SignIn
Kerala Kaumudi Online
Tuesday, 28 July 2026 7.41 AM IST

മൃഗശാലയിലെ കടുവയ്ക്ക് കാൻസർ; കീമോതെറാപ്പി തുടങ്ങി

തിരുവനന്തപുരം: മൃഗശാലയിലെ പെൺ ബംഗാൾ കടുവ 'ബബിത"യ്ക്ക് കാൻസർ സ്ഥിരീകരിച്ചു. രോഗം മൂർച്ഛിച്ചതോടെ കടുവയ്ക്ക് കീമോതെറാപ്പി നൽകിത്തുടങ്ങി. ആന്തരികാവയവങ്ങളെ പൊതിഞ്ഞിരിക്കുന്ന മീസോത്തീലിയൽ സ്തരത്തെ ബാധിക്കുന്ന 'അഡിനോ കാർസിനോമ" എന്ന അപൂർവവും മാരകവുമായ കാൻസറാണ് ബബിതയ്ക്ക്.

സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനിലെ ജനവാസമേഖലയിൽ നിന്ന് 2024 മാർച്ചിലാണ് വനം വകുപ്പ് ഈ പെൺകടുവയെ പിടികൂടുന്നത്. പുനരധിവാസത്തിനായി തിരുവനന്തപുരം മൃഗശാലയിലേക്ക് മാറ്റി. മാസങ്ങൾക്ക് മുമ്പ് വയറിൽ കടുത്ത നീർക്കെട്ടും വിശപ്പില്ലായ്മയും കണ്ടതിനെ തുടർന്നാണ് മൃഗശാല വെറ്ററിനറി സർജൻ ഡോ. നികേഷ് കിരണിന്റെ നേതൃത്വത്തിൽ വിശദമായ പരിശോധന നടത്തിയത്. തുടർന്ന് വിദഗ്ദ്ധ ഡോക്ടർമാരുടെ സംഘം രോഗാവസ്ഥ സ്ഥിരീകരിച്ചു. ചികിത്സാമാർഗങ്ങൾ ലഭ്യമല്ലാത്തതിനാൽ പാലിയേറ്റീവ് കെയർ നൽകി വരികയായിരുന്നു.

കഴിഞ്ഞ ദിവസം ആരോഗ്യനില കൂടുതൽ വഷളായതോടെയാണ് വിദഗ്ദ്ധ സംഘത്തിന്റെ നിർദേശപ്രകാരം കീമോതെറാപ്പി തുടങ്ങിയത്.
ശരീരത്തിൽ പടർന്നുപിടിക്കുന്ന രീതിയിലുള്ള കാൻസറായതിനാൽ ശസ്ത്രക്രിയ വഴി ഇത് നീക്കം ചെയ്യാൻ സാധിക്കില്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കി. അമേരിക്കയിലെ നോർത്ത് കരോലിന സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ പൂച്ചകളിൽ സമാനമായ കാൻസർ ബാധിച്ചപ്പോൾ കീമോതെറാപ്പിയിലൂടെ നാല് മാസത്തോളം ആയുസ് ദീർഘിപ്പിക്കാൻ സാധിച്ചിരുന്നു. ഈ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് ബബിതയ്ക്കും കീമോതെറാപ്പി നൽകാൻ തീരുമാനിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL