
കിളിമാനൂർ: ടാറിളകി കല്ലുകൾ പുറത്തേക്ക് വന്ന് അസ്ഥികൂടമായൊരു റോഡ്.ഈ വഴി സഞ്ചരിക്കുന്നവരുടെ എല്ലൂരി കൈയിൽ പിടിക്കാം...നന്തായി വനം റോഡിനെ കുറിച്ച് പ്രദേശവാസികളുടെ അഭിപ്രായമാണിത്.
പൊയ്കവിള - നന്ദായ് വനം - ശിവൻമുക്ക് റോഡ് തകർന്ന് തരിപ്പണമായിട്ട് കാലങ്ങളായി.വെള്ളല്ലൂർ - നഗരൂർ വില്ലേജുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡാണ്.അതുകൊണ്ട് തന്നെ നിരവധിപ്പേരാണ് ഇതുവഴി ദിനവും സഞ്ചരിക്കുന്നത്.
2024ൽ ജനകീയ കൂട്ടായ്മയുടെ റിലേ സമരത്തിനൊടുവിൽ ഒ.എസ്.അംബിക എം.എൽ.എ സമരപ്പന്തൽ സന്ദർശിച്ച്,റോഡ് നവീകരിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു.തുടർന്ന് അന്നത്തെ സംസ്ഥാന ബഡ്ജറ്റിൽ 2 കോടി രൂപ അനുവദിക്കുകയും ചെയ്തു.
ബി.എം ആൻഡ് ബി.സി നിലവാരത്തിൽ ഒരു കിലോമീറ്റർ റോഡ് നിർമ്മാണത്തിന് 1കോടി രൂപ വേണ്ടിയിരിക്കെ മൂന്ന് കിലോമീറ്ററോളം വരുന്ന റോഡിന് 2 കോടി രൂപ മാത്രമാണ് അനുവദിച്ചത്.
മതിയായ എസ്റ്റിമേറ്റ് എടുക്കാതെയാണ് എന്ന ആക്ഷേപം നിലനിൽക്കേ തന്നെ റോഡിന്റെ 700 മീറ്റർ പൊളിച്ച് നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു.പഞ്ചായത്ത് തിരഞ്ഞെടുപ്പിനു മുൻപ് തിടുക്കപ്പെട്ട് റോഡിന്റെ നിർമ്മാണോദ്ഘാടനവും നടത്തി.പൈപ്പ് ലൈൻ നിർമ്മാണത്തിന്റെ പേര് പറഞ്ഞ്,ഏകദേശം ഒരു വർഷത്തോളം റോഡ് പണി നീട്ടിവച്ചിരുന്നു.
പൈപ്പ് ലൈൻ കുഴി എടുത്തതോടെയും,നിർമ്മാണോദ്ഘാടനത്തിനായി റോഡിന്റെ കുറച്ചു ഭാഗങ്ങൾ വെട്ടിപ്പൊളിച്ചതോടെയും യാത്രാ ദുരിതം വർദ്ധിച്ചു.കാൽനട യാത്രക്കാർക്ക് പോലും നടക്കാൻ പറ്റാത്ത അവസ്ഥയാണ്.ഇരുചക്ര വഹനങ്ങൾ കുഴിയിൽ വീണ് അപകടം പറ്റുന്നതും നിത്യ സംഭവമായി.
ജലജീവൻ പദ്ധതിയുമായി ബന്ധപ്പെട്ട് പൈപ്പ് ഇടുന്നതിനായി എടുത്ത കുഴികൾ മൂടി കോൺക്രീറ്റ് ചെയ്യുന്നതിന് പഞ്ചായത്ത് ഫണ്ട് അനുവദിച്ചു.അതിന്റെ പ്രവർത്തനങ്ങൾ നടന്നു വരികയാണ്.ഇത് കഴിഞ്ഞാലുടൻ റോഡിന്റെ പണിയാരംഭിക്കും.
ഒ.എസ്.അംബിക എം.എൽ.എ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |