
കൊച്ചി: വിവാദമായ അവയവക്കച്ചവട കേസിൽ മുഖ്യപ്രതി നജീബ് കല്ലട്രയുടെ പ്രധാന ഇടനിലക്കാരൻ കോടതിയിൽ കീഴടങ്ങി. വ്യാജരേഖകളുടെ സഹായത്തോടെ നിരവധി വൃക്ക ഇടപാടുകൾക്ക് ചുക്കാൻപിടിച്ച പാലാ ലാളംപോണാട് എടക്കാവിൽവീട്ടിൽ ഇ.കെ. ബിനുവാണ് (52) ഇന്നലെ ചോറ്റാനിക്കര കോടതിയിൽ കീഴടങ്ങിയത്.
അമ്പലമേട് പൊലീസ് രജിസ്റ്റർചെയ്ത കേസിലെ എട്ടാം പ്രതിയായ ഇയാളെ കോടതി കാക്കനാട് ജില്ലാ ജയിലിൽ 14 ദിവത്തെ ജുഡിഷ്യൽ റിമാൻഡിൽ വിട്ടു. പ്രതിയെ കസ്റ്റഡിയിൽവാങ്ങി ചോദ്യംചെയ്യാൻ അമ്പലമേട് പൊലീസ് ഇന്ന് കോടതിയിൽ അപേക്ഷനൽകും. ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ എറണാകുളം ജില്ലാ പ്രൻസിപ്പൽ സെഷൻസ് കോടതിയും ഹൈക്കോടതിയും നേരത്തെ തള്ളിയിരുന്നു.
അവയവക്കച്ചവട കേസിൽ വാഴൂരിൽനിന്ന് അറസ്റ്റിലായ മറ്റൊരു പ്രതി മായയിൽ നിന്നാണ് ബിനുവിനെക്കുറിച്ച് പൊലീസിന് ലഭിച്ചത്. മായയുടെ സഹോദരനെന്ന വ്യാജേന അന്യസംസ്ഥാനക്കാരന് കേരളത്തിൽ വൃക്കസ്വീകരിക്കാൻ അവസരം ഒരുക്കിയത് ബിനുവായിരുന്നു. ഇതിനായി മായയുടെ റേഷൻകാർഡിൽ അന്യസംസ്ഥാനക്കാരന്റെ പേര് കൂട്ടിച്ചേർക്കാൻ ആവശ്യമായ വ്യാജരേഖകൾ നജീബിന്റെ ഒത്താശയോടെ തയ്യാറാക്കിയതും ഇയാളാണ്. ഈ ഇടപാടിൽ വൃക്കദാതാവിന് നൽകാൻ നജീബ് നൽകിയ 12ലക്ഷംരൂപയിൽ 4ലക്ഷംരൂപ ബിനു കമ്മീഷൻ ഇനത്തിൽ സ്വന്തം പോക്കറ്റിലാക്കിയെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
പാലാ കേന്ദ്രീകരിച്ച് റിയൽ എസ്റ്റേറ്റ് ഇടപാടും ബ്രോക്കറിംഗും നടത്തുന്ന ബിനു സ്വന്തമായി ഓട്ടോയും ഓടിക്കുന്നു. നാലുവർഷമായി നജീബിന്റെ പ്രധാന ഇടനിലക്കാരനായി പ്രവർത്തിക്കുന്ന പ്രതി അവയവക്കച്ചവടത്തിന്റെ പ്രധാനകണ്ണികളിൽ ഒരാളാണ്. ഇയാളെ ചോദ്യംചെയ്യുന്നതോടെ ഇടപാടിൽ പങ്കുള്ള കൂടുതൽ ആൾക്കാരിലേക്ക് എത്താമെന്നാണ് കണക്കുകൂട്ടൽ. അമ്പലമേട് എസ്.എച്ച്.ഒ അജിത്‌കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
മേയ് 7നാണ് നജീബ് കല്ലട്രയും കുടുംബവും കുന്നത്ത്നാട് പെരിങ്ങാല പോത്താനംപറമ്പ് കാരുകുന്നത്ത് വാടകയ്ക്ക് താമസിക്കുന്ന ഫ്ലാറ്റിൽനിന്ന് അവയദാനവുമായി ബന്ധപ്പെട്ട രേഖകൾ പൊലീസ് പിടിച്ചെടുത്തത്. കല്ലട്ര നജീബ്, ഭാര്യ റഷീദ, സണ്ണി വർഗീസ്, സിനി വർഗീസ്, സനോജ്, വിനോദ്, ശ്രീജ, സുധീർ എന്നിവരെ കുന്നത്ത്നാട് പൊലീസും മായ, ആലപ്പുഴയിൽ താമസിക്കുന്ന മറയൂർ സ്വദേശി ഡിബിൻ ജോസഫ് ഉൾപ്പെടെ രണ്ട് പ്രതികളെ അമ്പലമേട് പൊലീസും നേരത്തെ അറസ്റ്റുചെയ്തിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |