SignIn
Kerala Kaumudi Online
Friday, 17 July 2026 3.31 AM IST

വ്യാജ വിൽപ്പത്രക്കേസ്: അന്വേഷണ ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരാകണമെന്ന് കോടതി

തിരുവനന്തപുരം: വ്യാജ വിൽപ്പത്രമുണ്ടാക്കി സ്വത്ത് തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥനായ വലിയതുറ എസ്.ഐ ദിനേശ്.ഡി.ഒ നേരിട്ടെത്തി വിശദീകരണം നൽകണമെന്ന് കോടതി. ശംഖുംമുഖം വലിയതോപ്പ് സ്വദേശിയും അംഗപരിമിതയുമായ സ്ത്രീ നൽകിയ പരാതി അന്വേഷിച്ച എസ്.ഐയാണ് നേരിട്ടെത്തേണ്ടത്.

വ്യാജ വിൽപ്പത്രം കൂട്ടുപ്രതിയുടെ കൈവശമായതിനാൽ അത് ഹാജരാക്കാൻ കോടതി പ്രതിയോട് നിർദ്ദേശിക്കണമെന്ന വിചിത്രമായ റിപ്പോർട്ട് പൊലീസ് നൽകിയതാണ് കോടതിയെ ചൊടിപ്പിച്ചത്. ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് അബ്ദുൾ ബാസിത്.ടി.വിയുടേതാണ് ഉത്തരവ്. വലിയതോപ്പ് സ്വദേശികളായ ജോസഫ് സാബിൻ ജോൺ,ജോസ്‌ഫൈൻ,അഭിഭാഷകൻ പ്രവീൺ വ്യാസൻ,നെടുമങ്ങാട് മുക്കോല സ്വദേശി എം.ശ്രീകുമാർ എന്നിവർക്കെതിരെ വലിയതുറ പൊലീസിൽ പരാതി നൽകിയെങ്കിലും കേസെടുത്തിരുന്നില്ല.

ഇതിനെതിരെ പരാതിക്കാരി കോടതിയെ സമീപിച്ചു. തുടർന്ന് കോടതി നിർദ്ദേശപ്രകാരം വ്യാജരേഖ,വഞ്ചന,കുറ്റകരമായ ഗൂഢാലോചന,ആൾമാറാട്ടം വകുപ്പുകൾ ചുമത്തി കേസെടുക്കുകയായിരുന്നു. ഒരു വർഷമായിട്ടും അന്വേഷണത്തിൽ പുരോഗതിയില്ലെന്നും കോടതി നിരീക്ഷണം വേണമെന്നും ആവശ്യപ്പെട്ട് പരാതിക്കാരി കോടതിയെ സമീപിച്ചു. ഇതിന് എസ്.ഐ ദിനേശ് ഡി.ഒ നൽകിയ വിശദീകരണത്തിലാണ് പ്രതിയോട് വ്യാജവിൽപ്പത്രം ഹാജരാക്കാൻ കോടതി നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ടത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL