നെയ്യാറ്റിൻകര: കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്ന് പുറത്തിറങ്ങിയ പ്രതിയെ നെയ്യാറ്റിൻകര സബ് ജയിലിന് മുന്നിലെ ജി.ഡി ഓഫീസിന് സമീപത്തുവച്ച് ജയിലിലെ പൊലീസുകാർ ക്രൂരമായി മർദ്ദിച്ചെന്ന് പരാതി. നെയ്യാറ്റിൻകര കോട്ടപ്പുറം സ്വദേശി വിനീതിനെ (36) മർദ്ദിച്ചെന്നാണ് ആരോപണം. ജയിലിലെ ഇരുമ്പ് പൂട്ടും വടിയും കൊണ്ട് നട്ടെല്ലിലും അടിവയറ്റിലും ഇടിച്ച് പരിക്കേല്പിച്ചെന്ന് ആഭ്യന്തര മന്ത്രിക്കും ജയിൽ ഡി.ഐ.ജിക്കും സബ് ജയിൽ സൂപ്രണ്ടിനും വിനീത് നൽകിയ പരാതിയിൽ പറയുന്നു.
ഗുരുതരമായി പരിക്കേറ്റ വിനീത് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇക്കഴിഞ്ഞ ഒന്നിന് പണമിടപാടുമായി ബന്ധപ്പെട്ട് അയൽക്കാരി നൽകിയ പരാതിയെ തുടർന്നാണ് വിനീതിനെ നെയ്യാറ്റിൻകര പൊലീസ് അറസ്റ്റുചെയ്തത്. പിറ്റേദിവസം നെയ്യാറ്റിൻകര ജുഡിഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയപ്പോൾ സ്ത്രീ പരാതി പിൻവലിക്കുകയും വിനീത് കുറ്റം സമ്മതിക്കുകയും ചെയ്‌തതോടെ ജാമ്യം നൽകുകയായിരുന്നു. അറസ്റ്റുചെയ്‌ത് കോടതിയിൽ ഹാജരാക്കുമ്പോൾ നടത്തിയ വൈദ്യപരിശോധനയിൽ ദേഹത്ത് മുറിവില്ലെന്ന് സാക്ഷ്യപ്പെടുത്തിയിരുന്നു. പൊലീസുകാർക്കെതിരെ നടപടി വേണമെന്നാണ് വിനീതിന്റെ ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |