SignIn
Kerala Kaumudi Online
Thursday, 09 July 2026 1.04 AM IST

അക്രമകാരികളായ കാട്ടാനകൾ പാലപ്പിള്ളിയിൽ, എത്തിയത് ഏഴാറ്റുമുഖം ഗണപതിയുൾപ്പടെയുള്ള ആനകൾ

1

പാലപ്പിള്ളി: അതിരപ്പിള്ളി മേഖലയിൽ ഭീതി ഉയർത്തിയ കാട്ടുകൊമ്പൻ ഏഴാറ്റുമുഖം ഗണപതിയുൾപ്പടെയുള്ള അക്രമകാരികളായ കാട്ടാനകൾ പാലപ്പിള്ളി മേഖലയിൽ എത്തി. 25 ലേറെ ആനകളാണ് പാലപ്പിള്ളി തോട്ടം മേഖലകളിൽ തമ്പടിച്ചിരിക്കുന്നത്. രണ്ട് ദിവസം മുൻപാണ് ഏഴാറ്റുമുഖം ഗണപതി, മഞ്ഞകൊമ്പൻ എന്നീ വിളിപ്പേരുകളുള്ള ആനകളെ പാലപ്പിള്ളി മേഖലയിൽ നാട്ടുകാർ കണ്ടത്. കുണ്ടായി, ചക്കിപ്പറമ്പ് എന്നീ പ്രദേശങ്ങളിലിറങ്ങിയ ആനക്കൂട്ടം ജനവാസ മേഖലയിൽ എത്തി കൃഷി നശിപ്പിച്ചിരുന്നു. നാട്ടുകാരും തോട്ടം തൊഴിലാളികളും വാച്ചർമാരും ചേർന്ന് പടക്കം പൊട്ടിച്ചും, പാട്ടക്കൊട്ടിയും ആനകളെ കാടുകയറ്റാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഫലം കാണുന്നില്ല. പകൽ സമയത്ത് പോലും തോട്ടങ്ങളിലും റോഡിലും ഇറങ്ങുന്ന ആനക്കൂട്ടത്തെ ഭയന്നാണ് തൊഴിലാളികൾ ടാപ്പിംഗിനെത്തുന്നത്. കഴിഞ്ഞ ദിവസം ആനക്കൂട്ടത്തിന്റെ മുന്നിൽ അകപ്പെട്ട തൊഴിലാളികൾ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. കാട്ടാനശല്യത്തിൽ പൊറുതിമുട്ടി കഴിയുന്ന പ്രദേശത്തെ ആദിവാസികളും തൊഴിലാളി കുടുംബങ്ങളും ആക്രമകാരികളായ ആനകൾ കൂടി എത്തിയതോടെ ഭീതിയിലാണ്. കഴിഞ്ഞ മാസം അതിരപ്പിള്ളി മേഖലയിൽ കാട്ടാന ആക്രമണത്തിൽ കർഷകൻ കൊല്ലപ്പെട്ടതിനെ തുടർന്നാണ് പ്രദേശത്തെ ആനക്കൂട്ടത്തെ ആർ.ആർ.ടി സംഘം കാടുകയറ്റിയത്. കിലോമീറ്ററുകൾ താണ്ടിയാണ് ഈ ആനകൾ പാലപ്പിള്ളിയിൽ എത്തിയത്. പാലപ്പിള്ളി മേഖലയിൽ ജനവാസമേഖലയിലും റബ്ബർതോട്ടങ്ങളിലുമായി 100 ലേറെ ആനകളുണ്ടെന്നാണ് ഏകദേശ കണക്ക്. തോട്ടം തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന പാലപ്പിള്ളി മേഖലയിലെ ആനക്കൂട്ടത്തെ കാടുകയറ്റാൻ വനംവകുപ്പ് നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വാഴ ഉൾപ്പടെയുള്ള നാട്ടുകാരുടെ കൃഷി നശിപ്പിക്കുന്ന ഗണപതിക്ക് മനുഷ്യരെ ഭയമില്ലെന്നും ആരെയും ഉപദ്രവിക്കുന്ന പതിവില്ലെന്നും പറയുന്നു. ആദിവാസികൾ ഉൾപ്പടെ മൂന്ന് പേരെ കൊന്നത് മഞ്ഞ കൊമ്പനാണെന്ന് പറയുന്നു. ഏഴാറ്റു മുഖം ഗണപതിയെ ഇവിടെ ഇടയ്ക്ക് കാണാറുണ്ടന്നാണ് റെയ്ഞ്ചാഫീസർ പറഞ്ഞത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL