കൊച്ചി: കേന്ദ്രസർക്കാരിന്റെ 'പി.എം സൂര്യഘർ: മുഫ്ത് ബിജ്‌ലി യോജന" പദ്ധതിക്ക് കീഴിൽ മാതൃകാ സോളാർ ഗ്രാമമാകാൻ ജില്ലയിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട എട്ട് ഗ്രാമപഞ്ചായത്തുകളിൽ മുന്നിലെത്തി കുമ്പളങ്ങി. ഇതുവരെ 216 വീടുകളിൽ സോളാർ സ്ഥാപിച്ച് 742 കിലോവാട്ട് അധിക ഉത്പാദനം കൈവരിച്ചാണ് കുമ്പളങ്ങി പഞ്ചായത്ത് ജില്ലയിൽ മുന്നിൽ എത്തിയത്. പായിപ്ര, മുളന്തുരുത്തി, ചിറ്റാറ്റുകര, കുഴുപ്പിള്ളി, ചോറ്റാനിക്കര, മണീട്, ഒക്കൽ എന്നീ പഞ്ചായത്തുകളാണ് ജില്ലയിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.
പഞ്ചായത്ത് പ്രസിഡന്റുമാരുടെയും സെക്രട്ടറിമാരുടെയും ഓൺലൈൻ യോഗത്തിൽ സംസാരിക്കെ കളക്ടർ ജി. പ്രിയങ്കയാണ് ഇക്കാര്യം പങ്കുവച്ചത്. രണ്ട് മാസത്തിനുള്ളിൽ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ കളക്ടർ പഞ്ചായത്തുകൾക്ക് നിർദ്ദേശം നൽകി. മാതൃകാ ഗ്രാമമായി തിരഞ്ഞെടുക്കപ്പെടുന്ന പഞ്ചായത്തിന് സോളാർ ഊർജ്ജപദ്ധതികൾ വിപുലീകരിക്കാൻ കേന്ദ്ര സർക്കാരിൽനിന്ന് ഒരുകോടിരൂപ ധനസഹായം ലഭിക്കും. പദ്ധതി ലക്ഷ്യം പൂർത്തീകരിക്കാൻ പഞ്ചായത്തുകൾ സ്വന്തംഫണ്ടും പ്ലാൻഫണ്ടുകളും പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ കളക്ടർ പറഞ്ഞു.
ഗുണഭോക്താക്കൾക്ക് കുറഞ്ഞ പലിശനിരക്കിൽ സോളാർ വായ്പകൾ ലഭ്യമാക്കുന്നതിന് ലീഡ് ബാങ്കുമായി സഹകരിച്ച് ലോൺമേളകൾ സംഘടിപ്പിക്കണം. വാർഡ് മെമ്പർമാർവഴി പ്രാദേശികമായി ബോധവത്കരണം നടത്തണമെന്നും വായ്പകൾ വേഗത്തിൽ അനുവദിക്കാൻ നടപടി സ്വീകരിക്കണമെന്നും കളക്ടർ പറഞ്ഞു.
ജില്ലയ്ക്ക് എട്ടാം റാങ്ക്
പദ്ധതി നടപ്പിലാക്കുന്നതിൽ രാജ്യത്ത് എട്ടാംസ്ഥാനംനേടി നേരത്തെ ജില്ല മികവ് തെളിയിച്ചിരുന്നു. 42,843 റൂഫ്‌ടോപ്പ് സോളാർ ഉപഭോക്താക്കളുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി മികച്ചരീതിയിൽ നടപ്പിലാക്കിയത്. ഇതിന് കേന്ദ്ര ന്യൂ ആൻഡ് റിന്യൂവബിൾ എനർജി മന്ത്രി പ്രഹ്ലാദ് ജോഷിയിൽ നിന്നുള്ള പുരസ്കാരം ജൂൺ നാലിന് ഡൽഹിയിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ ഏറ്റുവാങ്ങിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |