂറിന്റെ ചരിത്ര പുസ്തകങ്ങളിൽ പറയുന്നു.12 ഏക്കറിലധികം വരുന്ന സ്ഥലത്ത് 1200ലേറെ കുടുംബങ്ങളിലുള്ള 5000ഓളം പേർ ജീവിക്കുന്നു. ഇതിൽ 900ഓളം കുടുംബങ്ങൾ നാല് പതിറ്റാണ്ടിലേറെ പഴക്കമുള്ള ഫ്ലാറ്റുകളിലാണ് കഴിയുന്നത്. 300ലധികം കുടുംബങ്ങൾ കുടിലുകളിലും ഷെഡുകളിലുമായി രാജാജിനഗറിന്റെ വിവിധ ഭാഗങ്ങളിലുണ്ട്.

(തുടരും)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL