തിരുവനന്തപുരം: ജില്ലയിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ കൊതുക് നശീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ ആരോഗ്യവകുപ്പ് നിർദ്ദേശം. കൊതുകിന്റെ സാന്ദ്രത കൂടിയ 21 പ്രദേശങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇവിടങ്ങളിൽ പ്രത്യേക ശ്രദ്ധ പുലർത്താൻ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾക്കും തദ്ദേശ സ്ഥാപനങ്ങൾക്കും നിർദ്ദേശം നൽകി.
കൊതുകിന്റെ സാന്ദ്രത കൂടിയ സ്ഥലങ്ങൾ
വട്ടിയൂർക്കാവ്,നേമം,ചെട്ടിവിളാകം,പാങ്ങപ്പാറ,വേളി,വെള്ളറട,മുട്ടട,തൃക്കണ്ണാപുരം,നന്തൻകോട്,കുന്നത്തുകാൽ,പുല്ലുവിള, കരകുളം,ആറ്റുകാൽ,കോട്ടുകാൽ,കല്ലറ,ബാലരാമപുരം,രാജാജി നഗർ,ഫോർട്ട്,തോന്നയ്ക്കൽ,പുത്തൻതോപ്പ്,പൂന്തുറ പ്രദേശങ്ങളിലുള്ളവർ ഉറവിട നശീകരണം ഊർജ്ജിതമാക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
വില്ലനായി ഇടവിട്ടുള്ള മഴ
ജില്ലയിൽ ഇടവിട്ട് മഴ പെയ്യുന്ന സാഹചര്യത്തിൽ ഡെങ്കിപ്പനി,ചിക്കുൻഗുനിയ,സിക തുടങ്ങിയ രോഗങ്ങൾക്ക് കാരണമാകുന്ന ഈഡിസ് കൊതുകുകൾ മുട്ടയിട്ട് പെരുകാൻ സാദ്ധ്യത വർദ്ധിച്ചു. വെള്ളക്കെട്ടുകൾ,പഴയപാത്രങ്ങൾ എന്നിവയിലടക്കം കൊതുകുകൾ വർദ്ധിക്കുകയാണ്. ഡ്രൈ ഡേ ആചരണം വരും ദിവസങ്ങളിൽ കാര്യക്ഷമമായി നടപ്പാക്കാൻ തദ്ദേശ സ്ഥാപനങ്ങളോട് ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടു. വെള്ളിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ശനിയാഴ്ച തൊഴിലിടങ്ങളിലും ഞായറാഴ്ച വീടുകളിലും ഡ്രൈഡേ നിർബന്ധമായും ആചരിക്കണമെന്നാണ് നിർദ്ദേശം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |