SignIn
Kerala Kaumudi Online
Thursday, 09 July 2026 1.52 AM IST

'തൂഫാൻ' തൂക്കി ലഹരിക്കച്ചവടം !

g

കഞ്ചാവ് കിട്ടാനുമില്ല,​ വിലയും ഏറുന്നു

കൊച്ചി: വീട്ടുസാധനങ്ങൾക്ക് വില കൂടുന്നത് പോലെയാണിപ്പോൾ കഞ്ചാവിനും സിന്തറ്റിക് ലഹരിമരുന്നുകൾക്കും വില കൂടുന്നത്. കാരണം ഓപ്പറേഷൻ തൂഫാനാണ്. പൊലീസിന്റെ തലങ്ങും വിലങ്ങുമുള്ള ലഹരിവേട്ടയിൽ ലഹരിമാഫിയയുടെ നടുവൊടിഞ്ഞു. സംസ്ഥാനത്തേക്കുള്ള കടത്തും ഇടിഞ്ഞു. ഇതോടെ സംഭരിച്ചുവച്ചിരുന്നവർ കൊള്ളലാഭത്തിനുള്ള ബിസിനസ് തന്ത്രമാക്കി ഓപ്പറേഷൻ തൂഫാനെ മാറ്റി. കഴിഞ്ഞദിവസം കഞ്ചാവുമായി ഒരാൾ പൊലീസിന്റെ വലയിലായപ്പോഴാണ് ഈ കൗതുകകരമായ 'മാഫിയാ തന്ത്രം' പൊലീസ് തിരിച്ചറിഞ്ഞത്.

ഒഡിഷയിലും പശ്ചിമബംഗാളിലും 3,000 രൂപയ്ക്ക് കിട്ടുന്ന ഒരുകിലോ കഞ്ചാവ് കടത്തിക്കൊണ്ടുവന്ന് കേരളത്തിൽ 10,000 രൂപയ്ക്ക് താഴെയായിരുന്നു വിറ്റിരുന്നത്. ഇപ്പോൾ 'പിടിക്കപ്പെടുമെന്നും വലിയ റിസ്‌കുണ്ട്, കടത്തുകൂലി കൂടി' എന്ന ന്യായം പറഞ്ഞ് ലഹരിമാഫിയ വില ഒറ്റയടിക്ക് 25,000 രൂപയ്ക്ക് മുകളിലാക്കി. സിന്തറ്റിക് മയക്കുമരുന്നായ എം.ഡി.എം.എ, ഹെറോയിൻ തുടങ്ങിയവ മുതൽ നിരോധിത പുകയില ഉത്പന്നങ്ങൾക്ക് വരെ തൂഫാന്റെ പേരിൽ വില കൂട്ടിയതായി പിടിയിലായ ഇടനിലക്കാരൻ വെളിപ്പെടുത്തി.

പുതിയ തന്ത്രങ്ങൾ കണ്ടെത്താൻ പൊലീസ്

വില കൂട്ടിയതിൽ മാത്രമല്ല, പൊലീസിനെ വെട്ടിക്കാൻ കൃത്യമായ 'കണക്കിലെ കളികളും' ഇവർ പ്രയോഗിക്കുന്നുണ്ട്. ഒരു കിലോയോ അതിൽ കൂടുതലോ കഞ്ചാവ് കൈവശം വച്ചാൽ മാത്രമേ ജാമ്യം കിട്ടാതെ ജയിലിൽ കിടക്കേണ്ടി വരൂ. അതുകൊണ്ട് സ്റ്റേഷൻ ജാമ്യം വാങ്ങി സുഖമായി പുറത്തിറങ്ങാൻ വേണ്ടി 800 മുതൽ 950 ഗ്രാം വരെയുള്ള തൂക്കത്തിൽ മാത്രമാണ് കഞ്ചാവ് പൊതികൾ വിതരണം ചെയ്യുന്നത്. നിയമത്തിന്റെ വഴി കൃത്യമായി പഠിച്ചുവച്ച ലഹരിസംഘങ്ങളെ പൂട്ടാൻ പുതിയ തന്ത്രങ്ങൾ ആലോചിക്കുകയാണ് പൊലീസ്.


547 കേസും 586 അറസ്റ്റും


ഓപ്പറേഷൻ തൂഫാൻ ആരംഭിച്ച് ഇതുവരെ ജില്ലയിൽ 547 കേസുകളിലായി 586 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 2,394 റെയിഡുകൾ നടത്തി. ഇതുവരെ 37.3 കിലോ കഞ്ചാവും അരക്കിലോയിൽ അധികം എം.ഡി.എം.എയും പിടിച്ചെടുത്തു. ഹാഷിഷ് ഓയിൽ - 1.028 കിലോ, ബ്രൗൺഷുഗർ - 309.13 ഗ്രാം, മെത്താംഫെറ്റാമിൻ - 1.93 ഗ്രാം, എൽ.എസ്.ഡി സ്റ്റാമ്പ് - 11 എണ്ണം, കഞ്ചാവ് ചെടി - 4, കഞ്ചാവ് ബീഡി - 193 എന്നിങ്ങനെയാണ് പരിശോധനയിൽ പിടിച്ചെടുത്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, TOOFAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL