SignIn
Kerala Kaumudi Online
Friday, 17 July 2026 3.31 AM IST

പൂവച്ചലിൽ പകർച്ചപ്പനി പിടിമുറുക്കുന്നു

1

കാട്ടാക്കട: മഴക്കാലം ശക്തമായതോടെ പൂവച്ചൽ ഗ്രാമപഞ്ചായത്തിൽ പകർച്ചപ്പനി പടർന്നുപിടിക്കുന്നു. രോഗബാധിതരുടെ എണ്ണം ക്രമാതീതമായി ഉയർന്നിട്ടും പഞ്ചായത്തിലെ ആരോഗ്യപ്രവർത്തനങ്ങൾ അവതാളത്തിലായ നിലയിലാണ്. കഴിഞ്ഞദിവസം ബിനു എന്ന യുവാവ് എലിപ്പനി ബാധിച്ച് മരണപ്പെട്ടിട്ടും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ അധികൃതർക്കായിട്ടില്ല. പഞ്ചായത്ത് ഭരണസമിതിക്ക് അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ പരിചയക്കുറവുണ്ടെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.

പഞ്ചായത്ത്-പൊതുമരാമത്ത് റോഡുകളുടെ ഇരുവശങ്ങളിലും കാടുകയറിയ നിലയിലായിട്ടും വൃത്തിയാക്കാൻ പഞ്ചായത്ത് നടപടി സ്വീകരിക്കുന്നില്ല. അധികൃതർ അടിയന്തരമായി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

പ്രതിരോധപ്രവർത്തനങ്ങൾ അനിശ്ചിതത്വത്തിൽ

പകർച്ചവ്യാധികൾ പടരുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ജീവനക്കാർ ഓരോ വീടുകളിലുമെത്തി പരിശോധനകളും ബോധവൽക്കരണങ്ങളും നടത്താറുണ്ടായിരുന്ന പതിവ് ഇത്തവണ മുടങ്ങി. പഞ്ചായത്തിന്റെ ഒട്ടുമിക്ക പ്രദേശങ്ങളിലും മാലിന്യനിക്ഷേപങ്ങളുമുണ്ട്. ഹോട്ടലുകളിലും ,മറ്റ് ഭക്ഷണശാലകളിലും കാര്യമായ പരിശോധനകളുമില്ല. മാർക്കറ്റുകളിൽ ഉപയോഗശൂന്യമായ പച്ചക്കറികളും മത്സ്യമാലിന്യങ്ങളും കുന്നുകൂടി ഈച്ചയും പുഴുക്കളും അരിച്ച നിലയിലാണ്. പ്ലാസ്റ്റിക് കവറുകൾ പിടികൂടാൻ നടത്തുന്ന പരിശോധനകൾ മാത്രമാണ് ഇപ്പോൾ പഞ്ചായത്തിൽ നടക്കുന്നത്.

മാലിന്യങ്ങൾ കുന്നുകൂടുന്നു

റബ്ബർ തോട്ടങ്ങളിൽ ഉപേക്ഷിക്കുന്ന ചിരട്ടകളിൽ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ കൊതുക് പെരുകുകയാണ്. ഹരിതകർമ്മസേന ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ചാക്കുകളിലാക്കി റോഡരികിലെ ഇരുമ്പ് കൂടുകളിൽ മാസങ്ങളായി കെട്ടിക്കിടക്കുകയാണ്. ഇവ നിറഞ്ഞു കവിഞ്ഞ് പുറത്തേക്ക് കിടക്കുന്നതിനാൽ പ്രദേശത്ത് ഇഴജന്തുക്കളുടെ ശല്യം രൂക്ഷമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL