വിതുര: തൊളിക്കോട്, വിതുര പഞ്ചായത്തുകളുടെ അതിർത്തിപ്രദേശമായ പേരയത്തുപാറ, ചാരുപാറ മണലയം മേഖലകളിൽ തെരുവ് നായ്ക്കളുടെ ശല്യം വർദ്ധിക്കുന്നതായി പരാതി. പേവിഷബാധയുള്ള തെരുവുനായ്ക്കളും തെരുവോരങ്ങളിൽ ചുറ്റിത്തിരിയുന്നുണ്ട്. നായ്ക്കൾ റോഡിന് കുറുകേ ചാടി ബൈക്ക് തട്ടി മറിഞ്ഞ് അനവധി അപകടങ്ങളുമുണ്ടാകുന്നുണ്ട്. നാട്ടുകാർ പഞ്ചായത്തിൽ പരാതികൾ നൽകിയിട്ടും നടപടിയുണ്ടായിട്ടില്ല.
അനവധി പേർ തെരുവുനായ്ക്കളുടെ ആക്രമണത്തിന് വിധേയരായിട്ടുണ്ട്. രാത്രിയിൽ ചേന്നൻപാറ, പേരയത്തുപാറ, മണലയം, ചാരുപാറ മേഖലകളിൽ നായ്ക്കളെ കൊണ്ടിറക്കി വിടുന്നതായും പരാതിയുണ്ട്. ഇവ വീടുകളിൽ കയറി കോഴികളേയും ആടുകളേയും കടിച്ചുകൊല്ലുന്നുണ്ട്.
വിദ്യാർത്ഥികൾ ബുദ്ധിമുട്ടിൽ
ചാരുപാറയിൽ പ്രവർത്തിക്കുന്ന വിതുര എം.ജി.എം പൊൻമുടിവാലി പബ്ലിക് സ്കൂൾ പരിസരത്തും തെരുവ്നായ്ക്കളുടെ ശല്യമുണ്ട്. ഇവ സ്കൂളിലും അതിക്രമിച്ച് കയറുന്നുണ്ട്. ഇതിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് എം.ജി.എം സ്കൂൾ പ്രിൻസിപ്പൽ ദീപാ സി.നായരും വൈസ് പ്രിൻസിപ്പൽ സ്മിതാരാജീവും, മാനേജർ അഡ്വ.എൽ.ബീനയും പഞ്ചായത്തിൽ പരാതികൾ നൽകിയെങ്കിലും നടപടികൾ സ്വീകരിച്ചിട്ടില്ല.
റോഡ് തെരുവുനായ്ക്കളുടെ നിയന്ത്രണത്തിൽ
പൊൻമുടി സംസ്ഥാനപാതയിൽ തൊളിക്കോട്-തോട്ടുമുക്ക് മുതൽ വിതുര വരെയുള്ള ഭാഗം രാത്രിയിൽ തെരുവ് നായ്ക്കളുടെ നിയന്ത്രണത്തിലാണ്. പൊൻമുടി തിരുവനന്തപുരം സംസ്ഥാന പാതയോരങ്ങളിൽ നിക്ഷേപിച്ചിരിക്കുന്ന ഇറച്ചി വേസ്റ്റുൾപ്പെടെയുള്ള മാലിന്യങ്ങളാണ് ഇവരുടെ ഭക്ഷണം. വിതുര പഞ്ചായത്തിലെ ആശുപത്രിജംഗ്ഷൻ, സ്കൂൾ ജംഗ്ഷൻ, കൊപ്പം,തേവിയോട് കെ.എസ്.ആർ.ടി.സി പരിസരം,കലുങ്ക് ജംഗ്ഷൻ എന്നിവിടങ്ങളിലും നായ് ശല്യം രൂക്ഷമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |